പറഞ്ഞറിഞ്ഞും വായിച്ചറിഞ്ഞും കേട്ടറിഞ്ഞും കഴിഞ്ഞ് കണ്ടറിയുന്ന കാലത്തേക്കു വാര്‍ത്താവിതരണം എത്തി നില്ക്കുന്നു. പറഞ്ഞറിഞ്ഞ കാലത്ത് ഛര്‍ദ്ദിച്ചത് കറുത്തിരിക്കുന്നതു പല നാവു കൈമാറി കാക്കയെ ഛര്‍ദ്ദിച്ചെന്നും തുടര്‍ന്ന് മൂന്നു കാക്കയെ ഛര്‍ദ്ദിച്ചെന്നും വരെ സത്യം അതിശയോക്തിക്കു വഴിമാറിയ കഥ നാം എന്നേ കേട്ടിരിക്കുന്നു. വാര്‍ത്താവിതരണസംവിധാനം അച്ചടിയിലും റേഡിയോയിലും ഇന്നിപ്പോള്‍ ടിവിയിലും എത്തി നില്‍ക്കുമ്പോഴും പണ്ടത്തെ കാക്കകഥയ്ക്കു പ്രസക്തി നിലനില്‍ക്കുന്നുണ്ട്, സത്യത്തെ വളച്ചൊടിക്കുന്നതില്‍ നമുക്ക് മടിയില്ലെങ്കില്‍!
മൂന്നു രാഷ്ട്രീയ പാര്‍ട്ടികളുമായി ചായ്വുള്ള മൂന്നുപത്രങ്ങള് അടുത്തടുത്ത് വച്ചു. ഒരേ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച ഒരാള്‍ ചോദിച്ചതോര്‍ക്കുന്നു. ഇതിലേതാണ് സത്യം? മറുപടി: ഓരോ പത്രത്തിനും അവരുടേതായ സത്യം. ഇതില്‍ നിന്നു ശരിയായ സത്യം കണ്ടെത്തേണ്ടത് നിങ്ങള്‍ വായനക്കാരന് തന്നെ. കേട്ടറിയുന്ന റേഡിയോയിലേക്കു വരുമ്പോഴും ഈ പ്രശ്നം നിലനില്ക്കുന്നു. എന്നാല്‍ ദൃശ്യാടിസ്ഥാനത്തിലുള്ള ഇലക്ട്രോണിക്ക് മീഡിയ- ടിവിയിലേക്കു വരുമ്പോള്‍ ദൃശ്യം മറയ്ക്കാനാവില്ല എന്നു പറഞ്ഞു നമുക്ക് തടിതപ്പാമെങ്കിലും അതിനപ്പുറത്തുമുണ്ട് ശ്രദ്ധേയമായ വിചിന്തനാര്‍ഹമായ പ്രശ്നങ്ങള്‍.
ടി. വി ക്യാമറയ്ക്കു മുന്നില്‍ ദൃശ്യങ്ങള്‍ മറയ്ക്കാനാവില്ലെങ്കിലും, ദൃശ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യേണ്ടവയുടെ തിരഞ്ഞെടുപ്പിനു പിന്നില്‍ റിപ്പോര്‍ട്ടറുടെ വിവേചനബുദ്ധിയുടെയും ടി. വി. ഉടമയുടെ നയസമീപനങ്ങളുടെയും പ്രശ്നമുണ്ടെന്നതു സത്യമാണ്. ഇതോടൊപ്പം റിപ്പോര്‍ട്ടര്‍ സംഭവത്തിനു നല്കുന്ന വ്യാഖ്യാനങ്ങളുടെ പ്രശ്നങ്ങളുമുണ്ട്.
കേരളത്തിലെ ഒരു ടിവി സ്ഥാപനത്തിലെ എന്റെ ഒരു സുഹൃത്തായിരുന്ന ന്യൂസ് എഡിറ്ററോട് ഞാന്‍ ഒരു ബ്രേക്കിംഗ് ന്യൂസിലെ ദൃശ്യങ്ങളുടെ തിരഞ്ഞെടുപ്പും റിപ്പോര്‍ട്ടറുടെ ഭാഷ്യവും സംബന്ധിച്ചു സംസാരിച്ചു. ന്യൂസ് എഡിറ്റര്‍ക്ക് റിപ്പോര്ട്ടിന്മേല് ഒരു നിയന്ത്രണവുമില്ലേ? അദ്ദേഹം പറഞ്ഞു: ഇല്ല, റിപ്പോര്‍ട്ടര്‍ സംഭവസ്ഥലത്തു നിന്നു നേരിട്ടു പ്രക്ഷേപണം ചെയ്യുകയാണ്. അതുനേരെ ദൃശ്യത്തി ലേക്കു പോകുന്നു, നിങ്ങള്‍ക്കു നിങ്ങളുടെ ടിവിയില്‍ കാണാനാകുന്നു.
അച്ചടി മാധ്യമത്തിലും റേഡിയോയിലും റിപ്പോര്‍ട്ടര്‍ക്കും വായനക്കാരനും കേള്വിക്കാരനുമിടയില് ന്യൂസ് എഡിറ്ററുടെ കത്രികയുണ്ട്. നിയന്ത്രണമെന്നും പറയാം. പക്ഷേ ടിവിയില്‍ അതില്ല എന്നാണ് എന്റെ സ്നേഹിതന് ന്യൂസ് എഡിറ്റര്‍ പറഞ്ഞതില്‍ നിന്നു മനസ്സിലാകുന്നത്. എങ്കില്‍ വിവേചനത്തിന്റെയും സത്യസന്ധതയുടെയും പ്രശ്നം റിപ്പോര്‍ട്ടറുടെ തലയില്‍ തന്നെ. പക്ഷെ അയാള്‍ സ്വതന്ത്രനാണോ? അല്ലെന്നതാണ് നമ്മുടെ ഇന്ത്യന്‍ യാഥാര്‍ഥ്യം. അപ്പോള്‍ പിന്നെയും നാം മുമ്പുപറഞ്ഞയിടത്തു തന്നെ എത്തിച്ചേരുന്നു. ടിവിയുടമ പത്രമുടമയെപ്പോലെ സ്വകാര്യവ്യക്തിയും, വ്യവസായിയും രാഷ്ട്രീയ സാമുദായിക താല്പര്യങ്ങള്ക്കു വിധേയനുമാണെങ്കില്, ടിവിവരിക്കാരനു കിട്ടുന്ന വാര്‍ത്തയിലും ടിവിയുടമയുടെ നയത്തിന്റെ സ്വാധീനമുണ്ട്.
ഈ നയത്തിനപ്പുറം യാഥാര്‍ഥ്യത്തിനു മോചനം നല്കാന് എന്താണു മാര്‍ഗ്ഗം? മാധ്യമ ബന്ധമുള്ള പലരും ഓര്‍ക്കുന്നുണ്ടാവും, പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ക്രിസ്റ്റ്യന്കീലര്-പ്രൊഫ്യൂമോ സംഭവം. ലോകമെങ്ങുമുള്ള അച്ചടിമാധ്യമം ആഘോഷിച്ച വാര്‍ത്ത. അന്നു വ്യക്തികളുടെ സ്വകാര്യതയും പത്രസ്വാതന്ത്ര്യവും ബ്രിട്ടണില്‍ ഒരു പ്രശ്നമായി ഉയര്‍ന്നു. അന്തിമവിധി പത്രങ്ങള്ക്കനുകൂലമായിരുന്നു എന്നാണെന്റെ ഓര്മ. കാരണം, പ്രൊഫ്യൂമോ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു. അതിനാല്‍ ഈ സംഭവത്തില്‍ രാജ്യത്തിന്റെ സുരക്ഷിത പ്രശ്നം കടന്നു വന്നിരുന്നു എന്നതാണ്.
ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ മരണത്തില്‍ കലാശിച്ച അപകടം സംബന്ധിച്ചും മാധ്യമങ്ങളുടെമേല്‍ ഒരാരോപണമുണ്ടായി. പത്രറിപ്പോര്‍ട്ടര്‍മാരുടെ ക്യാമറക്കണ്ണുകളില്‍ രക്ഷപെടാനുള്ള അമിതവേഗമാണ് കാറപകടത്തില്‍ കലാശിച്ചതെന്നതായിരുന്നു ഒരു വ്യാഖ്യാനം. അതെത്രമാത്രം ശരിയാണെങ്കിലും തെറ്റായാലും അവിടെയും വാര്‍ത്തയും വ്യക്തിയുടെ സ്വകാര്യതയുമായുള്ള പ്രശ്നം പ്രസക്തമായിവന്നു.
ജര്‍മന്‍ ടാബ്ലോയ്ഡുകള്‍ വ്യക്തികള്‍ക്കു അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധപ്പെടുത്താറില്ലെന്നു ജര്‍മനിയിലെ യാത്രക്കിടയില്‍ കണ്ടുമുട്ടിയ ഒരു പത്രലേഖകന് പറഞ്ഞതോര്‍ക്കുന്നു. എങ്കിലും ജര്‍മന്‍ ചാന്‍സലര്‍ ഷ്യോഡര് തന്റെ വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ടു ഗോസിപ്പുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ കോടതിയില്‍ നിന്നു നിരോധനാജ്ഞ വാങ്ങിയത്രേ. ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍-ന് ഒരു മിസ്ട്രസ് ഉണ്ടായിരുന്നു. ഒരു ജര്മന്പത്രവും അതേക്കുറിച്ചു ഒരു വാര്‍ത്തയും പ്രസിദ്ധപ്പെടുത്തിയില്ല. കാരണം ജര്‍മന്‍കാര്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകളില്‍ വാര്ത്തക്കുറവുണ്ടെന്നതാണു അദ്ദേഹം പറഞ്ഞത്.
ഇവിടെ വ്യക്തിയുടെ സ്വകാര്യതയും അതില്കടന്നു കയറാനും പ്രസിദ്ധപ്പെടുത്താനുമുള്ള വാര്‍ത്താവിതരണ സംവിധാനത്തിന്റെ അവകാശവും ചര്‍ച്ചചെയ്യപ്പെടുന്നു. ഈ പ്രശ്നത്തില്‍ അന്തിമ വാക്ക് എന്ത്? ആരുടെ എന്ന പ്രശ്നമുദിക്കുന്നു. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്ന കട്ജു ഈ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍, മാധ്യമങ്ങളുടെമേല്‍ കര്‍ശന നിയമങ്ങള്കൊണ്ടുവരുന്നത്, ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാവും, അതുകൊണ്ട് മാധ്യമങ്ങള്‍ സ്വന്തമായ വിവേചനബോധാധിഷ്ഠിത നിയന്ത്രണം പാലിക്കുന്നതാണു പ്രായോഗികവും ഉത്തമവുമെന്ന നിഗമനത്തിലാണ് ചീഫ് ജസ്റ്റീസ് കട്ജു തുറന്നുവിട്ട ചര്‍ച്ച എത്തിനിന്നത് എന്നോര്‍ക്കുന്നു.
പക്ഷെ ഈ സ്വയം നിയന്ത്രണം മൂക്കുകയര്പൊട്ടിക്കുന്ന സാഹചര്യം നിലവിലില്ലേ? അച്ചടിമാധ്യമങ്ങള്‍ പോലെ ടിവിയും വ്യവസായസ്ഥാപനമാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും അടിസ്ഥാനപ്രമാണം ലാഭത്തിലും നിലനില്പിലുമധിഷ്ഠിതമാണ്. സെന്‍സേഷണല്‍ വാര്‍ത്തകളിലാണ് വായനക്കാരനും ടിവി പ്രേക്ഷകനും കമ്പം എന്നിരിക്കെ, അത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനുമുള്ള താല്പര്യം കൂടുമെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യവും മാധ്യമങ്ങളുടെ ആവശ്യവുമായി പ്രസക്തമാകുന്നു.
ഇതോടടുത്തുനില്ക്കുന്നു മാധ്യമങ്ങള്‍ക്കിടയിലെ മത്സരം. സെന്‍സേഷണലായ വാര്‍ത്ത എത്രയും വേഗം, ആദ്യമായിത്തന്നെ വായനക്കാരന്റെയോ പ്രേക്ഷകന്റേയോപക്കലെത്തിക്കുക എന്നതാണ് മത്സരത്തിനു വീര്യം കൂട്ടുന്നഘടകം. ടിവിയുടെ വേഗസാധ്യത, അതായത് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകനുമുന്നില്‍ എത്തിക്കാനുള്ള ഇലക്ട്രോണിക് സംവിധാനത്തിന്റെ മേന്മയും കഴിവും ഏറ്റവുമധികം ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കാനും അതു പ്രക്ഷേപണം ചെയ്യാനുമുള്ള ആവശ്യകത ഒരു വെല്ലുവിളിയായി ടിവി റിപ്പോര്‍ട്ടറുടെ മുന്നിലെത്തുന്നു.
പക്ഷെ ഇവിടെ സത്യസന്ധതയ്ക്കും വിവേചന ബുദ്ധിക്കും സ്ഥാനമില്ലെന്നു പറയാനാവുമോ?
ഈ പ്രശ്നത്തില്‍ ഞാന്‍ ചീഫ് ജസ്റ്റീസ് കട്ജുവിന്റെ വാക്കുകള്‍ക്കൊപ്പം നില്‍ക്കുകയാണ്. നമ്മുടെ സ്വയം നിയന്ത്രണം ആവശ്യമാണ്. രാജ്യത്തിന്റെ സുരക്ഷ, സമൂഹത്തിന്റെ സാംസ്കാരികവും സദാചാരപരവുമായ ഈ നിലനില്പ് - ഈ നിലനില്പില് ജാതി-വര്ഗവൈരങ്ങളെയും വ്യക്തിഹത്യാപരമായ പ്രചോനങ്ങളെയും അകറ്റിനിര്‍ത്താനുള്ള ധാര്‍മികബോധം എന്ന ആത്യന്തികമായ ഘടകത്തിലൂന്നിയാവണം -മാനദണ്ഡങ്ങളായി സംരക്ഷിക്കപ്പെടണം. അല്ലെങ്കില്‍, നാം നാസിസത്തിന്റെയോ അതുപോലുള്ള മനുഷ്യത്വരഹിതമായ പ്രാകൃതസംസ്കാരത്തിലേക്കോ നമ്മുടെ രാജ്യവും ജനങ്ങളും വഴുതിപ്പോകുമെന്ന്, ഇക്കാര്യത്തില്‍ ഗൗരവപൂര്‍വ്വം ചിന്തിക്കുന്നവരുടെ വാക്കുകള്‍ എന്റെ മനസ്സിലും പ്രതിദ്ധ്വനിക്കുന്നു.