ജേണലിസം മരിക്കില്ല, അതിന് മഹത്തായ ഭാവിയുണ്ട്്

Author: 

ജെറാഡ് ബേക്കര്‍

സ്പീജല്‍: മിസ്റ്റര്‍ ബേക്കര്‍, അങ്ങേയ്ക്ക് ചെറുപ്പക്കാരികളായ അഞ്ച് പെണ്‍മക്കളുണ്ട്. അവരോട് ജീവിതത്തില്‍ ജേണലിസം സ്വീകരിക്കാന്‍ ഉപദേശിക്കുമോ?
ബേക്കര്‍: ഉവ്വ്, ഞാന്‍ ഉപദേശിക്കും. ഇതിലും മഹത്തായ നിയോഗമുള്ള വേറെ ജോലികള്‍ ഏറെയില്ല. ജേണലിസത്തിന് മഹത്തായ ഭാവിയുണ്ട്, സമൂഹത്തില്‍ അവിശ്വസനീയമായ മൂല്യമുണ്ട്. 
സ്പീജല്‍: പത്രങ്ങളുടെ പ്രചാരവും പരസ്യവരുമാനവും വര്‍ഷങ്ങളായി ശോഷിച്ചുവരികയാണ്, പ്രത്യേകിച്ചും അമേരിക്കയില്‍. ശതകോടീശ്വരന്മാര്‍ക്ക് മാത്രമേ ഇക്കാലത്ത് ന്യൂസ്‌പേപ്പര്‍ വ്യവസായത്തില്‍ താല്‍പര്യമുള്ളു: ആമസോണിന്റെ ജെഫ് ബെസോസ് വാഷിങ്ടണ്‍ പോസ്റ്റ് വാങ്ങിച്ചു, നിക്ഷേപകനായ ജോണ്‍ ഹെന്‍ട്രി ബോസ്റ്റണ്‍ ഗ്ലോബ് വിലക്കെടുത്തു, വാറന്‍ ബുഫെറ്റാണെങ്കില്‍ പ്രാദേശിക പത്രങ്ങള്‍ ഡസന്‍കണക്കിലാണ് വാങ്ങിക്കൂട്ടുന്നത്.
ബേക്കര്‍: ജേണലിസം മരിക്കുന്ന ബിസിനസ്സല്ലെന്ന് അവരുടെ നിക്ഷേപങ്ങള്‍ തന്നെ തെളിയിക്കുന്നു. വാര്‍ത്തയില്‍ മൂല്യമുണ്ടെന്നും ഭാവി ഡിജിറ്റല്‍ ആണെന്നും അവര്‍ തിരിച്ചറിയുന്നു. ഒരു ദിനപത്രവും അച്ചടിയില്‍ നിന്ന് ഡിജിറ്റലിലേക്ക് അതേരീതിയില്‍ അതിജീവിക്കില്ല. ചിലത് അതിജീവിക്കുകയേ ഇല്ല. അതിന്റെ അര്‍ത്ഥം ജേണലിസം തന്നെ നശിക്കും എന്നല്ല. നേരെമറിച്ച് ആശ്രയിക്കാവുന്ന വിവരങ്ങള്‍ക്ക് ഇന്നത്തെപ്പോലെ ഡിമാന്‍ഡ് മുമ്പെന്നുമുണ്ടായിട്ടില്ല. അവിടെ പണമുണ്ടാക്കാന്‍ അവസരമുണ്ടെന്ന് ഇന്റര്‍നെറ്റ് അഗ്രഗാമിയായ ജെഫ് ബീസോസ് വിശ്വസിക്കുന്നതില്‍ കാര്യമുണ്ട്.
സ്പീജല്‍: ഈ പുതിയ മാധ്യമപ്രഭുക്കന്മാര്‍ ട്രോഫികള്‍ക്കുവേണ്ടിയോ അല്‍പം സ്വാധീനത്തിനുവേണ്ടിയോ മെച്ചപ്പെട്ട പ്രതിഛായ ഉണ്ടാക്കാനോ അല്ല ശ്രമിക്കുന്നതെന്ന് ഉറപ്പുണ്ടോ?
ബേക്കര്‍: ബെസോസിന്റെയോ ബഫ്റ്റിന്റെയോ ഉദ്ദേശലക്ഷ്യങ്ങള്‍ തീര്‍ച്ചയായും എനിക്കറിയില്ല. പക്ഷേ അവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്, അവര്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യുന്നു. പൊങ്ങച്ചത്തിനുവേണ്ടിയോ സാമ്പത്തികേതര സന്തോഷങ്ങള്‍ക്ക് വേണ്ടിയോ അല്ല അവരിത് ചെയ്യുന്നത്. 
സ്പീജല്‍: ഏഴ് വര്‍ഷം മുമ്പെ ബാങ്ക്രോഫ്റ്റ് കുടുംബത്തില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വിലയ്ക്ക് വാങ്ങിയ റൂപ്പര്‍ട് മര്‍ഡക്കില്‍ നിന്ന് എങ്ങനെയാണ് പുതുതലമുറ പത്രഉടമകള്‍ വ്യത്യസ്തരാകുന്നത്?
ബേക്കര്‍: അത് ലളിതമാണ്. 60 വര്‍ഷത്തിലേറെക്കാലമായി മര്‍ഡക്ക് ജേണലിസത്തില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നുണ്ട്, അത് ഒരു വര്‍ഷം മാത്രമല്ല. പോരെങ്കില്‍ അദ്ദേഹത്തിന് ബിസിനസ്സില്‍ വിജയത്തിന്റെ ട്രാക്ക് റെക്കോര്‍ഡുണ്ട്. അത് നിരന്തരമായ കമ്മിറ്റ്‌മെന്റാണ്.
സ്പീജല്‍: കമ്പനിയുടെ സ്ട്രാറ്റജിയുമായി ഒത്തുപോകുന്നില്ല എന്ന പേരില്‍ അദ്ദേഹം 33 പ്രാദേശികപത്രങ്ങള്‍ വിറ്റു. വാള്‍സ്ട്രീറ്റ് ജേണല്‍ എത്രകാലം ന്യൂസ് കോര്‍പിന്റെ സ്ട്രാറ്റജിയുമായി ഒത്തുപോകും? എന്തൊക്കെ പറഞ്ഞാലും മര്‍ഡക്ക് ഇതിനകം തന്നെ കൂടുതല്‍ ലാഭകരമായ ടിവി, ഫിലിം ബിസിനസ്സുകള്‍ ഇതില്‍ നിന്ന് വേര്‍പെടുത്തിക്കഴിഞ്ഞു.
ബേക്കര്‍: വാള്‍സ്ട്രീറ്റ് ജേണലും ഡൗ ജോണ്‍സും കമ്പനിയുടെ കേന്ദ്രസ്ഥാപനങ്ങളാണെന്ന് മര്‍ഡക്ക് തന്നെ പരസ്യമായി പലവട്ടം പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വൈപുല്യവും ആഗോളപ്രാപ്തിയും കൊണ്ട് ഞങ്ങളാണ് ഈ 900 കോടി ഡോളര്‍ കമ്പനിയുടെ നട്ടെല്ല് എന്ന് ഞാന്‍ പറയും.
സ്പീജല്‍: റുപ്പര്‍ട് മര്‍ഡക്ക് എങ്ങനെയാണ് വാള്‍സ്ട്രീറ്റ് ജേണലിനെ മാറ്റിയത്?
ബേക്കര്‍: ഞങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ട വാര്‍ത്താപത്രമാണ്. ഞങ്ങളുടെ പ്രാപ്തി വികസിപ്പിച്ചു, ഞങ്ങള്‍ രാഷ്ട്രീയവും സ്‌പോര്‍ട്‌സും വിനോദവും ഫാഷനും സാംസ്‌കാരികവാര്‍ത്തകളും കവര്‍ ചെയ്യുന്നത് കൂടി ഉള്‍പ്പെടുത്തി. പുതിയ വിഭാഗങ്ങളും ഒരു മാഗസിനും ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസ്, ധനകാര്യ മേഖലകളിലെ ഞങ്ങളുടെ കേന്ദ്രശക്തി നിലനിര്‍ത്തിക്കൊണ്ടാണിത്. വരിക്കാരുടെ അടിത്തറ വളരുകയാണ്. ഒപ്പം തന്നെ ഞങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകൃതമായി, കൂടുതല്‍ സമീപസ്ഥമായി, ഞങ്ങള്‍ ഞങ്ങളുടെ സ്റ്റോറികളെ കൂടുതല്‍ ജീവനുള്ളതും പ്രാപ്യവുമാക്കി മാറ്റി. ജേണലില്‍ പണ്ട് പതിവായിരുന്ന സുദീര്‍ഘലേഖനങ്ങളുടെ എണ്ണം കുറച്ചു. 
സ്പീജല്‍: അതുകൊണ്ടാണ് മര്‍ഡക്ക് ഏറ്റെടുത്തശേഷം ജേണലിന് വെറും രണ്ട് പുലിറ്റ്‌സര്‍ പ്രൈസുകള്‍ മാത്രം കിട്ടാന്‍ കാരണം എന്ന് വിമര്‍ശകര്‍ പറയും.
ബേക്കര്‍: ജേണലിന്റെ വിജയം പുലിറ്റ്‌സര്‍ പ്രൈസുകളുടെ എണ്ണം വെച്ച് അളക്കാന്‍ ഞാന്‍ തയ്യാറല്ല. ഞങ്ങളുടെ ജേണലിസത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് അതൊന്നും പറയുന്നില്ല.
സ്പീജല്‍: ജെഫ് ബെസോസ് വന്നതോടെ വാഷിങ്ടണ്‍ പോസ്റ്റിന്റെ സാമ്പത്തികശേഷി വര്‍ദ്ധിച്ചു. അത് നിങ്ങള്‍ക്ക് പരിഭ്രമം ഉണ്ടാക്കുന്നുണ്ടോ?
ബേക്കര്‍: ഇല്ല, ബെസോസിനെ പോലുള്ള വിജയികളായ ഡിജിറ്റല്‍ അഗ്രഗാമികള്‍ ജേണലിസത്തില്‍ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്നത് ഞങ്ങള്‍ക്ക് നല്ലതാണ്. ന്യൂസ് പേപ്പര്‍ ബിസിനസ്സിന് ഭാവിയില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളിയ നിക്ഷേപകസമൂഹത്തിലുള്ളവരെ പത്രങ്ങളില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്ന് വിശ്വസിപ്പിക്കുമായിരിക്കും. ഞങ്ങളെല്ലാവരും ഇക്കാര്യത്തില്‍ ബെസോസിനോട് നന്ദി പറയേണ്ടതാണ്. ഇത് ഒരു പഴങ്കഞ്ഞിപ്രയോഗമാണെന്ന് തോന്നുമെങ്കിലും, കോംപറ്റീഷന്‍ നല്ലതാണ്, അത് ഞങ്ങളെ സജ്ജരാക്കി നിര്‍ത്തും, റിപ്പോര്‍ട്ടര്‍മാരെ തീവ്രമോഹങ്ങളുള്ളവരാക്കി മാറ്റും.
സ്പീജല്‍: ബിസിനസ് ഇന്‍സൈഡര്‍, പൊളിറ്റിക്കോ, ദ ഇന്റര്‍സെപ്റ്റ് പോലുള്ള പ്രസിദ്ധീകരണങ്ങള്‍ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ബ്രേക്ക് ചെയ്യുന്നു, ഒരു മസ്റ്റ്-റീഡ് പത്രം എന്ന നിലയില്‍ ജോണലിനുണ്ടായിരുന്ന സ്ഥാനം നിലനിര്‍ത്താന്‍ ഇപ്പോള്‍ പ്രയാസമാവുന്നുണ്ടോ? 
ബേക്കര്‍: അവരില്‍ ചിലര്‍ നല്ല സ്റ്റോറികളാണ് പ്രസിദ്ധീകരിക്കുന്നത്. പക്ഷേ, നിത്യവും നിമിഷംതോറും ജേണലില്‍ പ്രത്യക്ഷപ്പെടുന്ന സ്റ്റോറികളുടെ ഗുണനിലവാരം ഞാനിത് വരെ അവരില്‍ ആരിലും കണ്ടിട്ടില്ല. അവരില്‍ ചിലര്‍ക്ക് നല്ല ട്രാഫിക്കുമുണ്ട്, പക്ഷേ, നിത്യവും ജേണല്‍ പ്രിന്റിലും പത്രരൂപത്തിലും വായിക്കാന്‍ പണം മുടക്കുന്ന 20 ലക്ഷത്തിലേറെ വായനക്കാരുണ്ട്. ഇത്തരം പ്രേക്ഷകര്‍ക്കു വേണ്ടിയാണ് പരസ്യക്കാര്‍ പണം മുടക്കുന്നത്. 
സ്പീജല്‍: കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ പത്രങ്ങള്‍ക്ക് 50 ശതമാനത്തിലേറെ പരസ്യവരുമാനം നഷ്ടമായി. പരസ്യക്കാര്‍ക്കാണെങ്കില്‍ അവകാശബോധം കൂടുകയും ചെയ്തു. ഏറ്റവും പുതിയ ട്രെന്‍ഡിന്റെ പേര് 'നേറ്റീവ് അഡ്വര്‍ടൈസിങ്ങ്' എന്നാണ് - പത്രവാര്‍ത്തകളെ പോലെയിരിക്കുന്ന പരസ്യങ്ങള്‍. ആറ് മാസം മുമ്പെ നിങ്ങളിതിനെ പരിഹസിച്ചു. പക്ഷേ, ഇപ്പോള്‍ ജേണലും പരസ്യക്കാര്‍ക്ക് നല്‍കുന്നത് ഇതുതന്നെയാണ്. എന്തിനാണ് നിങ്ങളും ചെയ്യുന്നത്?
ബേക്കര്‍: അതില്‍ ആപത്സാധ്യതയുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പുതിയ വരുമാനങ്ങള്‍ക്കായുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ പരസ്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഇടയിലെ അതിരുകള്‍ മാഞ്ഞുപോകുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഞങ്ങളത് ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വിശ്വാസ്യതയും വായനക്കാരും നഷ്ടമാകും.
സ്പീജല്‍: പക്ഷേ 'നേറ്റീവ് അഡ്വര്‍ടൈസിങ്ങ്' എന്നതുതന്നെ അതിരുകള്‍ മായ്ക്കുന്നതില്‍ അധിഷ്ടിതമാണ്. അതൊരു വഴുക്കുന്ന ചെരിവുപ്രദേശമാണെന്ന് നിങ്ങള്‍ക്ക് ആശങ്ക തോന്നുന്നില്ലേ?
ബേക്കര്‍: ഇല്ല, അത് പരസ്യമാണോ ജേണല്‍ നല്‍കുന്ന വിവരമാണോ എന്ന് വായനക്കാര്‍ക്ക് ആശങ്കയില്ലാത്തിടത്തോളം കാലം. കൃത്യമായും അങ്ങനെയാണ് ഞങ്ങളത് കൈകാര്യം ചെയ്യുന്നത്. ആ വേര്‍തിരിവില്‍ ഞങ്ങള്‍ മങ്ങലുണ്ടാക്കുന്നു എന്ന് ആര്‍ക്കെങ്കിലും വാദിക്കാമെന്നും ഞാന്‍ കരുതുന്നില്ല. 
സ്പീജല്‍: ഭൂമികുലുക്കത്തെ പറ്റി ഒരു യന്ത്രമനുഷ്യന്‍ ആദ്യമായി വാര്‍ത്തയെഴുതി എന്ന നിലയില്‍ ലോസ് ആഞ്ജലീസ് ടൈംസ് ഈയിടെ വാര്‍ത്ത സൃഷ്ടിച്ചു. ബിസിനസ് റിപ്പോര്‍ട്ടിങ്ങില്‍ റോബോ-ജേണലിസത്തിന് വല്ല സാധ്യതയുമുണ്ടോ?
ബേക്കര്‍: മനുഷ്യന്റെ ബുദ്ധിയേക്കാള്‍ കൃത്രിമബുദ്ധിക്ക് ബുദ്ധിയുണ്ടാകും എന്ന് പല ശാസ്ത്രജ്ഞന്‍മാരും എത്രയോ കാലമായി പ്രവചിക്കുന്നുണ്ട്. അത് കൗതുകകരമായ ഒരു ആശയമാണ്. എല്ലാ കാര്യങ്ങളും സാധ്യമാക്കുന്ന വേഗത്തില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുരോഗമിക്കുന്നുണ്ട്. പതിവ് വിവരങ്ങള്‍ പലതും റോബോട്ടിക് ആയി വിനിമയം ചെയ്യാവുന്നതേയുള്ളു. പക്ഷേ, സമീപഭാവിയിലൊന്നും ഒരു മനുഷ്യജീവിയുടെ വിധിയെഴുത്തിനും വിവരത്തിനും പകരം വെക്കാവുന്ന ഒന്നും ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.