ജയിംസ് അഗസ്റ്റസ് ഹിക്കി: ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്

Author: 

ജി.പ്രിയദര്‍ശനന്‍

ബ്രിട്ടിഷ് ഇന്ത്യന്‍ ഭരണ സിരാകേന്ദ്രമായിരുന്ന കല്‍ക്കത്താപട്ടണമാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലം. ഈ മെട്രൊ നഗരത്തിലാണ് ഇന്ത്യയിലെ ഒന്നാമത്തെ പത്രമായ 'Hicky's Bengal Gaze-tte or Calcutta General Advertiser’ എന്ന പ്രതിവാര ഇംഗ്ലീഷ് പത്രം പിറന്നു വീണത്.  1780 ജനുവരി 29നായിരുന്നു ആ മഹനീയ സംഭവം. ജയിംസ് അഗസ്റ്റസ്ഹിക്കി  (1740-1802) ആയിരുന്നു അതിന്റെ എഡിറ്ററും പ്രിന്ററും പബ്ലിഷറും. കല്‍ക്കത്തയിലെ ഇംഗ്ലീഷുകാര്‍ക്കു വേണ്ടി ആരംഭിച്ചതാണെങ്കിലും ഫോര്‍ത്ത് എസ്റ്റേറ്റിനോടുള്ള ആദ്യകാല ബ്രിട്ടിഷ് ഭരണകര്‍ത്താക്കളുടെ സമീപനം ആശാസ്യമായിരുന്നില്ല. ഒരു സ്വകാര്യ സംരംഭമായിരുന്നെങ്കിലും പാദസേവകരായിരുന്ന പത്രമുടമസ്ഥന്‍ന്മാര്‍ക്കും പത്രാധിപന്മാര്‍ക്കും മാത്രമെ വിജയകിരീടമണിയാന്‍ കഴിഞ്ഞിരുന്നുള്ളു. ധീരമായ പത്രപ്രവര്‍ത്തനത്തെ ഉദ്യോഗസ്ഥവൃന്ദത്തിനു സഹിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോന്നവിധം പത്രങ്ങളുടെ കഴുത്തുഞെരിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു കല്‍ക്കത്താ പത്രത്തിന്റെ ആരംഭകാലത്തെ ഇരുപത് വര്‍ഷങ്ങള്‍.
അയര്‍ലണ്ട് രാജ്യക്കാരനാണ് ഹിക്കി. 1772-ല്‍ ഒരു സര്‍ജന്റെ സഹായിയായിട്ട് കല്‍ക്കത്തയില്‍ എത്തി. കല്‍ക്കത്തയിലെ ഒരു സ്ത്രീയ വിവാഹം കഴിച്ചു. ആ ദമ്പതികള്‍ക്ക് 10 മക്കള്‍ ഉണ്ടായിരുന്നത്രെ. ഒരു കപ്പല്‍ സ്വന്തമാക്കി കച്ചവടത്തില്‍ ഏര്‍പ്പെടുകയായിരുന്നു ഹിക്കി ആദ്യം ചെയ്തത്. അതില്‍ വന്‍ നഷ്ടം നേരിടുകയും ജയില്‍ ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്തു (1776). വാസ്തവത്തില്‍ കപ്പല്‍ തട്ടിയെടുക്കാന്‍ ചിലര്‍ അദ്ദേഹത്തെ ഒരു കള്ളക്കേസില്‍  കുടുക്കുകയായിരുന്നു. തന്മൂലം രണ്ട് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു. ജയില്‍വാസ കാലത്താണ് ഇന്ത്യയില്‍ ഒരു പ്രിന്റിംഗ് പ്രസ് തുടങ്ങുന്നതിനുള്ള ആശയം ഹിക്കിയുടെ മനസ്സില്‍ ഉദിച്ചത്. ലണ്ടനില്‍ വച്ചുതന്നെ മുദ്രണനിര്‍മ്മാണത്തില്‍ അദ്ദേഹം പരിശീലനം നേടിയിരുന്നു.  ഇവിടെ ഹിക്കി സ്വയം അച്ചടി അക്ഷരങ്ങള്‍ ഉണ്ടാക്കുകയും കല്‍ക്കത്തക്കാരനായ ഒരു ആശാരിയെക്കൊണ്ട് തടിയിലുള്ള ഒരു പ്രിന്റിംഗ് മിഷ്യന്‍ പണിയിക്കുകയും ആവശ്യംവേണ്ട മറ്റുപകരണങ്ങള്‍  ഇംഗ്ലണ്ടില്‍ നിന്നു വരുത്തുകയും ചെയ്തു. ലാല്‍ ബസാര്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു പുറകിലുള്ള രാധാസ് ബസാറിലായിരുന്നു ഹിക്കിയുടെ പ്രസ്. പതിനാറു പുറമുള്ള ഒരു കലണ്ടര്‍ ആയിരുന്നു ആ പ്രസ്സിലെ ആദ്യ മുദ്രണം. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുദ്രിത രേഖ. മറ്റു പലതും അവിടെ  അച്ചടിച്ചെങ്കിലും അതിനൊന്നും തെളിവുലഭിച്ചിട്ടില്ല.  ഈസ്റ്റിന്ത്യാ കമ്പനിയുടെ അച്ചടി ജോലികള്‍ ആദ്യകാലത്ത് ഹിക്കിയാണ് നിര്‍വഹിച്ചത്.  അതിനാല്‍ 'കമ്പനിയുടെ അച്ചടിക്കാരന്‍' എന്ന് വിഖ്യാതനുമായിരുന്നു അദ്ദേഹം. മുഖ്യമായും ഒരു സര്‍ജന്റെ സഹായിയായും അപ്പോത്തിക്കരി വേലചെയ്തുമാണ് തന്റെ വലിയ കുടുംബത്തെ പോറ്റിയത്. കല്‍ക്കത്തയില്‍ വന്നിറങ്ങിയ കാലം മുതല്‍ അന്ത്യം വരെയും സര്‍ജനായും അപ്പോത്തിക്കരിയായും അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. 'ബംഗാള്‍ കലണ്ടര്‍ ആന്‍ഡ് രജിസ്റ്റേഴ്'സിലും 'ബംഗാള്‍ ഡയറക്ടറി ആന്‍ഡ് അല്‍മനാക്കി'ലും ഹിക്കിയെ 'സര്‍ജന്‍ ആന്‍ഡ് അപ്പോത്തിക്കരി' എന്നു പരാമര്‍ശിച്ചിട്ടുണ്ട്.  
മെഡിസിനെപ്പറ്റി അറിവു സമ്പാദിച്ചതുകൊണ്ടാണ് ഒരു സര്‍ജന്റെ സഹായിയായി കല്‍ക്കത്തയിലെത്താന്‍ അദ്ദേഹത്തിനു സാധിച്ചത്. പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ ഇല്ലെങ്കിലും കല്‍ക്കത്തയിലെ നീണ്ടകാലത്തെ പ്രാക്ടീസ് ഹിക്കിയെ ഒരു നല്ല സര്‍ജനും അപ്പോത്തിക്കരിയുമാക്കി മാറ്റിയിരുന്നു. വൈദ്യവൃത്തിക്കു മതിയായ പ്രതിഫലം ലഭ്യമല്ലാതിരുന്നതിനാല്‍ ഈസ്റ്റിന്ത്യാക്കമ്പനിയുടെ വാണിജ്യ സംബന്ധമായ തൊഴില്‍ മേഖലയിലേയ്ക്ക് പലരും മാറിപ്പോയിരുന്നു.  പരിഗണനാര്‍ഹമാണ് ഹിക്കി പത്രം ആരംഭിക്കുമ്പോഴുള്ള  രാഷ്ട്രീയ പശ്ചാത്തലം.  രാജ്യത്തിനകത്തും പുറത്തും യുദ്ധഭേരി മുഴങ്ങിക്കൊണ്ടിരിക്കുന്നു.  അമേരിക്കന്‍ സ്വാതന്ത്ര്യസമരം പുരോഗമിക്കുന്നു.  ഫ്രാന്‍സിലും സ്‌പെയിനിലും ബ്രിട്ടീഷ് പട്ടാളം യുദ്ധത്തില്‍ മുഴുകി.   ഇന്ത്യയില്‍ ഹൈദരാലി കര്‍ണ്ണാട്ടിക് യുദ്ധം നയിച്ചു.  അഴിമതിക്കും  ധാര്‍മ്മികാധഃപതനത്തിനും കൊല്‍ക്കത്തയിലെ ബ്രിട്ടീഷ് സമൂഹം ദുഷ്‌പ്പേരു സമ്പാദിച്ചുകഴിഞ്ഞു.  അരി പൂഴ്ത്തിവച്ചതിലൂടെ 1770ലെ ബംഗാള്‍ ക്ഷാമത്തില്‍ എഴുപത്തയ്യായിരത്തോളം പേര്‍  മരിച്ചുവീണു.  അഴിമതിയുടെയും അഴിഞ്ഞാട്ടത്തിന്റെയും പ്രതീകമായിരുന്നു അന്നത്തെ ഗവര്‍ണര്‍ ജനറല്‍ (1773 - 1785)  ആയിരുന്ന വാറന്‍ ഹോസ്റ്റിംഗ്‌സ് (1732-1818). സാര്‍വത്രികമായിരുന്നു അക്കാലത്തെ കല്‍ക്കത്തയില്‍ മദ്യപാനം, കാമക്കൂത്ത്, ചൂതാട്ടം തുടങ്ങിയ ദുഷ്‌കര്‍മ്മങ്ങള്‍. ആധുനികമോ പുരാതനമോ ആയ ലോകചരിത്രത്തില്‍ ഒരിടത്തും കാണാന്‍ കഴിയാത്തവിധം, വാറന്‍ ഹേസ്റ്റിംഗ്‌ന്റെ ഭരണകാലത്ത് കല്‍ക്കത്ത ധാര്‍മ്മികമായ അധഃപതനത്താല്‍ ആടിയുലഞ്ഞിരുന്നു. ’A history of the Calcutta Pre-ss’ എന്ന പഠനഗ്രന്ഥത്തില്‍ പി.തങ്കപ്പന്‍നായര്‍ രേഖപ്പെടുത്തുന്നു. ഈ അപചയത്തെപ്പറ്റി ബോധവാനായിരുന്നു ഹിക്കി. തന്റെ മാതൃരാജ്യത്തിനും കല്‍ക്കത്തയിലെ ഇംഗ്ലീഷ് സമൂഹത്തിനും മേല്‍ ഉണ്ടായ ചീത്തപ്പേര് മാറ്റിയെടുക്കണമെന്ന് ഹിക്കി കരുതി. ഇങ്ങനെയൊരു ചുറ്റുപാടിലാണ് അദ്ദേഹം ബംഗാള്‍ ഗസറ്റ് ആരംഭിച്ചത്. പൊതുജീവിതത്തില്‍ സദ്‌വൃത്തിയും ധാര്‍മ്മികതയും  പുലര്‍ത്തുവാന്‍ ബംഗാള്‍ ഗസറ്റിന്റെ പുറങ്ങളിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു. കല്‍ക്കത്തയിലെ സ്വതന്ത്ര യൂറോപ്യന്‍ വാണിജ്യ സമൂഹത്തിന്റെയും  നിര്‍ഭാഗ്യരായ നാട്ടിന്‍ പുറത്തെ പടയാളി വിഭാഗത്തിന്റെയും വാണിജ്യാവശ്യങ്ങളും ദുരിതങ്ങളും വെളിച്ചത്തുകൊണ്ടുവരാന്‍  അവരുടെ പ്രോത്സാഹനത്താല്‍ ഒരു വാര്‍ത്താപത്രം പുറപ്പെടുവിക്കുവാന്‍ ഹിക്കി തയ്യാറാവുകയായിരുന്നു.    ശരിക്കു പറഞ്ഞാല്‍ ഹിക്കിയുടെ ബംഗാള്‍ ഗസറ്റിന്റെ ആരംഭം കല്‍ക്കത്താ ചക്രവാളത്തില്‍ ഒരു ഇടിമുഴക്കംതന്നെ സൃഷ്ടിച്ചു.  കല്‍ക്കത്തയിലെ പൗരന്മാരുടെ സുഖസൗകര്യങ്ങള്‍ക്കു വേണ്ടി ഭൗതികമായ സംഭാവന ചെയ്യുമെന്ന വിശ്വാസത്തോടെയാണ് ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗ്‌സ് പത്രം നടത്താന്‍ ഹിക്കിക്ക് അനുവാദം കൊടുത്തത്.  പത്രം മുറുകെ പിടിക്കുന്ന ആദര്‍ശവും ലക്ഷ്യവും ഹിക്കി ഇങ്ങനെ പ്രകടമാക്കി.  ’A weekly political and commercial paper open to all parties but influenced by none-’.  ഇതുതന്നെയായിരുന്നു പത്രത്തിന്റെ മുഖമുദ്രയും.  എല്ലാ കക്ഷികളുടേയും വക, ആരുടേയും സ്വാധീനശക്തിക്ക് വശംവദമല്ലാത്ത രാഷ്ട്രീയ വാണിജ്യ പ്രതിവാര പത്രം എന്ന പ്രഖ്യാപനം ശ്രദ്ധാര്‍ഹമാണ്.  പത്രം ആരംഭിക്കുവാനുള്ള പ്രേരണയും ഹിക്കി വ്യക്തമാക്കി:  “I have no particular passion for printing of newspapers, I have no prosperity, I was not bred to a slanish life of hard work, yet I take a pleasure in enslaving my body in order to purchase freedom for my mind and soul”. രണ്ടുഷീറ്റില്‍ നാലുപേജുള്ള സാധാരണ പത്രത്തിന്റെ പകുതി വലിപ്പത്തിലായിരുന്നു ബംഗാള്‍ ഗസറ്റ്. ഒരോ വശത്തും മൂന്നുകോളം വീതം,  ഒറ്റപ്രതിക്ക് ഒരു രൂപയും വാര്‍ഷിക വരിസംഖ്യ 50രൂപയും. പരസ്യങ്ങള്‍ വേണ്ടത്ര ചേര്‍ത്തിരുന്നു. ശീര്‍ഷകങ്ങളോടെ വകതിരിച്ചാണവ വിന്യസിച്ചത്.  വാര്‍ത്തകള്‍ക്കും കുറിപ്പുകള്‍ക്കും തലക്കെട്ടുകള്‍ ചാര്‍ത്തിയിരുന്നില്ല.  മുഖപ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും എഡിറ്റര്‍ക്കുള്ള കത്തുകള്‍, കുറിപ്പുകള്‍, പരിഹാസപൂരിതമായ ലേഖനങ്ങള്‍ എന്നിവയിലൂടെ ആ ധര്‍മ്മം നിര്‍വഹിച്ചുപോന്നു. ജീല േരീൃിലൃ എന്ന പേരില്‍ ഒരു കവിതാപംക്തിയും ബംഗാള്‍ ഗസറ്റില്‍ തിളങ്ങി. ബംഗാളിന്റെ പ്രധാന പ്രദേശങ്ങളില്‍ ഹിക്കിക്ക് കറസ്‌പോണ്ടന്റുമാരും റിപ്പോര്‍ട്ടര്‍മാരും ഉണ്ടായിരുന്നു. കര്‍ണ്ണാട്ടിക് യുദ്ധവും മറ്റും റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രത്യേക ലേഖകന്മാരെ നിയമിച്ചു. വാര്‍ത്താലേഖകന്മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സംരക്ഷണം ഹിക്കി സ്വയം ഏറ്റെടുത്തു.  പ്രിന്റര്‍ എന്ന നിലയില്‍ എല്ലാ നടപടികളും അദ്ദേഹം നേരിട്ടു. ജയില്‍ ശിക്ഷക്ക് വിധേയനാകേണ്ടി വന്ന അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ പോലും മറ്റുള്ളവര്‍ എഴുതിയവയായിരുന്നു.  യൂറോപ്യന്‍ പത്രങ്ങള്‍ അക്കാലത്ത് ഇന്ത്യയിലെത്താന്‍ രണ്ടുമാസത്തോളമെടുത്തു. അവയിലെ സുപ്രധാന വാര്‍ത്തകള്‍ ബംഗാള്‍ ഗസറ്റില്‍ പുനഃപ്രസിദ്ധീകരിച്ചുപോന്നു. പരസ്യങ്ങളും അറിയിപ്പുകളും വിവാഹ വിജ്ഞാപനങ്ങളും  ഹിക്കിയുടെ പത്രത്തില്‍ ഇടംകണ്ടിരുന്നതിനാല്‍ പ്രസിഡന്‍സിയിലും നാട്ടിന്‍പുറത്തുമുള്ള അൗദ്യോഗിക യൂറോപ്യന്‍ വ്യാപാരി സമൂഹം പത്രത്തിന്റെ ഓരോ ലക്കവും പ്രതീക്ഷയോടെ കാത്തിരുന്നു. രാജ്യവര്‍ത്തമാനങ്ങളും പ്രാദേശിക വാര്‍ത്തകളും ധാരാളമായി ഉള്‍പ്പെടുത്തി. ആരൊക്കെയായിരുന്നു പത്രത്തിലെ എഴുത്തുകാര്‍ എന്നും തിട്ടമില്ല. കളളപ്പേരുകളിലായിരുന്നു പലരും വിഹരിച്ചത്. ഹിക്കിയുടെ പിന്നിലെ സജീവ ഘടകമായിരുന്നു ഫിലിപ്പ് ഫ്രാന്‍സിസ്. ഗൂഢനാമത്തില്‍ ചൂടേറിയ പല രചനകളും അദ്ദേഹം കാഴ്ചവച്ചു. ബ്രിട്ടിഷ് ഭരണാധികാരികള്‍ ഇന്ത്യയില്‍ നടത്തുന്ന അതിക്രമങ്ങളും കൊള്ളയും പത്രാധിപര്‍ തുറന്നുകാട്ടി. അഴിമതിക്കഥകള്‍ ചുരുളഴിഞ്ഞപ്പോള്‍ ബംഗാള്‍ ഗസറ്റ്  എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ ബ്രിട്ടിഷുകാര്‍ക്കെന്നപോലെ ഇംഗ്ലണ്ടിലെ പൗരന്മാര്‍ക്കും ഈ പത്രം കൂടിയേതീരു എന്ന നിലയായി. എന്നാല്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് പത്രം ഒരു കടുത്ത ഉപദ്രവമായി മാറി. ബംഗാള്‍ ഗസറ്റ് ചൂടപ്പംപോലെ വിറ്റഴിഞ്ഞു. കഷ്ടപ്പെട്ടാണ് നടത്തിയതെങ്കിലും പത്രം നഷ്ടത്തിലായിരുന്നില്ല. പ്രതിമാസം 2000രൂപ ഹിക്കിക്കു കിട്ടി. പത്രം  വേണ്ടത്ര അച്ചടിക്കാനുള്ള അസൗകര്യം മൂലം ഹിക്കി വീര്‍പ്പുമുട്ടി. അറിയാനും അറിയിക്കാനുമുള്ള പ്രവണത ജനങ്ങളുടെ ഇടയില്‍ പുഷ്ടിപ്പെട്ടു തുടങ്ങി. വിദ്യാഭ്യാസ മേഖലയും ഉണര്‍ന്നു. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ പൗരാവകാശങ്ങള്‍ക്കു വേണ്ടി പടവെട്ടി. ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായി അടരാടിയ ആദ്യത്തെ പത്രാധിപരാണ് ഹിക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ഹിക്കി വാദിച്ചില്ല. പക്ഷേ, സ്വാതന്ത്ര്യവാദം പൊട്ടിമുളയ്ക്കാന്‍ സഹായകമായ പശ്ചാത്തലം ഒരുക്കുന്നതില്‍ ഹിക്കിക്കുള്ള പങ്ക് ചെറുതൊന്നുമല്ല. ഹിക്കിയുടെ ചുവടുവയ്പ്പിലൂടെ സത്യസന്ധവും ധീരവുമായ പത്രപ്രവര്‍ത്തനം എന്തെന്ന് ഭാരതം കണ്ടു. അന്യായത്തിനും അഴിമതിക്കും  എതിരെ ആളും അവസ്ഥയും നോക്കാതെ ഹിക്കി തൂലിക ചലിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടിഷ് ഉദ്യോഗസ്ഥന്മാരുടെ കൊള്ളരുതായ്മകളും അഴിമതികളും പത്രത്തിലുടെ വെളിപ്പെടുത്തി. കരുത്തനും സ്വേച്ഛാധിപതിയുമായ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലിനും അദ്ദേഹത്തിന്റെ സേവനവൃന്ദത്തിനും എതിരെ ഭയരഹിതനായി നിന്നുപോരാടി. ഗവര്‍ണര്‍ ജനറലിന്റെ പ്രിയതമയെയും പത്രാധിപര്‍ വെറുതെവിട്ടില്ല. അവര്‍ ഭരണകാര്യങ്ങളില്‍ കൈകടത്തിയതിനെ നിര്‍ഭയം വിമര്‍ശിച്ചു. ഇത് ഗവര്‍ണര്‍  ജനറലിനെ ചൊടിപ്പിച്ചു. 1780 നവംബര്‍ 14ന് ജനറല്‍ പോസ്റ്റാഫീസില്‍ കൂടിയുള്ള ബംഗാള്‍ ഗസറ്റിന്റെ വിതരണം ഹേസ്റ്റിംഗ്‌സ് നിയനം മൂലം തടഞ്ഞു.   ഒന്നോ രണ്ടോ സപ്ലിമെന്ററികളും ബംഗാള്‍ ഗസറ്റ് പ്രസിദ്ധപ്പെടുത്തി. ഹിക്കിയുടെ പത്രത്തിന്റെ സമ്പൂര്‍ണ്ണ ഫയല്‍ കണ്ടുകിട്ടിയിട്ടില്ല. ചില ലക്കങ്ങള്‍ കല്‍ക്കട്ടാ നാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ളതായിട്ടറിയാം. കുറെ ലക്കങ്ങള്‍ ഇംഗ്ലണ്ടിലും അമേരിക്കയിലുമുണ്ട്.  അന്ന് പത്രപാരായണം സാര്‍വ്വത്രികമായിരുന്നില്ലെങ്കിലും ഹിക്കീസ് ഗസറ്റിനു പരക്കെ പ്രിയമായിരുന്നു. അതിനാല്‍ തന്റെ പത്രം വാല്യങ്ങളായും അച്ചടിച്ചുവിറ്റു. പില്‍ക്കാലത്ത് കല്‍ക്കത്തയില്‍ പ്രചരിച്ച പല പത്രങ്ങളുടെയും പേരെടുത്ത അച്ചടിക്കാര്‍ ഹിക്കിയുടെ പ്രസില്‍ പരിശീലനം നേടിയവരായിരുന്നു. എന്നാല്‍ ഒരാള്‍പോലും ഹിക്കിയുടെ കീഴില്‍ പത്രപ്രവര്‍ത്തന പരിശീലനം നേടുകയുണ്ടായില്ല. അതുകൊണ്ട് സംഭവിച്ചത് യൂറോപ്യന്‍ പത്രങ്ങളെ കോപ്പിയടിക്കുന്നവരെക്കാള്‍ മെച്ചപ്പെട്ടവരായിരുന്നില്ല പതിനെട്ടാം നൂറ്റാണ്ടില്‍ കല്‍ക്കത്തയില്‍  പത്രപ്രവര്‍ത്തനം നടത്തിയവര്‍ എന്നുള്ളതാണ്. വാര്‍ത്തകള്‍ കണ്ടെത്താനുള്ള കണ്ണോ അവയുടെ പ്രാധാന്യം തിരിച്ചറിയാനുള്ള അന്വേഷണാത്മക ബുദ്ധിയോ പത്രപ്രവര്‍ത്തനത്തിന്റെ മിന്നലാട്ടമോ അവര്‍ക്കില്ലാതെപോയി.അഴിമതിക്കാരെല്ലാം ഒത്തുകൂടി ഹിക്കിക്ക് നേരെ തിരിഞ്ഞു. പീറ്റര്‍ റീസിന്റെ ഉടമസ്ഥതയില്‍ ബംഗാള്‍ ഗസറ്റിനെതിരായി 'ഇന്ത്യാ ഗസറ്റ്' എന്നൊരു പത്രം പുറപ്പെട്ടു. ഹിക്കിയുടെ കരുത്തനായ എതിരാളി സ്വീഡിഷ് മിഷണറി ജോണ്‍ സഖറിയ കിര്‍നാന്‍ഡര്‍ ആയിരുന്നു പത്രത്തിനു പ്രസും ടൈപ്പും അച്ചടി ഉപകരണങ്ങളും നല്‍കിയത്. ഹിക്കിക്കെതിരെ കിര്‍നാന്‍ഡര്‍ അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്തു. വാറന്‍ ഹോസ്റ്റിംഗ്‌സ് ആയിരുന്നു അതിന്റെ പിന്നില്‍. ആ മാനനഷ്ടക്കേസില്‍ ഹിക്കിക്കു നാല് മാസം തടവും 500രൂപ പിഴയും വിധിച്ചു. പിഴയടക്കുന്നതുവരെ ജയിലില്‍ കിടക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുകൊണ്ടൊന്നും ഹിക്കി കുലുങ്ങിയില്ല. ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ജാമ്യത്തുക കെട്ടിവയ്ക്കാത്തതിനാല്‍ ഹിക്കിക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. ജയിലില്‍ കിടന്നുകൊണ്ടും ഹിക്കി പത്രം നടത്തി. മോചിതനായി പുറത്തുവന്ന ഹിക്കി ഗവര്‍ണര്‍ ജനറലിന്റെയും ചീഫ് ജസ്റ്റിസിന്റെയും നേര്‍ക്ക് കൂടുതല്‍ നിശിതമായ വിമര്‍ശന ശരങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. സ്വീഡിഷ് മിഷണറിക്കെതിരായി വീണ്ടും എഴുതി. ചീഫ് ജസ്റ്റിസിന്റെയും ഗവര്‍ണര്‍ ജനറലിന്റെയും ഉത്തരവുപ്രകാരം ആയുധധാരികളായ രണ്ട് യൂറോപ്യന്‍ പട്ടാളക്കാരും നാനൂറോളം സിവിലിയന്മാരും ഹിക്കിയെ അറസ്റ്റുചെയ്യാന്‍ അദ്ദേഹത്തിന്റെ പ്രസ് വളഞ്ഞു. അച്ചടിശാല കയ്യേറി. പക്ഷേ ഹിക്കി തോക്കുമേന്തി നിന്ന അവരെയെല്ലാം തുരത്തിവിട്ടു. അദ്ദേഹം സ്വയം കോടതി മുമ്പാകെ ഹാജരായി. തന്നെ  വകവരുത്താനാണ്  ശ്രമമെന്ന്  അദ്ദേഹം തുറന്നടിച്ചു. വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു കൊല്ലം തടവും 200രൂപ പിഴയും വിധിച്ചു. എണ്‍പതിനായിരം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അതിനു കഴിയാത്തതിനാല്‍ അദ്ദേഹം ജയിലില്‍ കിടക്കേണ്ടിവന്നു. ഇങ്ങനെ നിരവധി പ്രതിബന്ധങ്ങളോടുകൂടി മല്ലടിച്ചുകൊണ്ടാണ് ഹിക്കി പത്രപ്രവര്‍ത്തനം നടത്തിയത്. ഹിക്കിയെ കുത്തുപാള എടുപ്പിക്കുകയായിരുന്നു വാറന്‍ ഹേസ്റ്റിംഗ്‌സിന്റെ ലക്ഷ്യം. ബ്രിട്ടീഷ് കൗണ്‍സില്‍ നടപടികള്‍ അച്ചടിച്ചു കൊടുത്ത വകയില്‍ ഇസ്റ്റിന്ത്യാക്കമ്പനി 35092 രൂപ അദ്ദേഹത്തിനു കൊടുക്കാനുണ്ടായിരുന്നു. അതു പലിശസഹിതം കൊടുക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക ക്ലേശംകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന ഹിക്കിയെ ഭരണാധികാരികള്‍ നിര്‍ദ്ദയം ചൂഷണംചെയ്തു. 6711 രൂപ വാങ്ങിക്കൊണ്ട് ഇടപാട് അവസാനിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ദാരിദ്ര്യംകൊണ്ട് ഹിക്കിക്ക് അതിനു തയ്യാറാകേണ്ടിവന്നു. ആ തുകയ്ക്ക് രസീത് ഒപ്പിട്ട് വാങ്ങിയശേഷം അധികൃതര്‍ പണംകൊടുക്കാന്‍ കൂട്ടാക്കിയില്ല. പതിനാറ് വര്‍ഷം കഴിഞ്ഞ് അതിന്റെ അഞ്ചിലൊരു ഭാഗം വാങ്ങിക്കൊണ്ട് തൃപ്തിപ്പെടാന്‍ ഹിക്കി നിര്‍ബന്ധിതനായി. അത്ര ദരിദ്രനായിരുന്നു അപ്പോള്‍. ആ സ്ഥിതിയെപ്പറ്റി അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു. ''അഹോ കഷ്ടം! വാര്‍ദ്ധക്യകാലത്ത് സ്വതന്ത്രമാകുന്ന നാട്ടില്‍ എന്നെ സഹായിക്കുന്നതിനായി എന്റെ സര്‍വ്വ കടങ്ങളും കൊടുത്തുതീര്‍ക്കുന്നതിനും ഒരു തോട്ടത്തിന്റെ മദ്ധ്യേയുള്ള ചെറിയ ഭവനം വാങ്ങി കുയില്‍ നാദം കേള്‍ക്കുമ്പോള്‍ ഉണരുന്നതിനും  ചോളമോ മറ്റ് ധാന്യങ്ങളോ വിതയ്ക്കുന്നതിനും സര്‍വ്വ മനുഷ്യരോടുംകൂടെ സമാധാനപരമായി ജീവിതം നയിക്കുന്നതിനും  ഞാന്‍ പ്രത്യാശിച്ചു.  എന്നാല്‍ ഇപ്പോള്‍... '' തനിക്കെതിരെ തുടരെത്തുടരെ നിയമനടപടികളും കോടതി നടപടികളും വന്നപ്പോള്‍ ഹിക്കി ഇപ്രകാരം പറഞ്ഞു, ''ഞാന്‍ പരാജയപ്പെടുകയോ അടിമപ്പെടുകയോ ചെയ്യുന്നതിന് - വേണ്ടാ എന്നെ ഉപദ്രവിക്കുന്നവരോട് നീരസപ്പെടുന്നതിനു മുമ്പുതന്നെ ഞാന്‍ ചില പദ്യങ്ങള്‍ ചമയ്ക്കുകയും അവയെ പുരാതനകാലത്തു ഹോമര്‍ ചെയ്തതുപോലെ കല്‍ക്കത്തയിലെ തെരുവീഥികളില്‍ നടന്നു വില്‍ക്കുകയും ചെയ്യും.'' പത്രസ്വാതന്ത്ര്യത്തിനു വേണ്ടി ഇത്ര കഷ്ടനഷ്ടങ്ങള്‍ സഹിച്ച മറ്റൊരു പത്രാധിപരെ അനന്തര കാലത്തും ഈ രാജ്യത്തു കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല. ഹിക്കിയുടെ പത്രത്തെ പുകഴ്ത്തിയും ഇകഴ്ത്തിയും പലരും എഴുതിയിട്ടുണ്ട്. കല്‍ക്കത്ത പ്രസിന്റെ ചരിത്രകാരനായ പി.തങ്കപ്പന്‍ നായര്‍  ഇങ്ങനെയാണ് വിലയിരുത്തുന്നത്. 'ഒരാള്‍ 'ടൈംസ' വായിക്കുന്നത് വാര്‍ത്തകള്‍ക്കു വേണ്ടിയും 'പഞ്ച്' ഫലിതത്തിനുവേണ്ടിയും 'സണ്‍' സ്‌തോഭജനകമായ വാര്‍ത്തകള്‍ക്കായും 'പ്രൈവറ്റ്  ഐ' പൊതുസ്ഥാപനങ്ങളിലെ ദുര്‍വൃത്തികള്‍ അറിയുന്നതിനുമാണ്.  എന്നാല്‍ ഇവയുടെ എല്ലാം നല്ല ആശയങ്ങള്‍ സാരാംശത്തില്‍ ഒത്തിണങ്ങിയവയായിരുന്നു ബംഗാള്‍ ഗസസ്റ്റ്.' 1802ല്‍ ബിസിനസ് ആവശ്യത്തിനു ചൈനയിലേയ്ക്കുള്ള കപ്പല്‍ യാത്രക്കിടയില്‍ ഹിക്കി മരിച്ചു.  ഇന്ത്യന്‍ പത്രപ്രവര്‍ത്തനം നിലനില്‍ക്കുമെങ്കില്‍ ആ രംഗത്തേയ്ക്ക് ഒരു അണയാത്ത ദീപംപോലെ ഹിക്കി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കും.