ചരിത്രം തിരുത്തിയ ലക്ഷ്മണ രേഖ

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ.ലക്ഷ്മണ്‍ പണ്ഡിറ്റ് നെഹ്‌റുവിനെ വരച്ചപ്പോള്‍ ഗാന്ധിത്തൊപ്പി ഉപേക്ഷിച്ചു.  പലരും കാര്‍ട്ടൂണിസ്റ്റിനോട് കാര്യം തിരക്കി. മുടിനാരിഴയില്ലാത്ത ശിരസ് തൊപ്പിയില്‍ ഒതുങ്ങിയിരിക്കുന്ന നെഹ്‌റുവിനെ കാണാനാണ് ചേല്. തൊപ്പിയില്ലാത്ത നെഹ്‌റുവിന് കാര്യമായെന്തോ കുറവുള്ളതു പോലെ തോന്നും; ഫോട്ടോയിലായാലും കാര്‍ട്ടൂണിലായാലും. പക്ഷേ ലക്ഷ്മണ്‍ ആ പോരായ്മയിലാണ് ഊന്നിയത്. ഗാന്ധിത്തൊപ്പി ധരിക്കാത്ത നെഹ്‌റു. കുളിമുറിയില്‍ നിന്ന് ഇറങ്ങിവരുന്നതുപോലെ ഫ്രഷ് കഥാപാത്രം. അതിലെന്തു ഫലിതമെന്നല്ലേ?

പ്രധാനമന്ത്രി നെഹ്‌റു തന്നെ കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണോട് മുംബൈയില്‍ ഒരു ചടങ്ങില്‍ അടുത്തു കണ്ടപ്പോള്‍ ചോദിച്ചു: ''താങ്കള്‍ എന്താണ് തുടര്‍ച്ചയായി എന്നെ തൊപ്പിയില്ലാതെ വരയ്ക്കുന്നത്?'' അപ്പോള്‍ മാത്രം കാര്‍ട്ടൂണിസ്റ്റ് ആ രഹസ്യം പുറത്തുവിട്ടു. ''പ്രധാനമന്ത്രി, താങ്കളുടെ സ്വഭാവങ്ങള്‍ക്ക് ആ ഗാന്ധിത്തൊപ്പി തീരെ ഇണങ്ങുന്നില്ല. അതുകൊണ്ടാണ് എന്റെ ചിത്രങ്ങളില്‍ ഞാനത് ഒഴിവാക്കുന്നത്.'' മറുപടി കേട്ട് നെഹ്‌റു പൊട്ടിച്ചിരിച്ചു. സോവിയറ്റ് ഭരണവ്യവസ്ഥയുടെ പ്രണേതാവും ഉള്ളില്‍ ഒരു സോഷ്യലിസ്റ്റും തികഞ്ഞ സൗന്ദര്യാരാധകനുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വഭാവങ്ങള്‍ക്ക് ഗാന്ധിസം തീരെ ഇണങ്ങുന്നില്ലെന്നാണ് ലക്ഷ്മണ്‍ അര്‍ത്ഥമാക്കിയത്. അത് ശരിയാണെന്ന് നെഹ്‌റു അംഗീകരിക്കുകയും ചെയ്തു. പിന്നെന്തിന് ആജീവനാന്തം പണ്ഡിറ്റ്ജി ഗാന്ധിത്തൊപ്പി അണിഞ്ഞു? അന്നത്തെ പൊതുരാഷ്ട്രീയ സംസ്‌ക്കാരം അതായിരുന്നു. എന്നാല്‍ പരമമായ സത്യം അതല്ലെന്ന് ഉന്നതനായ ഒരു കാര്‍ട്ടൂണിസ്റ്റിന് വേഗം തിരിച്ചറിയാന്‍ പറ്റും.

ആര്‍.കെ.ലക്ഷ്മണ്‍ എന്ന കലാകാരന് കാര്‍ട്ടൂണ്‍ അലസമായി ചിരിച്ചു തള്ളാനുള്ള ഒരു ഫലിതമല്ല. ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പശ്ചാത്തലത്തില്‍ തെളിഞ്ഞുവരുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതില്‍ ആക്ഷേപഹാസ്യമുണ്ട്. മൂര്‍ച്ചയേറിയ വിമര്‍ശനമുണ്ട്. കാലത്തെ മറികടക്കുന്ന സൗന്ദര്യമുണ്ട്. വസ്തുത വെളിപ്പെടുത്താനുള്ള ശ്രമമുണ്ട്. അധികാരപ്പടവിലിരുന്ന് അഹങ്കരിക്കുന്ന കോമാളികളെ അടിച്ചൊതുക്കാനുള്ള ആവേശവുമുണ്ട്. അങ്ങനെ മികച്ച കാര്‍ട്ടൂണിസ്റ്റ് ഒരേ സമയം സ്രഷ്ടാവും സംഹാരകനും ആണെന്ന് പറയാം. ആര്‍.കെ.ലക്ഷ്മണ്‍ അരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത്  ചെയ്ത നിസ്തുലമായ സേവനം അതാണ്. 

ഒരു മ്യൂസിയം സന്ദര്‍ശിച്ചു മടങ്ങുന്ന കേന്ദ്ര സാംസ്‌ക്കാരിക മന്ത്രി അവിടെ ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രത്തിനടിയിലെഴുതിയിരിക്കുന്ന പേര് വായിച്ച് ആളെ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ സെക്രട്ടറി ഓടിച്ചെന്ന് ''ഗാന്ധിജി, സര്‍'' എന്ന് ഓര്‍മ്മപ്പെടുത്തി സഹായിക്കുന്നു. നാല്‍പ്പതു വര്‍ഷം മുമ്പ് ലക്ഷ്മണ്‍ വരച്ച ഒരു ഹാസ്യചിത്രമാണിത്. ഗാന്ധിജി സാമാന്യജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രശസ്തനാകുമ്പോള്‍ ഭരണകര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ രൂപം പോലും കണ്ടാല്‍ തിരിച്ചറിയാത്തവരാണെന്ന് കാര്‍ട്ടൂണിസ്റ്റ് ഹാസ്യാത്മകമായി പറയുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജിയുടെ മൂല്യങ്ങള്‍ക്കുണ്ടാകുന്ന പതനത്തെ ഇങ്ങനെ നിരവധി കാര്‍ട്ടൂണുകളില്‍ ലക്ഷ്മണ്‍ വിഷയമാക്കിയിട്ടുണ്ട്. തലയില്‍ കൊഴുപ്പുമുറ്റിയ കോമാളികളാണ് നമ്മെ ഭരിക്കാന്‍ വരുന്നതെന്ന് ഓരോ ഹാസ്യചിത്രത്തിലൂടെയും ഉന്നതനായ ഈ കലാകാരന്‍ ആസ്വാദകരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

'യു സെഡ് ഇറ്റ്.' നാലു ദശാബ്ദത്തോളം ലക്ഷ്മണ്‍ വരച്ച ബോക്‌സ് കാര്‍ട്ടൂണ്‍. അതില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന 'കോമണ്‍ മാന്‍' അഥവാ സാധാരണക്കാരന്‍ ഒന്നും സംസാരിക്കുന്നില്ല. എല്ലാത്തിനും സാക്ഷിയാകുന്ന അയാള്‍ക്ക് പേരില്ല. മഹാനഗരത്തിലെ നിശബ്ദനായ മനുഷ്യന്‍. മുംബൈ നഗരഭരണകൂടം ചെയ്തതിലും ഏറെ സേവനം ഈ കാര്‍ട്ടൂണ്‍ കഥാപാത്രം നഗരത്തിനുവേണ്ടി അനുഷ്ഠിച്ചിട്ടുണ്ടെന്ന് ഈയിടെ ഈ സാധാരണക്കാരന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്ന വേളയില്‍ നേതാക്കള്‍ മത്സരിച്ചു വിലയിരുത്തുന്നത് ലക്ഷ്മണ്‍ നിശബ്ദനായി കേട്ടിരുന്നു. യാചകര്‍ ധനതത്വശാസ്ത്രം ചര്‍ച്ച ചെയ്യുന്നതു കണ്ട് 'സാധാരണക്കാരന്‍' ചിരിക്കുന്നു. അധോലോക പ്രവര്‍ത്തകരെ പൊക്കാനിറങ്ങിയ പൊലീസ് ചേരിയിലെ കൂറ്റന്‍ കുഴലില്‍ കയറുന്ന ഒരുവനെ പിടികൂടി ചോദ്യം ചെയ്യുന്നു. ''എന്തിനാണ് നീ ഞങ്ങളെ കണ്ട് പൈപ്പില്‍ കയറി ഒളിച്ചത്?'' എന്ന് പൊലീസ് ചോദിക്കുമ്പോള്‍ ''ഞാനവിടെ ഒളിച്ചതല്ല; അവിടെയാണ് ഞാന്‍ ജീവിക്കുന്നത്'' എന്ന് അയാള്‍ മറുപടി പറയുന്നു. മഹാനഗരത്തിലെ പാര്‍പ്പിട ദാരിദ്ര്യത്തെ പരിഹസിക്കുന്ന ഉജ്ജ്വലമായ ഒരു കാര്‍ട്ടൂണ്‍ രചന.

ഇന്ദിരാഗാന്ധി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനാര്‍ത്ഥം 'ഗരീബി ഹഠാവോ' പരിപാടി പ്രഖ്യാപിച്ചു. തെരുവിലിരുന്നു വിശന്നു കരയുന്ന നാടോടി കുട്ടിയുടെ ഭിക്ഷാപാത്രത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വാര്‍ത്ത അച്ചടിച്ച പത്രം ഇട്ടുകൊടുത്തശേഷം പ്രിവിപേഴ്‌സ് വാങ്ങി പഴയ നാട്ടുരാജാവ് നടന്നു പോകുന്നു. സാധാരണക്കാരന്‍ ആ കുട്ടിയെ ദൈന്യമായി നോക്കുന്നു. ഒരുപക്ഷേ ഈ കാര്‍ട്ടൂണ്‍ കണ്ടശേഷമാകണം ഇന്ദിരാഗാന്ധി നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്‌സ് ആനുകൂല്യ നിറുത്തലാക്കാന്‍ തീരുമാനിച്ചത്.  ലക്ഷ്മണ്‍ പറയുന്നു: ''ഇന്ദിരാഗാന്ധിക്ക് ഒടുവിലൊടുവില്‍ എന്നോട് കടുത്ത പകയായി. ഞാനും വകവച്ചില്ല. ഒരു മയവുമില്ലാതെ വരച്ചു. ഒരു രാഷ്ട്രീയ നേതാവിനെയും സുഖിപ്പിക്കാന്‍ എന്റെ ബ്രഷ് ഒരുക്കമായിരുന്നില്ല. എന്നിട്ടും എനിക്ക് പത്മാ അവാര്‍ഡ് ലഭിച്ചു.''

കാര്‍ട്ടൂണിന്റെ അടിസ്ഥാനതത്വങ്ങളെ ലക്ഷ്മണ്‍ മാനിച്ചില്ല. യഥാതഥമാണ് അദ്ദേഹത്തിന്റെ ശൈലി. രാഷ്ട്രീയ നേതാവിന്റെ ഏതെങ്കിലും ഭാവരൂപം കൂടുതല്‍ പ്രകടമാക്കി വരച്ച് ഹാസ്യമുണ്ടാക്കേണ്ട ആവശ്യം ലക്ഷ്മണ്‍ കണ്ടില്ല. കാരിക്കേച്ചറുകള്‍ ഏറെക്കുറെ യഥാ രൂപത്തിലാണ് അദ്ദേഹം വരച്ചത്. ലക്ഷ്മണ്‍ പറയുന്നു: ''പഴയ പ്രമാണമനുസരിച്ച് സ്‌പെഷ്യല്‍ ഫീച്ചേഴ്‌സ് പര്‍വതീകരിച്ച് വരയ്ക്കണം. എന്നാല്‍ ഇന്നത്തെ നേതാക്കള്‍ക്ക് അതിന്റെ  ആവശ്യമില്ല. അവരുടെ ചേഷ്ടകള്‍ അപ്പടി വരച്ചാലും ജനങ്ങള്‍ രസിച്ചു പോകും. അത്രയ്ക്ക് ഹാസ്യരൂപങ്ങളല്ലേ നമ്മുടെ ഓരോ നേതാവും.''

വിശ്രുതനായ ബ്രിട്ടീഷ് കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോ ആയിരുന്നു ആര്‍.കെ.ലക്ഷ്മണ്‍ ചെറുപ്പത്തില്‍ ആരാധനയോടെയ പിന്തുടര്‍ന്ന വലിയ കലാകാരന്‍. ഹിന്ദു ദിനപത്രത്തില്‍ ലോ വരച്ച കാര്‍ട്ടൂണ്‍ രൂപങ്ങള്‍ ലക്ഷ്മണ്‍ പകര്‍ത്തി പരിശീലിച്ചു. ലോ കാര്‍ട്ടൂണില്‍ ഒപ്പുവച്ചിരുന്നത് ആദ്യമൊക്കെ ലക്ഷ്മണ്‍ പശു (രീം) എന്നാണ് വായിച്ചത്. അത് കാര്‍ട്ടൂണിസ്റ്റിന്റെ തൂലികാനാമമാകുമെന്ന് കരുതി. ഡേവിഡ് ലോ ആണ് ആ കാര്‍ട്ടൂണുകളുടെ രചയിതാവെന്ന് മനസ്സിലാക്കിയ ശേഷം ജ്യേഷ്ഠന്‍ ആര്‍.കെ.നാരായണ്‍ വഴി ഹിന്ദുവില്‍ നിന്ന് മേല്‍വിലാസം തരപ്പെടുത്തി. ലോയുടെ ഉപദേശം തേടി കത്തെഴുതി സൗഹൃദം സ്ഥാപിച്ചു. 1952 ല്‍ ലോയും ഭാര്യയും മകളെ കാണാന്‍ ഹോങ്കോങ്ങില്‍ പോകും വഴി മുംബെയിലിറങ്ങി. ലക്ഷ്മണ്‍ അങ്ങനെ തന്റെ ആരാധനാപാത്രത്തെ ആദ്യമായി കണ്ടു. ലക്ഷ്മണ്‍ എഴുതുന്നു: ''കനത്ത പുരികങ്ങള്‍, തിളങ്ങുന്ന കണ്ണുകള്‍, കഷണ്ടി കയറിയ തല, ചുരുട്ടു ചവച്ചുകൊണ്ടു നില്‍ക്കുന്ന ലോ. മറക്കാനാവുന്നില്ല ആ രൂപവും ശബ്ദവും.'' രണ്ടുവര്‍ഷം കഴിഞ്ഞ് ലക്ഷ്മണ്‍ ലണ്ടനില്‍ ചെന്ന് സര്‍ ഡേവിഡ് ലോയെ വീണ്ടും കണ്ടു.

ചിത്രകല ഉപചാരപൂര്‍വ്വം ലക്ഷ്മണ്‍ പഠിച്ചിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. പഠിക്കാന്‍ അവസരമുണ്ടായില്ല. സ്‌കൂള്‍ പഠനം കഴിഞ്ഞ് മുംബൈയിലെ ജെ.ജെ.ആര്‍ട്ട് സ്‌കൂളില്‍ ചേരാന്‍ അപേക്ഷ അയച്ചെങ്കിലും ലക്ഷ്മണിന് അവര്‍ പ്രവേശനം നിഷേധിച്ചു. അപേക്ഷയോടൊപ്പം വച്ചിരുന്ന രേഖാചിത്രങ്ങളുടെ നിലവാരം ലക്ഷ്മണിന് പ്രവേശനം നല്‍കാന്‍ പര്യാപ്തമല്ലെന്ന് സ്‌കൂള്‍ ഡീന്‍ മറുപടി അയച്ചു. അങ്ങനെ മൈസൂര്‍ മഹാരാജാസ് കോളേജില്‍ ലക്ഷ്മണ്‍ ബി.എ ക്ലാസ്സില്‍ ചേര്‍ന്നു. സ്വതന്ത്രമായി ചിത്രകലാ പ്രവര്‍ത്തനവും ഒപ്പം തുടര്‍ന്നു. 'സ്വരാജ്യ' മാസികയില്‍ വല്ലപ്പോഴും കാര്‍ട്ടൂണ്‍ വരച്ചു. നാരദനെ കഥാപാത്രമാക്കി നിര്‍മ്മിച്ച സിനിമയിലും അക്കാലത്ത് സഹകരിച്ചു. ചിത്രകല പഠിക്കാന്‍ പോയിരുന്നെങ്കില്‍ ലക്ഷ്മണ്‍ കാര്‍ട്ടൂണിസ്റ്റ് ആയെന്നു വരില്ല. ലോക പ്രശസ്തി നേടിയ ഒരു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് ആകാന്‍ ഒരു ചിത്രകലാ സ്‌കൂളിലും പഠിക്കേണ്ടതില്ലെന്ന് ലക്ഷ്മണ്‍ തെളിയിച്ചു. നൈസര്‍ഗ്ഗികവും സ്വാഭാവികവും അനായാസവും ലളിത മനോഹരവുമായ ഒരു രചനാ ശൈലി ലക്ഷ്മണ രേഖകളിലൂടെ പുറത്തുവന്നു. രാജ്യത്തും പുറത്തും ലക്ഷ്മണ്‍ അനേകം അനുകര്‍ത്താക്കളെയും സൃഷ്ടിച്ചു.

എല്ലാ കുട്ടികളെയും പോലെ ഭിത്തിയിലും കതകിലും ജാലകപ്പടിയിലും വരച്ചുകൊണ്ടാണ് ലക്ഷ്മണ്‍ ചെറുപ്പത്തില്‍ മുതിര്‍ന്നവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. സ്‌കൂളില്‍ സയന്‍സ് അധ്യാപകനെ ഇലകളും പൂക്കളും പരീക്ഷണോപകരണങ്ങളും വരച്ച് സഹായിച്ചു. അങ്ങനെ സഹപാഠികള്‍ക്കിടയില്‍ ഒരു കലാകാരനെന്ന പേര് ലഭിച്ച ലക്ഷ്മണ്‍ തന്റെ ജീവിത വഴി ചിത്രകലയാണെന്ന് സ്വയം വിശ്വസിക്കാന്‍ തുടങ്ങി. ജ്യേഷ്ഠന്‍ എഴുതുന്ന കഥകള്‍ക്ക് ലക്ഷ്മണ്‍ ചിത്രം വരച്ചു. എല്ലാം പ്രമുഖ പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചു വന്നു. 'സമയതുരംഗം' എന്ന ആത്മകഥയില്‍ ലക്ഷ്മണ്‍ എഴുതുന്നു:  ''പ്രകൃതിയെ സൂക്ഷ്മമായി ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്റെ മുറിയുടെ ജാലകത്തിലൂടെ പുറത്തു കണ്ടതിനെയെല്ലാം പെന്‍സില്‍ കൊണ്ട് പേപ്പറില്‍ പകര്‍ത്തി. അണ്ണാന്‍, ഓന്ത്, മരങ്ങള്‍, വള്ളിപ്പടര്‍പ്പുകള്‍, ജോലിക്കാര്‍, മരം മുറിക്കുന്ന ദൃശ്യങ്ങള്‍, സ്ത്രീകള്‍ മുറ്റമടിക്കുന്നത് എന്നുവേണ്ട ചുറ്റും കണ്ടതെല്ലാം ഞാന്‍ വരച്ചു. കൂട്ടത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് കാക്കകളാണ്. കാക്ക ബുദ്ധിയുള്ള പറവയാണെന്ന് നിരീക്ഷിച്ചപ്പോള്‍ തോന്നി. അതിന്റെ അനേക ഭാവങ്ങള്‍, കൗശലങ്ങള്‍, സംഘംചേരല്‍, ആശയവിനിമയരീതി, ഇരതേടന്‍ എല്ലാം കൗതുകകരമായിരുന്നു. ഏറ്റവും പ്രധാനമയി എന്നെ ആകര്‍ഷിച്ചത് കാക്കയുടെ സവിശേഷമായ നിറമാണ്. എന്ത് അഴകാണ് ആ കറുപ്പിന്!''

കാക്കയെ നിരീക്ഷിക്കുന്നതും വരയ്ക്കുന്നതും കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണ്‍ ഇഷ്ടവിനോദമായി വളര്‍ത്തി. 1972 ല്‍ ജഹാംഗീര്‍ ആര്‍ട് ഗ്യാലറിയില്‍, ലക്ഷ്മണ്‍ അതുവരെ വരച്ച കാക്കകളുടെ സ്‌കെച്ചുകളില്‍ നിന്ന് തെരഞ്ഞെടുത്തവ ചേര്‍ത്ത് ഒരു പ്രദര്‍ശനം നടത്തി. വലിയ സ്വീകാര്യതയാണ് കലാപ്രേമികളില്‍ നിന്ന് കിട്ടിയത്. ആദ്യദിവസം തന്നെ 25 സ്‌കെച്ചുകള്‍ വിറ്റുപോയി. ഒരു ലക്ഷ്മണ്‍ കാക്കയ്ക്ക് 500 രൂപ വില നല്‍കി വാങ്ങാന്‍ അനേകം പേര്‍ തിക്കിത്തിരക്കി. അങ്ങനെ പോളണ്ട്, സ്വീഡന്‍, ഇംഗ്ലണ്ട്, ഡന്‍മാര്‍ക്ക്, ജര്‍മ്മനി, ഇസ്രായേല്‍, ജപ്പാന്‍ തുടങ്ങി അനേകം വിദേശ രാജ്യങ്ങളിലെ ഭവനങ്ങളില്‍ ലക്ഷ്മണ്‍ കാക്കകള്‍ സ്ഥാനം പിടിച്ചു.

ദേശീയ പക്ഷിയായ മയില്‍ ബുദ്ധിശൂന്യനും വൃത്തികെട്ടവനുമാണെന്ന് ലക്ഷ്മണ്‍ വിശ്വസിക്കുന്നു. പഞ്ചവര്‍ണ്ണമുള്ള തത്തയെ തനിക്ക് വെറുപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യന്റെ ചില സ്വഭാവ ഗുണങ്ങള്‍ കാക്കകള്‍ക്കുണ്ടെന്ന് ലക്ഷ്മണ്‍ നിരീക്ഷിക്കുന്നു. ഉച്ചമയക്കം, കൃത്യസമയത്ത് കുളി, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒത്തുചേരല്‍ എല്ലാം കാക്കയില്‍ നിന്ന് മനുഷ്യന്‍ പഠിച്ചതോ മനുഷ്യനില്‍ നിന്ന് കാക്ക പഠിച്ചതോ എന്ന് സംശയം. തന്ത്രങ്ങളും നര്‍മ്മബോധവുമുള്ള കാക്കയുടെ ഏഴഴക് കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന കറുത്ത മഷിക്കു തുല്യം. അമേരിക്കയിലെ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ഒരു പരീക്ഷണം കാക്കകള്‍ക്ക് എണ്ണം വശമുണ്ടെന്ന് തെളിയിച്ചു. ഏഴുവരെ കൃത്യമായി എണ്ണാന്‍ ഏതു കാക്കയ്ക്കും കഴിയുമത്രേ. ഓരോ സ്ഥലത്തും കാക്ക ഓരോ വിധമാണ്. കാശ്മീരിലെ കാക്ക കരയില്ല. സിങ്കപ്പൂരില്‍ കാക്കയില്ലെന്നു പറയുന്നു. കൂരിരുട്ടിന്റെ കിടാത്തിയും സൂര്യപ്രകാശത്തിന്റെ ഉറ്റതോഴിയുമായ കാക്കയെക്കുറിച്ച് എന്തെല്ലാം കഥകളുണ്ട്. നീണ്ട ജാറില്‍ നിന്ന് വെള്ളം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഓരോരോ കല്ലിട്ട കൗശലക്കാരി.

ആര്‍.കെ.ലക്ഷ്മണ്‍ കാക്കയെ സ്‌നേഹിക്കുന്നതു വെറുതെയല്ല. നാല്‍പ്പതു വര്‍ഷത്തെ കാര്‍ട്ടൂണ്‍ രചനകളില്‍ നിന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ 150-ാം വാര്‍ഷികത്തിന് ലക്ഷ്മണ്‍ തെരഞ്ഞെടുത്ത തന്റെ സൃഷ്ടികള്‍ 'ദി ഇലക്വന്റ് ബ്രഷ' എന്ന പേരില്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് അക്ഷരമാലകള്‍ തിരിച്ചും മറിച്ചുമിട്ട് ബ്രായ്ക്കറ്റിലും ബ്രായ്ക്കറ്റിന്റെ ബ്രായ്ക്കറ്റിലും എ മുതല്‍ ഇസഡ് വരെയുള്ള അക്ഷരങ്ങള്‍ തിരുകി തത്വദീക്ഷയില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടാക്കി കളിക്കുന്ന വേതാളങ്ങളെ വരച്ചു കൊല്ലുകയാണ് തന്റെ ജീവിത ദൗത്യമെന്ന് ഈ കാര്‍ട്ടൂണിസ്റ്റ് വിശ്വസിക്കുന്നു. സീമയില്ലാത്ത സ്വാതന്ത്ര്യമാണ് വരയ്ക്കാന്‍ തന്റെ പത്രം തനിക്ക് നല്‍കിയതെന്ന് അദ്ദേഹം കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ട്. കാലഗണനയനുസരിച്ച് നാലുഭാഗങ്ങളായി തിരിച്ച ഈ കാര്‍ട്ടൂണ്‍ ഗ്രന്ഥം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. 1949 മുതല്‍ 1966 വരെ 'പ്രതീക്ഷാഭരിതമായ കാലം.' ഹിന്ദു കോഡ് ബില്ലുമായി നില്‍ക്കുന്ന നെഹ്‌റുവിനെ മുതല്‍ താഷ്‌ക്കന്റിലെത്തിയ ശാസ്ത്രിയെ വരെ ഈ ഭാഗത്തു കണ്ടെത്താം. പിന്നെ ഇന്ദിരയുടെ വരവും പോക്കും ഉണ്ടായ നീണ്ടകാലം. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവകാലം. 1984 ലെ ദേശീയ ദുഃഖങ്ങളും ദുരന്തങ്ങളും. ലക്ഷ്മണ്‍ പറയുന്നു: ''ഇന്ദിരാഗാന്ധിക്കു ശേഷം മകന്‍ രാജീവ് ഗാന്ധി ദൂരദര്‍ശന്‍ വഴി രാജ്യത്ത് ഒരു മിസ്റ്റര്‍ ക്ലീന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ചു. ഞാന്‍ അമ്പരന്നു പോയി. സാം പിത്രോഡയും സതീഷ് ശര്‍മ്മയും കമ്പ്യൂട്ടറും ടെലിഫോണും എല്ലാം ചേര്‍ന്ന് രാജ്യത്ത് തേനും പാലും ഒഴുക്കിക്കളയുമോ? എന്നാല്‍ കാര്‍ട്ടൂണിസ്റ്റിന്റെ കഞ്ഞി മുടങ്ങിയതു തന്നെ. രാഷ്ട്രീയം നന്നായാല്‍ നാടു നന്നാകും. പിന്നെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ ആവശ്യമില്ല. എതിരാളിയില്ലാത്ത പോരാളിയെപ്പോലെ ഞാന്‍ ചുറ്റും നോക്കി. സാമൂഹിക വിമര്‍ശനം നടത്താം. സിനിമക്കാരെ കളിയാക്കാം. ബാര്‍ പൂട്ടി ഐസ്‌ക്രീം പാര്‍ലറില്‍ കയറിയ അനുഭവം.'' ആയിടെ ഫിലിം ഫെയര്‍ മാഗസിനില്‍ 'ദ സ്റ്റാര്‍ ഐ നെവര്‍ മെറ്റ്' എന്ന പംക്തി വരച്ചു തുടങ്ങിയ ലക്ഷ്മണ്‍ ചിരിക്കാനും ചിന്തിക്കാനും വരയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി. നര്‍ത്തകിയും ചലച്ചിത്ര നടിയുമായിരുന്ന കമലയെ ലക്ഷ്മണ്‍ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം ഏറെ നീണ്ടുനിന്നില്ല. വിവാഹമോചനത്തിനുശേഷം കമല എന്നു തന്നെ പേരുള്ള തന്റെ ബന്ധുവും ബാലസാഹിത്യകാരിയുമായ സ്ത്രീയെ ഭാര്യയായി സ്വീകരിച്ചു. എങ്കിലും ആദ്യത്തെ കമലയെ ലക്ഷ്മണ്‍ തിരെ മറന്നുകളഞ്ഞില്ല. ഒന്നുമല്ലെങ്കിലും അവര്‍ അറിയപ്പെടുന്ന ഒരു നടിയല്ലെ. ഫിലിം ഫെയറിലെ കോളത്തില്‍ 'ദ ഓണ്‍ലി സ്റ്റാര്‍ ഐ മെറ്റ്' എന്ന പേരില്‍ പില്‍ക്കാലത്ത് ആദ്യ ഭാര്യ കമലയെപ്പറ്റി ലക്ഷ്മണ്‍ കാരിക്കേച്ചര്‍ ചെയ്ത് ഏവരെയും രസിപ്പിച്ചു. 

രസിപുരം കൃഷ്ണസ്വാമി അയ്യര്‍ ലക്ഷ്മണ്‍ ഇക്കൊല്ലം ഒക്‌ടോബര്‍ 24-ാം  തീയതി 92-ാം വയസിലേക്ക് കടന്നു. പത്തു വര്‍ഷം മുമ്പ് തളര്‍വാതം മൂലം ഇടതുവശത്തെ ശരീരചലനങ്ങള്‍ തകരാറിലായ ലക്ഷ്മണ്‍ പൂനയില്‍ വിശ്രമിക്കുകയാണ്. മകന്‍ ശ്രീനിവാസ് ലക്ഷ്മണ്‍ പേരില്ലാത്ത സാധാരണക്കാരനെ അനശ്വരനാക്കിയ അസാധാരണനായ തന്റെ പിതാവിന് ആവശ്യമായ പരിചരണങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. 91-ാം ജന്മദിനത്തിന് ലക്ഷ്മണ്‍ കേക്കു മുറിച്ച് അതിഥികള്‍ക്കും വീട്ടിലെത്തിയ ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കി. രാഷ്ട്രീയക്കാരെ ആരെയും തന്റെ സ്വകാര്യ വിശേഷങ്ങള്‍ക്ക് ക്ഷണിക്കരുതെന്ന് മകനോട് അദ്ദേഹം കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ ലക്ഷ്മണ്‍ എഴുതിയ ആത്മകഥ (ദ ടണല്‍ ഓഫ് ടൈം) മറാത്തി ഭാഷയില്‍ പരിഭാഷപ്പെടുത്തി 'ലക്ഷ്മണ രേഖ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ ആദ്യപ്രതി ഒരു പിറന്നാള്‍ സമ്മാനമായി കൈപ്പറ്റി. കാര്‍ട്ടൂണ്‍ സമാഹാരങ്ങള്‍ അടക്കം പതിനൊന്ന് ഗ്രന്ഥങ്ങളാണ് ലക്ഷ്മണ്‍ പല കാലങ്ങളിലായി  പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹോട്ടല്‍ റിവൈറാ, ദ മെസഞ്ചര്‍ എന്നീ നോവലുകളും ബ്രഷിംഗ് അപ് ദി ഇയേഴ്‌സ് എന്ന ചരിത്രകൃതിയും (പെന്‍ഗ്വിന്‍ ബുക്‌സ്) അതില്‍പ്പെടും. യു സെഡ് ഇറ്റ് എന്ന കാര്‍ട്ടൂണ്‍ അനേകം പതിപ്പുകള്‍ പരമ്പരയായി പുസ്തക രൂപത്തിലിറങ്ങിയിട്ടുണ്ട്.

അടിസ്ഥാനപരമായി  താനൊരു ദോഷൈകദൃക്കും അശുഭാപ്തി വിശ്വാസിയുമാണെന്ന് ഏറ്റുപറയുന്ന ലക്ഷ്മണ്‍ ആര്‍ക്കും മാതൃകയാകാന്‍ ഇഷ്ടപ്പെടുന്നില്ല. അരനൂറ്റാണ്ട് മുംബൈയിലെ ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ചെറിയ മുറിയിലിരുന്ന് ലോകഗതി നിരീക്ഷിച്ച ലക്ഷ്മണ്‍ ഒരിക്കലും സമയമറിയാന്‍ ഒരു വാച്ച് അണിഞ്ഞില്ല. ''ചുറ്റുമുള്ള എല്ലാവര്‍ക്കും വാച്ച് ഉള്ളപ്പോള്‍ എനിക്കതിന്റെ ആവശ്യമില്ലെന്നു തോന്നി. പതിവ് കാര്‍ട്ടൂണ്‍ നല്‍കേണ്ട സമയം എന്റെ വാച്ച്മാന്‍ വന്ന് കൃത്യമായി ധരിപ്പിക്കുന്നു. വൈകുന്നേരം നാലു മണിയാകുമ്പോള്‍ എനിക്ക് ഓഫീസ് വിട്ടുപോകാമെന്നും അയാള്‍ ഓര്‍മ്മിപ്പിക്കും. പിന്നെന്തിന് ഒരു  വാച്ച്?'' - ഇതായിരുന്നു ലക്ഷ്മണ്‍ അതേപ്പറ്റി  പറഞ്ഞത്. കാലത്തിന്റെ അനുസ്യൂതമായ ഒഴുക്ക് ഒരു യന്ത്രത്തിന്റെ സഹായമില്ലാതെ തിരിച്ചറിയാനും സമയം സ്തംഭിച്ചു പോകുന്ന കഠിന ഹാസ്യം ചമയ്ക്കാനും ശീലമാക്കിയ ഒരാളെന്ന നിലയില്‍ ലക്ഷ്മണ്‍ ഹൃദയ ഘടികാരം കൊണ്ടാണ് ചരിത്രത്തെ നിര്‍ണ്ണയിച്ചത്. അതിന്റെ സൂചികള്‍ തനിക്കിഷ്ടമുള്ള രീതിയില്‍ ലക്ഷ്മണ്‍ മുന്നോട്ടും പിന്നോട്ടും തിരിച്ചു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ മാറാത്ത അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിപ്പോയ മനുഷ്യരുണ്ട്. നഗരങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണമനുഷ്യര്‍ നിരാലംബരും നിസ്സഹായരുമാണ്. ഭരണയന്ത്രം തിരിക്കുന്നവരോ വ്യവസ്ഥാപിത രാഷ്ട്രീയ അവതാരങ്ങളോ പാവപ്പെട്ട മനുഷ്യരുടെ ജീവിതം കാണാന്‍ കൂട്ടാക്കുന്നില്ല. നാടിന്റെ വികസനത്തെക്കുറിച്ചുള്ള പൊങ്ങച്ചം പറച്ചില്‍ മാത്രമേ ദിനപത്രങ്ങളില്‍ വായിക്കാനുള്ളൂ. ഇന്ത്യ ഒരു അനാഥ ശിശുവിനെപ്പോലെ തൊട്ടിലില്‍ കിടന്ന് കാലിട്ടടിച്ചു നിലവിളിക്കുന്നു. അതിന് വിശക്കുന്നു. പൊങ്ങച്ചക്കാരിയായ അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാതെ 'ചൈല്‍ഡ് കെയര്‍' എന്ന പുസ്തകം നിവര്‍ത്തിപ്പിടിച്ച് തൊട്ടടുത്തിരിക്കുന്നു. ആ അമ്മയുടെ മുഖം ഇന്ദിരാഗാന്ധിയുടേതായത് കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണിന്റെ കുറ്റമല്ലല്ലോ. മതസ്ഥാപനങ്ങള്‍ക്കും ദൈവങ്ങള്‍ക്കും സാധാരണമനുഷ്യരെ വേണ്ട. കഷ്ടപ്പെടുന്ന ജനങ്ങളെ മദര്‍ തെരേസയ്ക്കും ബാബ അംതെയ്ക്കും, മേഥ പഥ്ക്കര്‍ക്കും വിട്ടുകൊടുത്തിട്ട് ധനികരുടെ സല്‍ക്കാരപ്പന്തലില്‍ തിക്കിത്തിരക്കുകയാണ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗം. വത്തിക്കാനില്‍ മാര്‍പാപ്പയെ കാണുമ്പോള്‍ ലക്ഷ്മണ്‍ ആദ്യമായി ആ ചോദ്യം നേരിട്ടു. പോപ്പ് ചോദിച്ചു: ''താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?'' ലക്ഷ്മണ്‍ മറുപടിയായി ഒരു മറുചോദ്യം തൊടുത്തു. ''ദൈവം മനുഷ്യനില്‍ വിശ്വസിക്കുന്നുണ്ടോ?'' സാധാരണ മനുഷ്യര്‍ക്കുവേണ്ടി അര്‍ത്ഥവത്തായി ചിന്തിച്ച കലാകാരനെന്ന നിലയില്‍ 1984 ല്‍ രമണ്‍ മഗ്‌സാസെ അവാര്‍ഡ് ആര്‍.കെ.ലക്ഷ്മണ്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെ തേടിയെത്തി. ഒരു സ്ഥാപനവും പ്രസ്ഥാനവും ഇല്ലാതെ വരയെ വജ്രായുധമാക്കിയതിനു ലഭിച്ച അംഗീകാരം. രാഷ്ട്രീയ നേതാക്കളെ നിരന്തരം വേതാളങ്ങളെന്ന് വിളിക്കുന്ന ഈ കാര്‍ട്ടൂണിസ്റ്റിന് ഇന്ത്യാ ഗവണ്‍മെന്റ് പത്മവിഭൂഷന്‍ നല്‍കി ബഹുമാനിച്ചു. സിംബയോസിസ് അന്താരാഷ്ട്ര സര്‍വകലാശാലയില്‍ ആര്‍.കെ.ലക്ഷ്മണ്‍ ചെയര്‍ ഉണ്ട്. 'പൂന പണ്ഡിറ്റ്' അവാര്‍ഡ് അടക്കം വേറെയും നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലുണ്ട്.

ദേശീയ സ്വാതന്ത്ര്യപ്പുലരിയില്‍ ഒരു ബിരുദസര്‍ട്ടിഫിക്കറ്റും വരയ്ക്കാനുള്ള വാസനാ ബലവും മനസ്സു നിറയെ ആശയങ്ങളുമായി ചെന്നൈ വഴി മുംബെയിലെത്തിയ ലക്ഷ്മണ്‍ എന്ന 26 കാരന് ഫ്രീ പ്രസ്സ് ജേര്‍ണല്‍ പത്രത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി പണികിട്ടി. രണ്ടുവര്‍ഷം കഴിഞ്ഞ് ടൈംസ് ഓഫ് ഇന്ത്യയിലേക്ക് മാറി. അര നൂറ്റാണ്ടുകാലം പിന്നെ വേറെങ്ങും ജോലി തേടേണ്ടി വന്നില്ല. മൂത്ത സഹോദരന്‍ ആര്‍.കെ.നാരായണന്‍ മൈസൂറിലെ ജന്മഗ്രാമത്തെ 'മാല്‍ഗുഡി' എന്ന ഇതിഹാസ പ്രദേശമായി ഭാവന ചെയ്യുമ്പോള്‍ ലക്ഷ്മണ്‍ രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന ചരിത്രം കറുത്ത വരകളില്‍ തളച്ചിടുകയായിരുന്നു. 'വാഗ്ലേ കാ ദുനിയ' എന്ന പേരില്‍ ദൂരദര്‍ശന്‍ ലക്ഷ്മണ്‍ എന്ന ഗൗരവക്കാരനായ തമാശക്കാരന്റെ കഥ പരമ്പരയാക്കി. 'ആര്‍.കെ.ലക്ഷ്മണിന്റെ ലോകം' എന്നായിരുന്നു നിര്‍മ്മാതാവ് ക്രിസ്റ്റിനാ ഖോട്ട പരമ്പരയ്ക്കു നല്‍കിയ പേര്. ലക്ഷ്മണ്‍ ഇടപെട്ട് അതു തിരുത്തി. ദൂരദര്‍ശന്‍ പരമ്പരയില്‍ ഒരു കോമാളിയാകാന്‍ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെ നടീനടന്മാരെ വച്ച് അവര്‍ ലക്ഷ്മണ്‍ എന്ന വരയുടെ ഇതിഹാസത്തിന്റെ കഥ പറഞ്ഞു.

2012 ല്‍ തൊണ്ണൂറ്റൊന്നാം പിറന്നാളിന് ലക്ഷ്മണ്‍ സ്വീകരിച്ച ആശംസകള്‍ക്കിടയില്‍ ഫ്രീ പ്രസ്സിലെ  പഴയ സഹപ്രവര്‍ത്തകനായിരുന്ന ബാല്‍താക്കറെയുടെ സന്ദേശമുണ്ടായിരുന്നു. ഇക്കൊല്ലം ഒക്‌ടോബറില്‍ ആശംസ നേരാന്‍ താക്കറെ ഇല്ല. നേരവും കാലവും നോക്കാതെ ബലികാക്കകള്‍ ചക്രവാള സീമയില്‍ നിന്ന് ശ്യാമച്ചിറകുകള്‍ വീശി പറന്നിറങ്ങുന്നു. കാര്‍ട്ടൂണിസ്റ്റ് ലക്ഷ്മണ്‍ എല്ലാ കാക്കകളുടെയും ഉറ്റ തോഴനാണ്. ആ മാന്ത്രിക വിരലുകളില്‍ നിന്ന് ഇനിയൊരു കാക്ക വിരിഞ്ഞു പറക്കില്ലെന്നു വരാം. എങ്കിലും പൂനയിലെ അദ്ദേഹത്തിന്റെ നിശ്ശബ്ദ സാന്നിധ്യം പോലും ഒരാശ്വാസമാണെന്ന് ആരാ പറഞ്ഞത്? ആരും പറഞ്ഞില്ലെ? പറഞ്ഞു, യു സെഡ് ഇറ്റ്.