ക്രോണിക്ലിംഗ് അമേരിക്ക
അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ന്യൂസ് പേപ്പര്‍ വെബ്സൈറ്റാണ് http://chroniclingamerica.loc.gov. പത്രപ്രവര്‍ത്തന ചരിത്രത്തിലെ സുപ്രധാനങ്ങളായ പല പത്രങ്ങളുടെയും കോപ്പികള്‍ കണ്ടെത്താന്‍ ഈ സൈറ്റ് സഹായകമാകും. 1836 മുതല്‍ 1922 വരെയുള്ളതില്‍ ചരിത്രപ്രാധാന്യമുള്ള പേജുകള്‍ ഈ സൈറ്റില്‍ നിന്നു കണ്ടെത്താം. 1690 മുതല്‍ ഇന്നുവരെ അമേരിക്കയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ഡയറക്ടറിയും ഇതിലുണ്ട്. അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസും നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ദ് ഹ്യുമാനിറ്റീസും ചേര്‍ന്നു നടത്തുന്ന നാഷണല്‍ ഡിജിറ്റല്‍ ന്യൂസ്പേപ്പര്‍ പ്രോഗ്രാമിന്റെ ഭാഗമാണ് വെബ്സൈറ്റ്.അമേരിക്കയിലെ ഓരോ സംസ്ഥാനങ്ങള്‍ അടിസ്ഥാനമാക്കി പേജുകളോ ആര്‍ട്ടിക്കിളുകളോ തിരയാന്‍ ഇതില്‍ സൗകര്യമുണ്ട്. വര്‍ഷം അടിസ്ഥാനമാക്കിയും പത്രങ്ങള്‍ക്കായി തിരച്ചില്‍ നടത്താം. നിലവില്‍ 7,967,777 പേജുകളാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്. വാണിജ്യാവശ്യങ്ങള്‍ക്കല്ലാതെ ഈ പേജുകള്‍ ഉപയോഗിക്കാം. മറിച്ചുള്ള ആവശ്യങ്ങള്‍ക്ക് കോപ്പിറൈറ്റ് ഉടമസ്ഥരുടെ അനുമതി തേടണം. കോപ്പിറൈറ്റ് ഉണ്ടോ ഇല്ലയോ എന്നു നോക്കാതെയാണ് പേജുകള്‍ സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഇതിലെ ഏറ്റവും ആകര്‍ഷകമായ മറ്റൊരു വിഭാഗമാണ് ഡിജിറ്റല്‍ കളക്ഷന്‍സ് ആന്‍ഡ് സര്‍വീസസ്. വിഷയം തിരിച്ച് പത്രങ്ങള്‍ കണ്ടെത്താന്‍ ടോപിക്സ് വിഭാഗമുണ്ട്. ലോകചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ പത്രങ്ങള്‍ തിരയുന്നവര്‍ക്ക് ഒരു സ്വര്‍ണ ഖനിയാണ് ഈ വിഭാഗം. അനേകം വിഷയങ്ങളെ സംബന്ധിച്ച നൂറുകണക്കിനു പത്രങ്ങളുടെ പേജുകളാണ് ഇതില്‍ നിന്നു കണ്ടെത്താന്‍ സാധിക്കുക. പേജുകളെ ഫോട്ടോ രൂപത്തിലോ പി.ഡി.എഫ് ആയോ ടെക്സ്റ്റ് ആയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
എലെഫൈന്ഡ്
ചരിത്രപ്രാധാന്യമുള്ള പത്രങ്ങളുടെ പേജുകള്‍ കണ്ടെത്താനുള്ള ഒരു സെര്‍ച്ച് വെബ്സൈറ്റാണ് http://www.elephind.com. ഡിജിറ്റല്‍ ലൈബ്രറി സോഫ്റ്റ്വെയര് ആയ വെരിഡിയനില് പ്രവര്‍ത്തിക്കുന്ന എലെഫൈന്ഡ് ഇത്തരം വിവരങ്ങള്‍ നല്കുന്ന അനേകം സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.വിവിധ രാജ്യങ്ങളിലെ നാഷണല്‍ ലൈബ്രറികള്‍, വിവിധ സര്‍വകലാശാലകളിലെ ലൈബ്രറികള്‍, പ്രശസ്തമായ പൊതു ലൈബ്രറികള്‍ എന്നിവിടങ്ങളിലെ വിവരങ്ങള്‍ ഇതില്‍ കണ്ടെത്താം.1803 മാര്‍ച്ച് അഞ്ചു മുതല്‍ 2013 ഓഗസ്റ്റ് ഒന്നു വരെയുള്ള പ്രധാന സംഭവങ്ങളുടെ ശേഖരമാണിതില്. 2677 വിഷയങ്ങള്‍ സംബന്ധിച്ച് 2,633,188 പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ 141,628,238 ശേഖരം ഈ സൈറ്റില്‍ നിന്നു കണ്ടെത്താം.വിദേശ രാജ്യങ്ങളില്‍ പ്രധാന കുടുംബങ്ങളുടെ ചരിത്രങ്ങളും മറ്റും തെരയുന്നവര്‍ക്ക് വിവരങ്ങള്‍ കിട്ടാന്‍ ഇതിലും നല്ലൊരു സൈറ്റ് ഇല്ലെന്നാണ് ഇവരുടെ അവകാശവാദം. പല പേജുകളും നല്ല വ്യക്തതയോടെ ഡൗണ്‍ലോഡ് ചെയ്യാന്‍ പണം നല്‍കേണ്ടിവരും. മെയ്ലിംഗ് ലിസ്റ്റില്‍ ചേര്‍ന്നാല്‍ സൈറ്റില്‍ പുതുതായി ചേര്‍ക്കപ്പെടുന്ന വിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും. വാര്‍ത്താ ചരിത്ര കുതുകികള്‍ക്ക് ഏറെ സഹായകമായ വെബ്സൈറ്റാണിത്.
മീഡിയാ ലിറ്ററസി
മാധ്യമ മേഖലയെ സംബന്ധിച്ച നിരീക്ഷണവും പഠനവും നടത്തുന്നതിനൊപ്പം മാധ്യമ വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം നല്കുന്ന സ്ഥാപനമാണ് സെന്റര്‍ ഫോര്‍ മീഡിയാ ലിറ്ററസി. ഇവരുടെ വെബ്സൈറ്റ് ആയ www.medialit.org മാധ്യമ പഠനവും അവലോകനവും സംബന്ധിച്ച ചില കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാധ്യമ മേഖല സംബന്ധിച്ച വിജ്ഞാനം നല്‍കുന്നതാണ് ഇതിന്റെ ഉള്ളടക്കം.റീഡിംഗ് റൂം വിഭാഗത്തില്‍ നിന്ന് മാധ്യമങ്ങളെ സംബന്ധിച്ച പുതിയ രചനകള്‍ കിട്ടും. മീഡിയ ആന്‍ഡ് വാല്യൂസ് എന്ന വിഭാഗം മാധ്യമ വിശകലനമാണ്. പ്രഫഷണല്‍ ഡവലപ്മെന്റ്, അഡ്വക്കസി തുടങ്ങിയവയാണ് മറ്റു പ്രധാന വിഭാഗങ്ങള്‍. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സി.എം.എലിന്റെ ന്യൂസ് രജിസ്റ്റര്‍ ഇമെയിലില്‍ കിട്ടും. പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് ന്യൂസ് ലെറ്ററുകള്‍.