കോടതി റിപ്പോർട്ടിങ്ങിന്‌ മാർഗരേഖ വേണ്ടെന്ന്‌ സുപ്രീംകോടതി

പി. ബസന്ത്‌

കോടതിയുടെ പരിഗണനയിലുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിന്‌ മാധ്യമങ്ങൾക്ക്‌ പൊതുവായ മാർഗരേഖ തയ്യാറാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നതിന്‌ മാധ്യമങ്ങൾക്ക്‌ പൊതുവായ മാർഗരേഖ തയ്യാറാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, പരാതിയുള്ളവർക്ക്‌ വാർത്ത പ്രസിദ്ധീകരിക്കുന്നത്‌ വിലക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച്‌ നിർദേശിച്ചു.
സഹാര ഇന്ത്യാ റിയൽ എസ്റ്റേറ്റ്‌ കോർപ്പറേഷനും ‘സെബി’യും തമ്മിലുള്ള കേസിൽ ഇരുവരും നൽകിയ അപേക്ഷ തീർപ്പാക്കിയാണ്‌ സുപ്രീം കോടതിയുടെ വിധി. ചീഫ്‌ ജസ്റ്റിസിന്‌ പുറമെ, ജസ്റ്റിസുമാരായ ഡി. കെ. ജയിൻ, എസ്‌.എസ്‌.നിജ്ജർ, രഞ്ജനാ പ്രകാശ്‌ ദേശായ്‌, ജെ.എസ്‌. കേഹർ എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു.
കോടതി നടപടികൾ സംബന്ധിച്ച വാർത്ത നൽകുന്നത്‌ വിലക്കുന്നത്‌ കരുതൽ നടപടി മാത്രമാണെന്നും നിരോധനമോ ശിക്ഷാനടപടിയോ അല്ലെന്നും അഞ്ചംഗ ബെഞ്ച്‌ വ്യക്തമാക്കി. അതേസമയം, വാർത്ത പ്രസിദ്ധീകരിക്കുന്നത്‌ വിലക്കാനുള്ള കോടതി നിർദേശത്തെ യുക്തമായ രീതിയിൽ ചോദ്യം ചെയ്യാൻ മാധ്യമങ്ങൾക്ക്‌ അവകാശമുണ്ടായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രസിദ്ധീകരിച്ച വാർത്ത, നീതി ലഭിക്കാനുള്ള തന്റെ അവകാശത്തിലുള്ള കടന്നുകയറ്റമാണെന്നുകണ്ടാൽ കേസിലേ പ്രതിക്കോ പരാതിക്കാരനോ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം. കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ തടയണമെന്ന്‌ ആവശ്യപ്പെടാം. ഇരയുടെയും സാക്ഷികളുടെയും പരാതിക്കാരുടെയും പേരു വെളിപ്പെടുത്തരുതെന്നതുപോലുള്ള ആവശ്യങ്ങളും ഉന്നയിക്കാം. അത്‌ കോടതി അനുവദിക്കുന്നത്‌ ഹ്രസ്വകാലത്തേക്ക്‌ ആയിരിക്കണം. നീതി നിർവഹണത്തിനും ന്യായമായ വിചാരണയ്ക്കും യഥാർഥത്തിലും ഗുരുതരവുമായ ഭീഷണിയുണ്ടെങ്കിൽ മാത്രമേ വാർത്ത നൽകുന്നത്‌ തടയാൻ പാടുള്ളൂ.ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ പരിധികളുണ്ടെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ നിരീക്ഷിച്ചു. കോടതിയലക്ഷ്യമെന്ന ലക്ഷ്മണരേഖ മറികടക്കരുതെന്ന്‌ മാധ്യമപ്രവർത്തകർക്ക്‌ അദ്ദേഹം മുന്നറിയിപ്പു നൽകി.
നീതിപൂർവവും വസ്തുനിഷ്ഠവുമായ രീതിയിൽ കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിന്‌ നിയമം അനുവദിക്കുന്നു. കോടതികളിൽ നടക്കുന്നത്‌ എന്താണെന്ന്‌ അറിയാൻ മാധ്യമങ്ങൾക്ക്‌ അവകാശമുണ്ട്‌. ആ വിവരം പൊതുസമൂഹത്തിന്‌ കൈമാറുമ്പോൾ, കോടതി നടപടികളിലെ സുതാര്യതയിലുള്ള വിശ്വാസം വർധിക്കുകയാണ്‌ ചെയ്യുന്നത്‌. കോടതിയലക്ഷ്യത്തിന്റെ നിഴൽ നീതിന്യായ സംവിധാനത്തിന്‌ മുകളിലുണ്ട്‌. ഭരണത്തിലെ വീഴ്ചകളും അഴിമതിയും ഭരണസംവിധാനത്തിലെ കുറവുകളുമെല്ലാം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന പൊതു ജനങ്ങളുടെ പ്രതിനിധിയാണ്‌ മാധ്യമങ്ങൾ. മാധ്യമങ്ങളുടെ ഈ പ്രധാനപങ്ക്‌ കണക്കിലെടുത്താണ്‌ വാർത്ത പ്രസിദ്ധീകരിക്കുന്നത്‌ തടയുന്നതടക്കമുള്ള കരുതൽ നടപടികൾ എടുക്കുന്നത്‌.

Tags: