കൊഴിഞ്ഞുവീണു ഒരു പൂക്കാലം

വിദ്യാ ദീദിയെ സിംഹിണി എന്ന് ആരും വിളിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സിംഹങ്ങളെ വിറപ്പിച്ചിട്ടുള്ള അവര്‍ക്ക് ജീവിതം ഇരട്ടപ്പോരാട്ടമായിരുന്നു. പ്രസ്ഥാനത്തിനുള്ളിലും പുറത്തും അനീതിയുടെ കോട്ടകള്‍ ഉയര്‍ന്നു വളര്‍ന്നപ്പോള്‍ സന്ധിയില്ലാതെ സമരം ചെയ്യാന്‍ വിദ്യാ മുന്‍ഷി ആരെയും ഭയപ്പെട്ടില്ല. അതുകൊണ്ടു അധികാരരാഷ്ര്ടീയത്തിന്റെ പടവുകളിലൊന്നും അവരെ നമ്മള്‍ കണ്ടില്ലെങ്കിലും ഇന്ത്യയിലെ ബുദ്ധിജീവി സമൂഹം വിദ്യാമുന്‍ഷിയെന്ന പേരു ആദരവോടെ ഓര്‍ക്കും. കഴിഞ്ഞ ജൂലായ് ഏഴിനു രാജ്യത്തെ ആദ്യത്തെ പത്രപ്രവര്‍ത്തകയായ വിദ്യാമുന്‍ഷി കൊല്‍ക്കത്തയിലെ വസതിയില്‍ അന്ത്യശ്വാസം വലിച്ചപ്പോള്‍ ഹൂഗ്ലി നദിയില്‍ ചുവന്ന സൂര്യന്‍ മുങ്ങി മറഞ്ഞു. സമരപുകളകങ്ങളുടെ ഒരു യുഗം അസ്തമിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴാണു വിദ്യയെന്ന കൗമാരപ്രായക്കാരിയെ ചുവന്ന തത്ത്വശാസ്ത്രം ഏറെ ആകര്‍ഷിച്ചത്. സമത്വസുന്ദരമായ ഒരു മാനവലോകം സൃഷ്ടിക്കാന്‍ ജര്‍മന്‍ മാമുനിമാര്‍ കണ്ട കിനാവുകള്‍ വിദ്യയുടെ ഏകാന്ത രാവുകളെ പ്രകാശമാനമാക്കി. ഇംഗ്ലണ്ടില്‍ വൈദ്യശാസ്ത്ര പഠനത്തിനു പോയ വിദ്യ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്നു. യൂറോപ്പിലെങ്ങും കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രചരണ പരിപാടികള്‍ സജീവമായിരുന്നു. പാര്‍ട്ടിയുടെ പോരാട്ടങ്ങളിലെല്ലാം പങ്കെടുത്ത വിദ്യ വൈദ്യപഠനം പാതിവഴിയിലുപേക്ഷിച്ചു. രണ്ടാം ലോകയുദ്ധം അവസാനിക്കും വരെ കോളേജില്‍ പോയില്ല. യുദ്ധം കഴിഞ്ഞപ്പോള്‍ വൈദ്യശാസ്ര്തത്തോട് മുമ്പ് തോന്നിയ താല്‍പര്യം തീരെ ഇല്ലാതായി. സമൂഹത്തിന്റെ രോഗം വ്യക്തികളുടെ രോഗങ്ങളെക്കാള്‍ ഗുരുതരമാണെന്നും അത് ചികിത്സിക്കാനുള്ള മരുന്നാണ് മാര്‍ക്‌സിസം എന്നും വിദ്യ വിശ്വസിച്ചു. റോയല്‍ കോളേജില്‍ തന്റെ പഠനകോഴ്‌സിന്റെ അവസാന വര്‍ഷ പരീക്ഷ തുടങ്ങിയ ദിവസം യുവജന ഫെഡറേഷന്റെ ലോകസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദ്യ പാരീസിലേക്ക് പോയി.
'യുദ്ധകാലസ്മരണകളും സ്ത്രീപ്രസ്ഥാനചിന്തകളും' എന്ന ഗ്രന്ഥത്തില്‍ വിദ്യാമുന്‍ഷി തന്റെ വ്യക്തിത്വത്തിലെ ആ പരിവര്‍ത്തനകാലത്തെകുറിച്ച് ഇങ്ങനെ എഴുതുന്നു: 'ബോംബെയില്‍ അഭിഭാഷകനായ അച്ഛന് ഞാന്‍ എന്റെ തീരുമാനം എഴുതി. അദ്ദേഹത്തിന്റെ മറുപടിക്കു കാത്തുനില്‍ക്കാതെ പാരീസിലേക്ക് പുറപ്പെട്ടു. മറുപടി അനുകൂലമാകാനിടയില്ലെന്നറിയാമായിരുന്നു. എന്നാലും എന്റെ തീരുമാനത്തിനു മാറ്റം വരുത്താന്‍ ഇഷ്ടപ്പെട്ടില്ല. സമ്മേളനം കഴിഞ്ഞു ഇംഗ്‌ളണ്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛന്റെ മറുപടി കാത്തു കിടന്നു: ''നിനക്കു ശരിയെന്ന് ബോധ്യമുള്ളത് ചെയ്യാം. അതിന്റെ പേരില്‍ പിന്നീട് ദുഃഖിക്കാന്‍ ഇടവരരുത്. രാഷ്ര്ടീയം സാഹസവൃത്തിയാണ്. മൂര്‍ച്ചയുള്ള വാളിന്റെ വായ്ത്തലയിലൂടെയുള്ള സഞ്ചാരമാണത്. നിന്റെ മൃദുപാദങ്ങള്‍ മുറിയാതിരിക്കട്ടെ'''ഒന്നാം റാങ്കോടെ പത്താം ക്ലാസ് ജയിച്ച വിദ്യ ബോംബെയില്‍ പഠിച്ചു ഒരു ഡോക്ടര്‍ ആയിക്കാണാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. പക്ഷേ ചെറുപ്പത്തില്‍ തന്നെ സാഹസവൃത്തി വിദ്യ ഇഷ്ടപെട്ടു. വൈദ്യപഠനം ഇംഗ്ലണ്ടില്‍ മതിയെന്നത് വിദ്യയുടെ വാശി ആയിരുന്നു. അമ്മ എതിര്‍ത്തു. പെണ്‍കുട്ടി കടല്‍കടന്ന് ഒറ്റയ്ക്ക് അന്യ രാജ്യത്ത് പോയി പഠിക്കേണ്ട എന്ന നിലപാടായിരുന്നു അമ്മയുടേത്. എന്നാല്‍ മുത്തശ്ശി വിദ്യയെ പിന്തുണച്ചു. അവര്‍ വിദ്യയുടെ അമ്മയെ സമാധാനിപ്പിച്ചു. ''അവളുടെ അച്ഛനു പണമുണ്ട് അവള്‍ക്ക് ധൈര്യവുമുണ്ട്. പിന്നെന്തു വേണം? വിദ്യ ശീമയില്‍ പോയി വരട്ടെ,'' എന്നായിരുന്നു മുത്തശ്ശിയുടെ വാക്കുകള്‍. പാഠപുസ്തകങ്ങള്‍ പെട്ടന്നു വായിച്ചു തീര്‍ത്തു. പൊതു വിജ്ഞാനകൃതികളും കഥകളും വായിക്കാന്‍ ചെറുപ്പത്തില്‍ വിദ്യ ഉത്സാഹിയായി. രാഷ്ര്ടീയം അതിനിടെ എപ്പോഴോ തലയ്ക്കകത്തു കൂടുവച്ചു. ഇംഗ്‌ളണ്ടിലെ അന്നത്തെ പൊതുസ്ഥിതിയും ലോകഗതിയും അതിനു മതിയായ കാരാണങ്ങളാകാം. ജര്‍മനി-ജപ്പാന്‍-തുര്‍ക്കി എന്നിവര്‍ ചേര്‍ന്ന യാഥാസ്ഥിതിക ചേരി ലോകത്തെ വിഴുങ്ങാന്‍ വരുന്നു. വിപഌാനന്തര റഷ്യയും ഇംഗ്‌ളണ്ടും അമേരിക്കയും ചേര്‍ന്ന പുരോഗമന ശക്തി അതിനെ ചെറുക്കുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്ക് പുരോഗമന ശക്തികളുടെ ജയം ഉറപ്പാക്കണമെന്ന് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ വിശ്വസിച്ചു. അതിനു വേണ്ടി രൂപം കൊണ്ട ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളില്‍ സജീവമാകുകയും ചെയ്തു. യുദ്ധം കഴിഞ്ഞു. പാരീസില്‍ യുവജന ഫെഡറേഷന്‍ സമ്മേളനവും കഴിഞ്ഞു. വൈദ്യശാസ്ര്ത പഠനത്തിലേക്ക് മടങ്ങിപ്പോകാന്‍ വിദ്യയ്ക്ക് താല്‍പര്യമില്ലാതായി. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരം വഴിവിട്ടുപോകുകയാണെന്നും സാമൂഹിക രോഗങ്ങളുടെ പിടിയില്‍ അമര്‍ന്ന ഇന്ത്യയില്‍ അടിസ്ഥാനമാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയില്ലെന്നും വിദ്യ വിശ്വസിച്ചു. സി.പി.ഐയില്‍ അംഗത്വമെടുത്ത് കല്‍ക്കത്തയില്‍ തിരിച്ചെത്തിയ വിദ്യ യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും പാര്‍ട്ടിയില്‍ അണിനിരത്താന്‍ പരിശ്രമിച്ചു. സ്റ്റുഡെന്റ് എന്ന മാസികയുടെ എഡിറ്റര്‍ ആയ സുനില്‍ മുന്‍ഷിയെ ആയിടെ പരിചയപ്പെട്ടു. ഗുജറാത്തിയായ ഒരു ഭൗമശാസ്ര്തജ്ഞന്‍ കൂടിയായിരുന്നു ആ ചെറുപ്പക്കാരന്‍. സുനില്‍ തന്റെ നാട്ടുകാരനായ ഗാന്ധിജിയുടെ ആശയങ്ങളോട് വിയോജിച്ചു കൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചത്. വിദ്യയുമായുള്ള സൗഹൃദം പ്രണയമായി വളര്‍ന്നു. പാര്‍ട്ടിയുടെ അനുഗ്രഹത്തോടെ അവര്‍ വിവാഹിതര്‍ ആയി. അങ്ങനെ വിദ്യ എന്ന തീപ്പൊരി പെണ്‍കുട്ടി വിദ്യാമുന്‍ഷിയായി അറിയപ്പെട്ടു തുടങ്ങി. പ്രസംഗം, ലേഖനവിദ്യ, ചേരികളിലും വിദ്യാലയങ്ങളിലും സംഘടനാപ്രവര്‍ത്തനം എന്നിവയായിരുന്നു പാര്‍ട്ടി വിദ്യാമുന്‍ഷിയെ ഏല്‍പ്പിച്ച ജോലികള്‍. പാര്‍ട്ടിയുടെ മുഖപത്രമായ 'കാലാന്തറി'ന്റെ ഭരണ സമിതിയില്‍ വിദ്യ അംഗമായി. എങ്കിലും നിത്യജീവിതം പ്രയാസകരമായിരുന്നു. നിയതമായ വരുമാനമില്ല. മുഴുവന്‍ സമയവും പാര്‍ട്ടിജോലിയുണ്ട്. സുനില്‍ മുന്‍ഷിയുടെയും സ്ഥിതിയും അതുതന്നെ. തന്നിഷ്ടപ്രകാരം ജീവിക്കുന്ന വിദ്യ ചെലവിനു മാതാപിതാക്കളെ ആശ്രയിക്കുന്നതെങ്ങനെ? 'ബ്ലിറ്റ്‌സ്' വാരികയുടെ പത്രാധിപര്‍ ആര്‍.കെ.കരണ്‍ജിയയ്ക്ക് വിദ്യ ഒരു കത്തയച്ചു. ഒട്ടും വൈകിയില്ല, കല്‍ക്കത്തയിലെ കറസ്‌പോണ്ടന്റ് ആയി വിദ്യാമുന്‍ഷിയെ നിയമിച്ചു കൊണ്ട് കരണ്‍ജിയ മറുപടി അയച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടര്‍ അങ്ങനെ 1952-ല്‍ ഔപചാരികമായി കല്‍ക്കത്തയില്‍ പിറവിയെടുത്തു. വിദ്യാമുന്‍ഷിയിലെ എഴുത്തുകാരി പക്വത കൈവരിച്ച പത്തു കൊല്ലം 'ബ്ലിറ്റ്‌സ്' വാരികയിലെ ജോലിക്കാലമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം നീങ്ങി. 'കല്‍ക്കത്ത തീസിസ്' പാര്‍ട്ടി ഉപേക്ഷിച്ചു. ദേശീയ പൊതുതിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികള്‍ രംഗപ്രവേശനം ചെയ്തു. വിദ്യാമുന്‍ഷി സ്ഥാനാര്‍ത്ഥിയാകാന്‍ പ്രേരണയുണ്ടായെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. പത്രപ്രവര്‍ത്തനതിന്റെ മായികവെളിച്ചം മനസിനെ വലയം ചെയ്തതിനാല്‍ മുഴുവന്‍ സമയ രാഷ്ര്ടീയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വിദ്യ ഇഷ്ടപ്പെട്ടു. ആയിടെ ഹോങ്കൊങ്ങില്‍ നിന്നു കല്‍ക്കത്തക്ക് പറന്ന ഒരു വിമാനത്തില്‍ നിന്ന് സുന്ദര്‍ബന്‍ ദ്വീപില്‍ വീണ സ്വര്‍ണ്ണപ്പൊതികള്‍ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ച സംഭവം വിദ്യാ മുന്‍ഷിയുടെ സ്‌കൂപ്പ് റിപ്പോര്‍ട്ട് ആയി 'ബ്ലിറ്റ്‌സ്' പ്രസിദ്ധീകരിച്ചു. പൈലറ്റ് നടത്തിയ കള്ളകടത്ത് കണ്ടുപിടിക്കപ്പെട്ടു. അസന്‍സോളിലെ ചിനാകുരി ഖനിദുരന്തത്തില്‍ നിരവധി തൊഴിലാളികള്‍ മരിച്ച സംഭവത്തെ കുറിച്ചു വിദ്യ എഴുതിയ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തി. ഉത്പല്‍ദത്ത് പിന്നീട് ആ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി എഴുതിയ നാടകം ഏറെ പ്രശസ്തമായി. പത്രപ്രവര്‍ത്തനത്തില്‍ തിളങ്ങി നില്‍ക്കെ 1962-ല്‍ വിദ്യാ മുന്‍ഷി ബ്ലിറ്റ്‌സിലെ ജോലി ഉപേക്ഷിച്ച് വീണ്ടും രാഷ്ര്ടീയത്തില്‍ സജീവമായി. സി. പി. ഐയില്‍ ആശയസമരം നടക്കുന്നു. ഇന്ത്യ-ചൈന യുദ്ധം പാര്‍ട്ടിയിലുണ്ടാക്കിയ ചേരിതിരിവ് നേതാക്കളെ പലരെയും പ്രതിസന്ധിയിലാക്കി. കമ്യൂണിസ്റ്റ് ചൈനയെ സ്‌നേഹിക്കുന്നവര്‍ക്ക് യുദ്ധത്തോടും അതിനുള്ള കാരണങ്ങളോടും പൊരുത്തപ്പെടാനായില്ല. എന്നാല്‍ സൊഷ്യലിസ്റ്റ് ആയ നെഹ്‌റുവിന്റെ സോവിയറ്റ് ചായ്‌വിനോടും നിലപാടുകളോടും ഇഷ്ടമുള്ള ധാരാളം പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. സംയുക്ത സാമ്പത്തിക നയമാണ് നെഹ്‌റു ഭരണകൂടം സ്വീകരിച്ചതെങ്കിലും ആസൂത്രണകാര്യങ്ങളില്‍ പഞ്ചവത്സരപദ്ധതി പോലുള്ള വികസന പരിപാടികള്‍ സോവിയറ്റ് യൂണിയനില്‍ നിന്നു പകര്‍ത്തിയതായിരുന്നു. ഇന്ത്യന്‍ ദേശീയതയെന്ന പരമയാഥാര്‍ത്ഥ്യത്തെ മാനിക്കാതെ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ നിലനില്‍ക്കുമെന്ന അടിസ്ഥാന ചോദ്യം കമ്യൂണിസ്റ്റുകാരുടെ ഉള്ളില്‍ ഉത്തരം കിട്ടാതെ മുഴങ്ങിക്കൊണ്ടിരുന്നു. ചൈനയോട് ചായ്‌വുള്ളവര്‍ക്ക് ഇന്ത്യന്‍ ദേശീയത ഒരു കള്ളനാണയമാണെന്ന് തോന്നി. കേന്ദ്രീകൃത ജനാധിപത്യമെന്ന കമ്യൂണിസ്റ്റ് നിലപാട് സ്വീകരിച്ചുകൊണ്ട് അക്കൂട്ടര്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയി. ജനകീയ ജനാധിപത്യവാദികള്‍ പാര്‍ട്ടിയില്‍ ഉറച്ചു നിന്നു. ഇറങ്ങിപ്പോയവര്‍ 1964-ല്‍ സി.പി.ഐ-എം രൂപീകരിച്ചു. ദേശീയവാദവും സോവിയറ്റ് ചായ്‌വും പുലര്‍ത്തിയവര്‍ക്കൊപ്പം സി.പി.ഐയില്‍ തുടര്‍ന്ന വിദ്യാമുന്‍ഷിക്കു പടിഞ്ഞാറെ ബംഗാളില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ കൊഴിഞ്ഞു പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. കേരളത്തില്‍ ഇ.എം.എസും എ.കെ.ജിയും നിന്ന ഭാഗത്തായിരുന്നു കൂടുതല്‍ കമ്യൂണിസ്റ്റ് അണികള്‍ എന്നതുപോലെതന്നെ അവിടെയും സംഭവിച്ചു. അതിനു രാഷ്ര്ടീയ യുക്തികളില്ലായിരുന്നെങ്കിലും വൈകാരിക പിന്‍ബലമുണ്ടായിരുന്നു. നെഹ്‌റുവിന്റെ ജീവചരിത്രം ആരാധനയോടെ മലയാളത്തില്‍ എഴുതിയിട്ടുള്ള ഇ.എം.എസ് രാഷ്ര്ടീയ വേദികളില്‍ നെഹ്‌റുവിനെ ദേശീയ ബൂര്‍ഷ്വാസിയുടെ ഇടനിലക്കാരനായി വിമര്‍ശിച്ചു. ഈ വൈരുദ്ധ്യം കണ്ടിട്ടൊന്നുമല്ലല്ലോ ഏതു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരണമെന്ന് സാധാരണക്കാരന്‍ തീരുമാനിക്കുന്നത്. മാതൃകമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രബലരായ നേതാക്കളെല്ലാം അടിയുറച്ചു നിന്നപ്പോള്‍ അണികളേറെയും പുതുതായി രൂപംകൊണ്ട സി.പി.എമ്മിലേക്ക് ഒഴുകിപ്പോയി. വിദ്യാമുന്‍ഷിക്ക് ശരിയായ പാത ഏതെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. പക്ഷേ അണികള്‍ക്ക് ആ ശരി സ്വീകാര്യമായില്ലെന്ന് ഖേദപൂര്‍വം വിദ്യ രേഖപ്പെടുത്തുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സജീവമായി ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ടതോടെ വിപ്ലവ പ്രവര്‍ത്തനം പേരിനുപോലും ഇല്ലാതായെന്ന് വിദ്യാമുന്‍ഷി സമ്മതിക്കുന്നുണ്ട്. പടിഞ്ഞാറെ ബംഗാളിലെ സിലിഗുഢി ജില്ലയില്‍പെട്ട നക്‌സല്‍ബാരിഗ്രാമത്തില്‍ ചൈനയുടെ ഒത്താശയൊടെ രൂപമെടുത്ത തീവ്രവിപ്ലവ പ്രസ്ഥാനം ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നയങ്ങളോടുള്ള തീവ്ര നൈരാശ്യത്തിന്റെ ഫലമായിരുന്നു. ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമെന്ന് വിളിക്കപ്പെട്ട നക്‌സല്‍ബാരി പ്രസ്ഥാനവും ചരിത്രത്തില്‍ ഓര്‍മ്മത്തെറ്റുപോലെ അലസിപ്പോയി. സിദ്ധാര്‍ത്ഥശങ്കര്‍ റേയുടെ ബുദ്ധിസാമര്‍ത്ഥ്യവും ഇന്ദിരാഗാന്ധിയുടെ ഭരണസാരഥ്യവും ഏകോപിപ്പിച്ചാല്‍ ഇന്ത്യയില്‍ മാറ്റമുണ്ടാകുമെന്ന് കരുതിയ വിദ്യാമുന്‍ഷി കേരളത്തിലെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ അഭിമാനിച്ചു. കോണ്‍ഗ്രസ്-സി.പി.ഐ ഐക്യഭരണത്തിന്റെ കാലമായിരുന്നല്ലോ അത്. പക്ഷേ അടിയന്തരാവസ്ഥ വിദ്യയുടെ കിനാവുകളെ തകര്‍ത്തു കളഞ്ഞു. ഭരണഘടനാവിദഗ്ദ്ധനായ എസ്.എസ്. റേയുടെ ഉപദേശപ്രകാരമാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അമിതാധികാരങ്ങളൊടെ ഏകാധിപതിയായതെന്ന വസ്തുത എല്ലാ ജനാധിപത്യ പ്രേമികളെയും ദു:ഖിപ്പിച്ചു. വിദ്യാമുന്‍ഷിയെ പോലുള്ളവര്‍ നിലപാടുകളില്‍ നിന്ന് ഉള്‍വലിഞ്ഞു. സ്ര്തീകളുടെ അവകാശസമരങ്ങളില്‍ മുന്നണിപ്പോരാളിയായി മാറിയ അവര്‍ പിന്നീട് സി.പി.ഐക്കുള്ളിലും ഒരു റെബല്‍ ആയി അറിയപ്പെട്ടു.അമേരിക്കയില്‍ ഉയര്‍ന്നുവന്ന സ്ത്രീവിമോചന പോരാട്ടങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് 1980 മുതല്‍ ഇന്ത്യന്‍ ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ മുന്നണിയില്‍ വിദ്യാമുന്‍ഷിയെ കണ്ടപ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നിയില്ല. സോഷ്യലിസ്റ്റ് സമൂഹം യാഥാര്‍ത്ഥ്യമായാലും സ്ത്രീകളുടെ അവകാശങ്ങളും അവശതകളും പരിഹരിക്കപ്പെടണമെന്നില്ലെന്ന് വിദ്യ വീറോടെ വാദിച്ചപ്പോള്‍ പാര്‍ട്ടിനേതാക്കളുടെ പുരികം ഉയര്‍ന്നു. ഏതു വ്യവസ്ഥയിലും സ്ത്രീനീതി ഉറപ്പാക്കാന്‍ സ്ത്രീകള്‍ സ്വമേധയാ പൊരുതണമെന്ന് സ്വാനുഭവങ്ങള്‍ നിരത്തി വിദ്യാമുന്‍ഷി വാദിച്ചു. ദീര്‍ഘകാലം പശ്ചിമബംഗാളിലെ വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് തന്റെ നിലപാടുകള്‍ക്ക് പ്രാചാരം നല്‍കാനാണ് അവര്‍ ശ്രമിച്ചത്. പാര്‍ട്ടിഭേദമന്യേ സ്ര്തീസമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ഇക്കാര്യത്തില്‍ അവര്‍ നേടി. വേല ചെയ്യുന്നവരുടെ വേദപുസ്തകം കമ്യൂണിസമാണെന്ന് വിശ്വസിച്ച വിദ്യ ബംഗാളിലെ തൊഴിലാളി സ്ത്രീകള്‍ക്കു വേണ്ടിയാണ് സദാ ശബ്ദിച്ചുകൊണ്ടിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ സി.രാജേശ്വരറാവു ഒരിക്കല്‍ വിദ്യയെ ചൂണ്ടിക്കൊണ്ട് ഇങ്ങനെ ചോദിച്ചു: ''ഇതുപോലെ വീറുള്ള സ്ത്രീകളാരും എന്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പുതുതായി വരുന്നില്ല?'' ആ ചോദ്യത്തിനു വിദ്യ തന്നെ മറുപടി പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിലെ കടല്‍കിഴവന്മാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നിലവിലുള്ള സ്ത്രീകളും പാര്‍ട്ടി വിട്ടുപോകുമെന്ന് അവര്‍ തുറന്നടിച്ചു. കമ്യൂണിസ്റ്റ് കുലപതികളെ വിദ്യയുടെ വാക്കുകള്‍ ചൊടിപ്പിച്ചു. നേതൃത്വം അവരോട് വിശദീകരണം തേടി. ആത് ഒരു അവസരമായി വിദ്യ കരുതി. സിംഹത്തെ അതിന്റെ മടയില്‍ ചെന്നു കീഴടക്കുന്നതിന്റെ ആവേശം ഒന്നു വേറെ തന്നെ. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അവഗണിക്കപ്പെട്ട ഒരു ദുര്‍ബല വിഭാഗമാണ് സ്ത്രീകള്‍. അവര്‍ക്ക് അര്‍ഹമായ സ്ഥാനമോ പദവികളോ ഇല്ല. അവരുടെ ശബ്ദം ഉയരാന്‍ പോലും നേതാക്കള്‍ അനുവദിക്കുന്നില്ല. പരിഷ്‌കൃത സമൂഹം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷാധിപത്യ പ്രവണതകള്‍ പലതും വികൃതമാംവിധം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് സോദാഹരണം വിദ്യ തുറന്നടിച്ചപ്പോള്‍ നേതാക്കള്‍ക്ക് ഉത്തരം മുട്ടി.പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായി മുഴുകാന്‍ പറ്റാത്തവിധം വിദ്യാമുന്‍ഷി ഒരു സംഘടനാ വ്യക്തിത്വമായി പരിണമിച്ചു പോയിരുന്നു. തന്റെ സംഘടന ഒരു വ്യവസ്ഥാപിത സ്ഥാപനമായി അധഃപതിക്കുന്നത് കണ്ട് അതില്‍ നിന്ന് പുറത്ത് പോകാന്‍ പോലും കഴിയാതെ ദുഃഖിതയായി തീര്‍ന്ന ഒരു ഏകാന്ത പോരാളി ആയിരുന്നു അവര്‍. രാഷ്ര്ടീയക്കാര്‍ക്കിടയിലെ പത്രപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകര്‍ക്കിടയിലെ രാഷ്ര്ടീയജീവിയും ആയിരിക്കെ 94-ാം വയസ്സില്‍ വിദ്യാമുന്‍ഷി അന്തരിച്ചു. ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവര്‍ത്തകയെന്ന വിശേഷണം പേറി ആരാലും പ്രകീര്‍ത്തിക്കപ്പെടാതെ, ഏറെക്കുറെ വിസ്മൃതമായി കൊഴിഞ്ഞു പോയി ഒരു കാലം.

പി. സുജാതന്‍