കേരള പ്രസ്‌ അക്കാദമി എന്തിന്‌ വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ ?

എൻ.പി.രാജേന്ദ്രൻ; എഡിറ്റർ, മീഡിയ

കേരള പ്രസ്‌ അക്കാദമി എന്തിന്‌ വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌?

അക്കാദമിയുടെ ഭരണഘടനയിൽ സ്ഥാപനത്തിന്റെ പ്രവർത്തനപരിപാടിയെകുറിച്ചും ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്‌. കേരളത്തിലെ മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായും ബൗദ്ധികവുമായ നിലവാരമുയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ അക്കാദമി നടത്തേണ്ടത്‌. അതിൽ ക്ളാസ്സുകൾ, പഠനപരിപാടികൾ, ചർച്ചാസമ്മേളനങ്ങൾ, സെമിനാറുകൾ, പഠനപര്യടനങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതെല്ലാം സംഘടിപ്പിക്കുകയാണ്‌ ഈ അക്കാദമിയുടെ ചുമതല വഹിക്കുന്ന ഭരണസമിതിയുടെ മുഖ്യഉത്തരവാദിത്തം.

ഈ സ്ഥാപനം രൂപംകൊണ്ട എഴുപതുകളിലേക്ക്‌ ഒന്ന്‌ തിരിഞ്ഞുനോക്കേണ്ടതുണ്ട്‌. മാധ്യമസ്ഥാപനങ്ങൾ പ്രൊഫഷനലിസത്തിലേക്ക്‌ മെല്ലെ കടന്നുവരുന്നേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ പാർട്ടികളുടെയും മറ്റുപല താല്പര്യങ്ങളുടെയും പ്രചാരകരായി പ്രവർത്തിച്ചുപോന്ന പത്രങ്ങളിൽ വിദ്യാസമ്പന്നരായ പുതിയ തലമുറ കടന്നുവരികയും അവർ പത്രപ്രവർത്തനത്തിന്റെ രീതികൾ പുനർനിർവചിക്കുകയും ചെയ്തുപോന്ന കാലമായിരുന്നു അത്‌. ഒരു ട്രേഡ്‌ യൂണിയനായി ഫലപ്രദമായി പ്രവർത്തിച്ചുപോന്ന കേരള പത്രപ്രവർത്തക യൂണിയൻ ആണ്‌ തൊഴിൽ പരിശീലനവും മാധ്യമപഠനവും പത്രപ്രവർത്തകർക്ക്‌ വേണ്ടി സംഘടിപ്പിച്ചുതുടങ്ങിയത്‌. പത്രപ്രവർത്തന പരിശീലന ശില്പശാലകളും പഠനക്കളരികളും സംഘടിപ്പിക്കുന്നത്‌ പതിവായി. ഇതിനായി ന്യൂസ്ക്രാഫ്റ്റ്‌ എന്നൊരു വിഭാഗം തന്നെ യൂണിയൻ തുടങ്ങി. പത്രപ്രവർത്തകൻ മാസിക തുടങ്ങിയതും ഇക്കാലത്തുതന്നെയാണ്‌.
പല പ്രവർത്തനങ്ങൾക്കിടയിൽ വല്ലപ്പോഴും നടത്തേണ്ട ഒന്നല്ല പ്രൊഫഷനൽ പരിശീലനമെന്ന തിരിച്ചറിവുണ്ടായി. ചരൽക്കുന്നിൽ സംഘടിപ്പിച്ച ഒരു പരിശീലന കളരിയിലാണ്‌ ആദ്യമായി പ്രസ്‌ അക്കാദമി എന്ന ആശയം ചർച്ച ചെയ്യപ്പെട്ടത്‌. ജി.വേണുഗോപാൽ ആയിരുന്നു അന്ന്​‍്‌ യൂണിയൻ പ്രസിഡന്റ്‌. ടി.കെ.ജി.നായർ, തോമസ്‌ ജേക്കബ്‌, പി.രാജൻ, എൻ.വി.പൈലി, കെ.എം.റോയി, മലപ്പുറം പി. മൂസ, വി.കെ.ബി., എൻ.എൻ.സത്യവ്രതൻ തുടങ്ങിയവരാണ്‌ ആ ചിന്തയ്ക്കു കരുത്തും ദിശാബോധവുമേകിയതെന്ന്‌ അന്ന്‌ യൂണിയൻ ജനറൽ സിക്രട്ടറിയായിരുന്ന ടി.വേണുഗോപാൽ ഒരു അഭിമുഖ സംഭാഷണത്തിൽ ഓർക്കുന്നുണ്ട്‌.  (ഡേറ്റ്ലൈൻ-ചരിത്രത്തെ ചിറകിലേറ്റിയവർ-കെ.എ.ബീന, ഗീതാബക്ഷി) അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ്‌ പബ്ളിക്‌ റിലേഷൻസ്‌ ഡയറക്റ്റർ തോട്ടം രാജശേഖരനെ അക്കാദമി രൂപവൽക്കരിക്കാൻ ചുമതലപ്പെടുത്തിയത്‌. പിന്നീട്‌ പി.കെ.വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ അക്കാദമി രൂപവൽക്കരിച്ചത്‌.
എന്തിനാണ്‌ ഈ പഴങ്കഥകൾ വിവരിക്കുന്നത്‌ എന്നുതോന്നാം. തിരിഞ്ഞുനോക്കാതെ മുന്നോട്ട്‌ പോകാനാകാവില്ലെന്ന സത്യം നാം അറിയണം. അക്കാദമിയെ സംബന്ധിച്ച ഭരണപരമായ തീരുമാനമെടുക്കുന്ന പലർക്കും ഈ അക്കാദമി എന്താണ്‌ എന്തിനാണ്‌ എന്നതിനെ കുറിച്ച്‌ ഒരു ധാരണയുമില്ല, പല തെറ്റിദ്ധാരണകളുമുണ്ടുതാനും. പത്രപ്രവർത്തകർക്ക്‌ പുതിയ അറിവുകൾ ഉണ്ടാക്കുന്നതിനും തൊഴിൽപരമായി അവരെ ഉയർത്തുന്നതിനും ആണ്‌ ഈ സ്ഥാപനം ദീർഘവീക്ഷണമുള്ള മഹാരഥന്മാർ തുടങ്ങിവെച്ചത്‌. അക്കാദമി തുടങ്ങി കുറെ വർഷങ്ങൾക്ക്‌ ശേഷമാണ്‌ അക്കാദമിയിൽ ജേണലിസം ഡിപ്ളോമ കോഴ്സ്‌ തുടങ്ങിയത്‌. കാൽനൂറ്റാണ്ട്‌ പിന്നിട്ടപ്പോൾ പലരും ധരിച്ചിരിക്കുന്നത്‌ ജേണലിസം ഡിപ്ളോമ കോഴ്സ്​‍്‌ നടത്താനാണ്‌ അക്കാദമി സ്ഥാപിച്ചത്‌ എന്നാണ്‌. അക്കാദമി നടത്തേണ്ട പല പ്രവർത്തനങ്ങളിൽ ഒന്ന്‌ മാത്രമാണ്‌ ജേണലിസം കോഴ്സ്‌. തീർച്ചയായും കേരളത്തിലെ മറ്റ്‌ സ്ഥാപനങ്ങൾക്കെല്ലാം മാതൃകയാവുന്ന ഒരു ജേണലിസം കോഴ്സ്‌ നടത്താൻ അക്കാദമി പ്രതിജ്ഞാബദ്ധമാണ്‌.
മാധ്യമപ്രവർത്തകർക്ക്‌ തങ്ങളുടെ തൊഴിൽ മേഖലയെകുറിച്ച്‌ സമഗ്രജ്ഞാനമുണ്ടാക്കുകയും ആവശ്യമായ തൊഴിൽ പരിശീലനം നൽകുകയും ലോകത്തെമ്പാടും ഈ മേഖലയിലുണ്ടാകുന്ന വിപ്ളവകരമായ മാറ്റങ്ങളെ കുറിച്ച്‌ അറിവുണ്ടാക്കുകയുമാണ്‌ അക്കാദമിയുടെ പ്രവർത്തനലക്ഷ്യം എന്ന ആശയം ഈ ഘട്ടത്തിൽ ഉറപ്പിച്ച്‌ പറയേണ്ടതായി വന്നിരിക്കുന്നു. ഈ പ്രസിദ്ധീകരണം- മീഡിയ- ആ ലക്ഷ്യം നേടുന്നതിന്‌ അക്കാദമി നേതൃത്വം ആസൂത്രണം ചെയ്യുന്ന പല പദ്ധതികളിൽ ഒന്നാണ്‌. മുമ്പ്‌ ഈ പേരിൽ അക്കാദമി ഒരു പ്രസിദ്ധീകരണം നടത്തിയിരുന്നു. പത്രങ്ങളിലും മാസികകളിലുമൊക്കെ വന്നുകൊണ്ടിരുന്ന മാധ്യമസംബന്ധമായ വാർത്തകളും ലേഖനങ്ങളും പുനഃപ്രസിദ്ധീകരിക്കുകയാണ്‌ അന്ന്‌ മീഡിയ ചെയ്തുകൊണ്ടിരുന്നത്‌. ഒരു പതിറ്റാണ്ട്‌ മുമ്പ്‌ അതിന്റെ പ്രസിദ്ധീകരണം നിർത്തി. അതിന്റെ ഉള്ളടക്കത്തിൽ ആർക്കും വലിയ താല്പര്യമില്ല എന്ന തിരിച്ചറിവാണ്‌ അന്നത്തെ തീരുമാനത്തിന്‌ കാരണം.
ഇതിനർത്ഥം അക്കാദമിക്ക്‌ ഒരു പ്രസിദ്ധീകരണമേ വേണ്ട എന്നല്ല. കേരളത്തിലെ മാധ്യമസമൂഹത്തിന്‌ കുറഞ്ഞ കാലം കൊണ്ടുണ്ടായ മാറ്റം വലുതാണ്‌. മുഴുവൻ സമയ മാധ്യമപ്രവർത്തകരുടെ എണ്ണം അനേക മടങ്ങ്‌ വർദ്ധിച്ചിരിക്കുന്നു. ചെറിയ പട്ടണങ്ങളിൽപോലും മാധ്യമ പ്രവർത്തകരുടെ വലിയ സംഘങ്ങൾ പ്രവർത്തിക്കുന്നു. പ്രസ്‌ ക്ളബ്ബുകളിൽ എല്ലാ സാങ്കേതിക സൗകര്യങ്ങളുമുണ്ട്‌. ഒരുപാട്‌ മാധ്യമ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉയർന്നുവന്നിരിക്കുന്നു. ഒട്ടനവധി കോളേജുകളിൽ ജേണലിസം ആന്റ്‌ കമ്മ്യൂണിക്കേഷൻ ഡിഗ്രി കോഴ്സുകൾ തുടങ്ങിയിരിക്കുന്നു. ജേണലിസം വിഷയം ആയിട്ടുള്ള ബി.എ കോഴ്സുകൾ ഡസൻകണക്കിന്‌ കോളേജുകളിലുണ്ട്‌. പ്ളസ്‌ ടു കോഴ്സിന്‌ പോലും ജേണലിസം പഠിപ്പിക്കുന്നുണ്ട്‌ ചിലേടത്ത്​‍്‌.  മാധ്യമപ്രവർത്തനത്തെ കുറിച്ചുള്ള  അക്കാദമിക്‌  പ്രസിദ്ധീകരണത്തിൽ തല്പരരായ ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ട്‌ എന്നുചുരുക്കം. എന്നാൽ അത്തരമൊരു പ്രസിദ്ധീകരണവും കേരളത്തിലില്ലതാനും.
കേരളത്തിനകത്തും പുറത്തുമുള്ള, പ്രിന്റ്‌ മീഡിയയിലും ദൃശ്യമാധ്യമത്തിലും പ്രവർത്തിക്കുന്ന, അക്കാദമിക്‌ രംഗത്തും മാധ്യമപ്രവർത്തനരംഗത്തും ജോലി ചെയ്യുന്ന, അറിവും അനുഭവവുമുള്ള വ്യക്തികളെ ഈ പ്രസിദ്ധീകരണത്തിൽ അണി നിരത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. രംഗത്ത്‌ നിന്ന്‌ വിരമിച്ചവർ അവരുടെ കാലത്തെ കുറിച്ച്‌ ഓർക്കുന്ന പംക്തി, ലോക മാധ്യമരംഗത്തെ അതിശയകരമായ  മാറ്റം വിവരിക്കുന്ന പംക്തികൾ, പുതിയ സാങ്കേതികവിദ്യകളിലൂടെയുള്ള ഓട്ടപ്രദക്ഷിണം, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പുത്തൻ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിലയിരുത്തൽ- ഈ പ്രസിദ്ധീകരണത്തെ കുറിച്ച്‌ ഞങ്ങൾക്ക്‌ വലിയ പ്രതീക്ഷകളുണ്ട്‌.
അവ സഫലമാക്കാൻ ഈ മേഖലയെകുറിച്ച്‌ താല്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു

Issue: 

April, 2012