Error message

കുതിച്ചുപായുന്ന മാധ്യമരംഗം

ഭയമില്ലാതെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. അപ്രകാരം ജീവിക്കാന്‍ അവസരമില്ലാതെ വരുമ്പോഴാണ് മനുഷ്യരും ജീവികളും അസ്വസ്ഥരാകുന്നതും അക്രമകാരികളാകുന്നതും. മനുഷ്യരല്ലാത്ത ജീവികളെല്ലാം എപ്പോഴും ഏതെങ്കിലുമൊന്നിനെ ഭീതിയോടെ കാണുന്നുണ്ട്. അതു പലപ്പോഴും സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെയാവില്ല. മറ്റ് ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ട ജീവികളെയാവും അവ ഭയക്കുക. എലി പൂച്ചയെയും പാമ്പിനു കീരിയെയുമൊക്കെയെന്നതുപോലെ. എന്നാല്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം മറ്റു ജീവികളില്‍നിന്നു സ്വയം പ്രതിരോധിക്കാനുള്ള പല അടവുകളും സ്വന്തമായുണ്ട്. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതു മറ്റു മനുഷ്യരെത്തന്നെയാണ്. 
സംസ്‌കാരമുള്ള സമൂഹത്തില്‍ ഓരോ മനുഷ്യനും മറ്റുള്ളവര്‍ക്ക് തുണയായിരിക്കും. സ്വതന്ത്രവും സമാധാനപൂര്‍ണവുമായ ജീവിത സാഹചര്യത്തിനായി പ്രയത്‌നിക്കുക എന്നതാണു മനുഷ്യധര്‍മം. മറ്റു ജീവികളുടെയും ജീവജാലങ്ങളെല്ലാറ്റിന്റെയും സംരക്ഷകനും സൂക്ഷിപ്പുകാരനുമായാണു മനുഷ്യനെ കരുതുന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ചുമതലയും സമൂഹത്തിനുണ്ട്. സമൂഹത്തിനു ദ്രോഹകരമായ വിധത്തില്‍ എല്ലാ രംഗങ്ങളിലും ചൂഷണം നടക്കുന്നുണ്ട്. ചൂഷണം ഇല്ലാത്ത സമൂഹത്തില്‍ സ്വാതന്ത്ര്യവും സമത്വവും ഉണ്ടായിരിക്കും. 
സമൂഹത്തിന്റെ അപചയങ്ങളും സമൂഹത്തിനും വ്യക്തികള്‍ക്കും ദ്രോഹകരമായ കാര്യങ്ങളും ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങള്‍ക്കു കടമയുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഇതൊരു വലിയ ഉത്തരവാദിത്വമായി മാറുന്നു. അവിടെ ജനതയുടെ സ്വാതന്ത്ര്യവും സുരക്ഷയും നീതിയും ഉറപ്പുവരുത്തുന്ന നിയമനിര്‍മാണസഭയ്ക്കും ഭരണകൂടത്തിനും ജുഡീഷ്യറിക്കുമൊപ്പമാണു മാധ്യമങ്ങളുടെ സ്ഥാനം. മാധ്യമങ്ങളുടെ ആ  പ്രാധാന്യവും ഉത്തരവാദിത്വവും ഓര്‍മിപ്പിക്കുവാനാണു ദേശീയ മാധ്യമദിനം.
ഈ വര്‍ഷത്തെ മാധ്യമദിനം പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. മാധ്യമങ്ങള്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും വലിയ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ ജനാധിപത്യ ഇന്ത്യയില്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലം അതിന്റെ വലിയ ഉദാഹരണമാണ്. ഭരണഘടനയുടെ തന്നെ ചില വകുപ്പുകള്‍ ഉയര്‍ത്തിക്കാട്ടി ജനവികാരങ്ങള്‍ അമര്‍ത്തി ഭരണകൂടത്തിനു മുന്നോട്ടുപോകാനായി. പക്ഷേ ജനവിധിയുടെ മുന്നില്‍ ആ ഉരുക്കുകോട്ടകളൊക്കെ തകര്‍ന്നുവീണു.
വിവിധ സംസ്ഥാനങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ഇംഗിതങ്ങള്‍ക്കു വശംവദരാകാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി സൃഷ്ടിക്കാറുണ്ട്. തങ്ങള്‍ക്ക്  ഇഷ്ടപ്പെടാത്ത കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നേരേപോലും ഭരണാധികാരികള്‍ കോപം പൂണ്ടു. തന്നെ കാര്‍ട്ടൂണില്‍നിന്ന് ഒഴിവാക്കരുത് എന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രിയും നമുക്കുണ്ടായിരുന്നുവെന്ന് ഈ അവസരത്തില്‍ സന്തോഷത്തോടെ ഓര്‍ക്കാവുന്നതാണ്.
എല്ലാവര്‍ഷവും നവംബര്‍ 16 ദേശീയ മാധ്യമദിനമായി രാജ്യം ആഘോഷിക്കുന്നു. ഉത്തരവാദിത്വപൂര്‍ണവുമായ മാധ്യമങ്ങള്‍ എന്നതാണ് ഈ ദിനത്തിന്റെ ചിന്താവിഷയം. രാജ്യത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിലവില്‍വന്ന ദിനമാണത്. മാധ്യമങ്ങള്‍ക്കു മാര്‍ഗ ദര്‍ശനം എന്നതായിരുന്നു പ്രസ് കൗണ്‍സില്‍ രൂപവല്‍കരണത്തിന്റെ ഉദ്ദേശ്യം. 
ഇന്ത്യയില്‍ മാധ്യമങ്ങള്‍ എക്കാലവും ആഴത്തിലുള്ള സ്വാധീനം സമൂഹത്തില്‍ ചെലുത്തിയിരുന്നു. അതേസമയംകടുത്ത വെല്ലുവിളികളെയും ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിട്ടിട്ടുണ്ട്. കോളനി ഭരണകാലത്തും രാജഭരണത്തിലും ഇത്തരം വെല്ലുവിളികളെ സധൈര്യം നേരിട്ട പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകര്‍ ഏറെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാജ്യത്തോടൊപ്പം മാധ്യമങ്ങളും വളര്‍ന്നു. രാഷ്ട്രനിര്‍മാണത്തില്‍ മാധ്യമങ്ങള്‍ നിര്‍ണായകമായ സംഭാവനകളാണു നല്‍കിയത്. 
മാധ്യമപ്രവര്‍ത്തനത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍
സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണു പ്രസ് കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കുന്നത്. എന്നാല്‍ നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പ്രസ് കൗണ്‍സിലിന് കഴിഞ്ഞിട്ടുണ്ടോ എന്നു സന്ദേഹിക്കുന്നവര്‍ കുറവല്ല. ഭരണകൂടത്തിന്റെ നിയന്ത്രണമുള്ള ഏതു സമിതിക്കും ഉള്ള പരിമിതികള്‍ പ്രസ് കൗണ്‍സിലിനും ഉണ്ട്. ഏതായാലും രാജ്യത്ത് മാധ്യമങ്ങള്‍ ശക്തിപ്രാപിക്കണമെന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. പ്രസ് കൗണ്‍സില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. 
തൊഴില്‍പരമായ ധാര്‍മികത പുലര്‍ത്താന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സജ്ജരാക്കുക എന്നതാണ് പ്രസ് കൗണ്‍സിലിന്റെ അടിസ്ഥാനപരമായ ദൗത്യം. ഈ മാധ്യമദിനത്തില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളില്‍ ചര്‍ച്ചകളും സിംപോസിയങ്ങളുമൊക്കെ നടക്കാറുണ്ട്. ഇത്തരം കുറെ ചടങ്ങുകളില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടതല്ല രാജ്യത്തെ മാധ്യമ സംവാദങ്ങള്‍. എന്നിരുന്നാലും ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ തൊഴില്‍ മെച്ചപ്പെടുത്തുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുമൊക്കെ സഹായകമാകും.
പ്രസ് കൗണ്‍സില്‍ രൂപവല്‍കരിക്കപ്പെട്ട കാലഘട്ടത്തില്‍നിന്നു തികച്ചും വ്യത്യസ്തമായ ദൗത്യങ്ങള്‍ ഇപ്പോള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. നവമാധ്യമങ്ങള്‍ ഇത്ര സജീവമായിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോരുത്തരും മാധ്യമപ്രവര്‍ത്തകനായി   മാറിക്കൊണ്ടിരിക്കുകയാണ്. വാര്‍ത്താവിനിമയമരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ മാധ്യമങ്ങളുടെ രൂപഘടനയെപ്പോലും ബാധിച്ചിട്ടുണ്ട്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍ വ്യാപകമാകുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ഉപകരണങ്ങള്‍ തന്നെ മാറി. മാധ്യമപ്രവര്‍ത്തകന്റെ തൂലികയുടെ ശക്തിയെപ്പറ്റി ഇപ്പോള്‍ പറയുന്നതു വാച്യാര്‍ഥത്തില്‍ അപ്രസക്തമാണ്. പേന ഇപ്പോള്‍ രംഗത്തില്ലെന്നു പറയാം. പകരം ഇലക്‌ട്രോണിക് ഉപകരണങ്ങളും കംപ്യൂട്ടറുകളുമുണ്ട്. ആശയവിനിമയത്തിന്റെ വേഗം പതിന്മടങ്ങു വര്‍ധിച്ചിരിക്കുന്നു.
ഇത്തവണത്തെ ദേശീയ മാധ്യമദിനം രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സാര്‍ഥകമാകട്ടെ. നാളത്തെ മാധ്യമങ്ങളെക്കുറിച്ചു ചിന്തിക്കാന്‍പോലും നമുക്കിപ്പോള്‍ കഴിഞ്ഞെന്നുവരില്ല. കാരണം അത്ര വേഗത്തിലാണ് സാങ്കേതികവിദ്യകള്‍ ആശയവിനിമയത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്നത്തെ മാധ്യമങ്ങള്‍ തന്നെയാവട്ടെ നമ്മുടെ പ്രധാന ചിന്താവിഷയം. കടന്നുപോകുന്ന ഓരോ നിമിഷവും വാര്‍ത്തയുടെ ഓരോ അധ്യായമാണ്.

 

Issue: 

June, 2016