ഓ മൈ ന്യൂസ്

ഏബ്രഹാം സപ്രൂഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ജെ.എഫ്. കെന്നഡി വെടിയേറ്റ് വീഴുന്ന രംഗം തന്റെ ക്യാമറയില്‍ പകര്‍ത്തി മാധ്യമ ചരിത്രത്തില്‍ ഇടം നേടി. 48 കൊല്ലം മുമ്പ് നടന്ന ആ സംഭവം സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ആരംഭമായി ആരും രേഖപ്പെടുത്തുന്നില്ല. പത്ര പ്രവര്‍ത്തനം എന്ന തൊഴിലില്‍ സാധാരണക്കാര്‍ റിപ്പോര്‍ട്ടര്‍മാരുടെ 'ഇര' മാത്രമായിരുന്നു അടുത്തകാലം വരെ. വാര്‍ത്താവിവരശേഖരണാര്‍ത്ഥം ലേഖകന്മാര്‍ നടത്തുന്ന അഭിമുഖ സംഭാഷണത്തിന് വിധേയമാകുന്നവര്‍ ഇരകള്‍ എന്നു വിളിക്കപ്പെടുന്നു. സാധാരണക്കാര്‍ ദൃക്‌സാക്ഷികളാകുന്ന സംഭവങ്ങളുടെ വിശദാംശങ്ങള്‍ തേടി പടയൊഴിഞ്ഞ പടക്കളത്തില്‍ ചെന്നായ് എന്നപോലെ വൈകിയെത്തുന്ന ലേഖകനോട് ദൃക്‌സാക്ഷിയായ സാധാരണക്കാരന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നു. അതിനായി റിപ്പോര്‍ട്ടര്‍ നടത്തുന്ന അഭിമുഖ സംഭാഷണത്തിന് 'കോമണ്‍മാന്‍ ഇന്റര്‍വ്യൂ' എന്നു പറയുന്നു. റോഡ് അപകടമായാലും മദ്യദുരന്തമായാലും തീപിടിത്തമായാലും ആദ്യ വിവരങ്ങള്‍ തെരുവിലെ സാധാരണക്കാരില്‍ നിന്നാണ് ലേഖകര്‍ ശേഖരിക്കുന്നത്. വാര്‍ത്താവിവരശേഖരണത്തിലെ ഏറ്റവും ലളിതമായതും എന്നാല്‍ മറ്റൊരു തരത്തില്‍ സങ്കീര്‍ണ്ണമായതുമായ സംഭാഷണമാണ് കോമണ്‍മാന്‍ ഇന്റര്‍വ്യൂ എന്ന് എല്ലാ ലേഖകന്മാര്‍ക്കും അറിയാവുന്നതാണ്. എന്തെന്നാല്‍ എം.വി. കാമത്ത് പറയുന്നതുപോലെ There is nothing commen among the commen men.
വാര്‍ത്താ വിവരശേഖരണ രംഗത്ത് 'ആം ആദ്മി' ഇന്നത്തെ കാലത്ത് ഇരയല്ല. പകരം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് എത്തിക്കുന്ന വേട്ടക്കാര്‍ തന്നെ. സാങ്കേതിക സൗകര്യം വികസിച്ചപ്പോള്‍ അക്ഷരാഭ്യാസവും അല്‍പ്പം ചുണയുമുള്ള ഏതു പൗരനും മാധ്യമ പ്രവര്‍ത്തകനാകാമെന്നായി. ഒരു സ്മാര്‍ട്ട് ഫോണ്‍ കൈവശമുള്ള ആര്‍ക്കും പത്രപ്രവര്‍ത്തകനാകാം. അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പത്ര പ്രവര്‍ത്തനമെന്ന തൊഴിലിനെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നുവന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് 'സ്വന്തം ലേഖകന്‍' എന്ന വര്‍ഗ്ഗത്തെ അപ്രസക്തമാക്കി. ലേഖകന്മാരില്ലാതെയും പത്രം നടത്താം. 2004ല്‍ സുനാമി ദുരന്തത്തിന്റെ മികച്ച ആദ്യ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും സാധാരണ ജനങ്ങള്‍ സെല്‍ഫോണ്‍ വഴി വിവിധ മാധ്യമങ്ങളില്‍ എത്തിച്ചു. 'അറബ് വസന്തം' എന്ന് വിവക്ഷിക്കപ്പെടുന്ന മുല്ലപ്പൂ വിപ്ലവം സിറ്റിസണ്‍ ജേണലിസ്റ്റിന്റെ വിജയക്കൊടി പാറിച്ചു. ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ് പ്രക്ഷോഭകര്‍ വളഞ്ഞപ്പോഴും 2013ല്‍ തുര്‍ക്കി കലാപം ഉണ്ടായപ്പോഴും സാധാരണക്കാര്‍ പത്രമാധ്യമങ്ങളെ സ്വമേധയാ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ ഉക്രയിനിലെ 'യൂറോമെയ്ഡന്‍' സംഭവത്തിന്റെ വാര്‍ത്താ വ്യാപനത്തിലും സിറ്റിസണ്‍ ജേണലിസ്റ്റിന്റെ പ്രഭാവം ലോകം കണ്ടു. അമേരിക്കയിലെ ജെഫ് ജാര്‍വിസ് മാധ്യമങ്ങള്‍ അവഗണിക്കുന്ന 'അപ്രധാന വാര്‍ത്തകള്‍' റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ആശയലോകത്ത് പുതിയൊരു വഴിതുറന്നു. അതി പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ ഉപജ്ഞാതാവാണല്ലോ ജെഫ്ജാര്‍വിസ്. വാര്‍ത്തകളുടെ യഥാര്‍ത്ഥ മൂല്യം ഇനിമേല്‍ പത്രാധിപന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിടണ്ട, അത് സാമാന്യജനം തീരുമാനിക്കട്ടെ എന്നാണ് മേരിലവ് ഫുള്‍ട്ടണ്‍ പറയുന്നത്. 2009ല്‍ ഇറാന്‍ തെരഞ്ഞെടുപ്പും അനന്തര കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ പത്രപ്രതിനിധികള്‍ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷേ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ ടെഹ്‌റാനില്‍ നിന്ന് വാര്‍ത്തകള്‍ യഥാവിധി ലോകം മുഴുവന്‍ പരത്തി. കാര്യങ്ങള്‍ തകിടം മറിയുന്നത് യാഥാസ്ഥിതിക ലോകം വിസ്മയത്തോടെ കണ്ടുനിന്നു.
ജനാധിപത്യവല്‍ക്കരണം രാഷ്ട്രീയ ഭരണകൂടങ്ങളെ സ്വാധീനിച്ചതിലും വേഗത്തില്‍ ആഴമേറിയ പരിവര്‍ത്തനങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഉണ്ടാക്കിയത് മാധ്യമലോകത്താണ്. പത്രപ്രവര്‍ത്തനം ളീൃ വേല ുലീുഹല എന്നപോലെ ഇപ്പോള്‍ യ്യ വേല ുലീുഹല ആണെന്നതിന് ഏറ്റവും വലിയ ദൃഷ്ടാന്തം ദക്ഷിണ കൊറിയയില്‍ കാണാം. രണ്ടായിരാമാണ്ട് ഫെബ്രുവരി 22-ാം തീയതി മാധ്യമലോകത്തെ ജനാധിപത്യ വിപ്ലവം സോളില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഒ യോന്‍ ഹോ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ആരംഭിച്ച 'ഒ മൈ ന്യൂസ്' ലോകമെങ്ങും പ്രചാരം നേടിയ ഓണ്‍ലൈന്‍ ന്യൂസ് വെബ്‌സൈറ്റ് ആയി വളര്‍ന്നു. വായനക്കാരില്‍ നിന്ന് വാര്‍ത്താവിവരങ്ങള്‍ ശേഖരിച്ച് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ സംരംഭമാണ് 'ഒ മൈ ന്യൂസ്'. 55 സ്ഥിരം ജീവനക്കാരുള്ള ഒ മൈ ന്യൂസിന്റെ ഉള്ളടക്കത്തില്‍ 80 ശതമാനവും ലോകമെങ്ങുമുള്ള സാധാരണക്കാരായ ആളുകള്‍ അയയ്ക്കുന്ന വാര്‍ത്താ വിവരങ്ങള്‍ സമര്‍ത്ഥമാംവിധം എഡിറ്റ് ചെയ്തു ചേര്‍ത്തവയാണ്. ഒരു ലക്ഷം 'ലേഖകര്‍' അത്തരത്തില്‍ സഹകരിക്കുന്ന മറ്റൊരു പത്രസ്ഥാപനവും ലോകത്ത് വേറെയില്ല. കഴിഞ്ഞ 14 വര്‍ഷം കൊണ്ട് ഒ മൈ ന്യൂസ് കൈവരിച്ച നേട്ടങ്ങള്‍ അത്ഭുതാവഹം എന്നേ പറയേണ്ടൂ.
ദക്ഷിണ കൊറിയയിലെ യാഥാസ്ഥിത ഭരണകൂടത്തെ ജനങ്ങള്‍ തൂത്തെറിഞ്ഞത് ഒ മൈ ന്യൂസ് വഴി ലഭിച്ച ആശയ സ്വാധീനംകൊണ്ടായിരുന്നു. പുതിയൊരു കാറ്റല്ല, കൊടുങ്കാറ്റായി ഈ നവ മാധ്യമത്തില്‍ നിന്ന് വാര്‍ത്തകളും സന്ദേശങ്ങളും സാധാരണ ജനങ്ങളില്‍ എത്തിച്ചേര്‍ന്നു. ''ഓരോ പൗരനും ഓരോ ലേഖകനാണ്'' എന്ന ഒ യോന്‍ ഹോയുടെ ലക്ഷ്യം വിവരശേഖരണത്തില്‍ എന്നപോലെ ആശയപ്രചാരണത്തിലും അപ്രതീക്ഷിത വിജയം കൈവരിച്ചു. 2002ല്‍ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി റോമൂ ഹൈയൂം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യം കൃതജ്ഞത പ്രകടിപ്പിച്ചത് ഒ മൈ ന്യൂസ് പ്രവര്‍ത്തകരോടായിരുന്നു. പ്രസിഡന്റ് തന്റെ ആദ്യ അഭിമുഖം അനുവദിച്ചതും ഈ വെബ് ജേണലിന് തന്നെ. സംഭാഷണ വേളയില്‍ പ്രസിഡന്റ് ഹൈയൂം പറഞ്ഞു: ''മാധ്യമ വിപ്ലവങ്ങളെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലോ അമേരിക്കയിലോ മാത്രമേ നടക്കൂ എന്ന് ഒരു ധാരണയുണ്ട്. ഒ മൈ ന്യൂസ് ആ ധാരണ തിരുത്തിക്കുറിച്ചു. ഏഷ്യാ വന്‍കരയില്‍ നിന്ന് പുതിയ പത്രസംസ്‌ക്കാരം ഉയര്‍ന്നുവന്നിരിക്കുന്നു. തികച്ചും ജനകീയം എന്നു വിളിക്കേണ്ട ഒരു നിശ്ശബ്ദ വിപ്ലവം.''
ഒ മൈ ന്യൂസ് ഇന്റര്‍ നാഷണല്‍ എന്ന ഇംഗ്ലീഷ് ഭാഷാ പത്രത്തില്‍ നൂറ് ശതമാനം വാര്‍ത്തകളും സാധാരണക്കാര്‍ ലോകത്തിന്റെ വിവിധ കോണില്‍ നിന്ന് അയയ്ക്കുന്നവയാണ്. അവ മനോഹരമായി എഡിറ്റ് ചെയ്തത് പ്രസിദ്ധീകരിക്കാന്‍ വേണ്ട ചുരുക്കം സ്ഥിരം ജീവനക്കാര്‍ സൗത്ത് കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഉണ്ട്. ഒ മൈ ന്യൂസിന്റെ വിജയഗാഥ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് എന്ന സ്ഥാപനത്തെ ആകര്‍ഷിച്ചു. 110 ലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന കൂട്ടുസംരംഭത്തിന് ജപ്പാന്‍ കമ്പനി ഒ യോന്‍ ഹോയുമായി കരാറുണ്ടാക്കി. അങ്ങനെ ജാപ്പനിസ് ഭാഷയില്‍ ഒ മൈ ന്യൂസ് ജപ്പാന്‍ 2006ല്‍ ആരംഭിച്ചു. 22 നവ മാധ്യമ പ്രവര്‍ത്തകരും ജപ്പാനിലെ ഒരു പ്രശസ്ത പത്രാധിപരും ചേര്‍ന്ന് നടത്തിയ ഒ മൈ ന്യൂസ് ജപ്പാന്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പുകള്‍ ജപ്പാനില്‍ വിവാദ വിഷയമായി. നിയമങ്ങള്‍ കൊണ്ട് നിയന്ത്രിക്കപ്പെടാത്തതും വിശ്വാസ്യതയില്‍ സംശയത്തിന്റെ നിഴല്‍ വീണതുമാണ് വെബ് പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകളെന്ന വിചാരം ജപ്പാനിലെ ഭരണകൂടം നന്നായി മുതലെടുത്തപ്പോള്‍ വായനക്കാര്‍ പിന്തിരിയാന്‍ തുടങ്ങി. അങ്ങനെ അഞ്ചാം മാസം ഒ മൈ ന്യൂസ് ജപ്പാന്‍ പ്രസിദ്ധീകരണം നിറുത്തി. 2008ല്‍ ജപ്പാന്‍ ഭാഷാപത്രത്തിലെ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടു. കൊറിയന്‍ ഭാഷയിലും ഇംഗ്ലീഷിലും കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ഇതരസംരംഭങ്ങളെല്ലാം നിറുത്തിയതായി ഒ യോന്‍ ഹോ പ്രസ്താവിച്ചു. ''ഒ മൈ ന്യൂസ് ജപ്പാന്‍ പരാജയപ്പെട്ട പരീക്ഷണം'' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിനിടെ രണ്ടുതവണ സിറ്റിസണ്‍ ജേണലിസ്റ്റുകളുടെ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ ഒ യോന്‍ ഹോ സോളില്‍ സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിപുല സാധ്യതകള്‍ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ചര്‍ച്ചകളുടെയെല്ലാം കേന്ദ്രബിന്ദുവായി ഹോ കണ്ടു. തലസ്ഥാന നഗരത്തില്‍ നിന്ന് 90 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ എത്തുന്ന ഗ്രാമത്തിലെ ഒരു സ്‌കൂളില്‍ 'അറിവിന്റെ കൂട്ടായ്മ' എന്ന പേരില്‍ സിറ്റിസണ്‍ ജേണലിസം സ്‌കൂള്‍ സ്ഥാപിച്ചു. ഫോട്ടോഗ്രഫി, ഡിജിറ്റല്‍ ക്യാമറ, വാര്‍ത്താരചന എന്നീ അടിസ്ഥാന വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ കൊറിയയിലും പുറത്തും പ്രശസ്തരായ പത്രപ്രവര്‍ത്തകരെ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അവിടെ താമസിച്ച് ഗുരുകുല സമ്പ്രദായത്തില്‍ അഭ്യസനം നടത്താം. അങ്ങനെ വിദഗ്ദ്ധ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് ഒ മൈ ന്യൂസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി.
ദക്ഷിണകൊറിയയിലുള്ളവര്‍ ലോകകാര്യങ്ങളറിയാന്‍ ആദ്യം ആശ്രയിക്കുന്നത് അച്ചടിപ്പത്രങ്ങളെയോ ടെലിവിഷനെയോ അല്ല. ഒ മൈ ന്യൂസ് 95 ശതമാനം ജനങ്ങളുടെയും ആദ്യത്തെ ആശ്രയമാണ്. പ്രചാരത്തിന്റെ വിസ്മയകരമായ ഈ വളര്‍ച്ചയ്ക്ക് ഒന്നാമത്തെ കാരണം സ്വന്തം ലേഖകര്‍ ഇല്ലാത്തതും സാമാന്യ ജനങ്ങളെല്ലാം ലേഖകന്മാര്‍ ആയതും ആണെന്ന് ഒ യോന്‍ ഹോ വിശ്വസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക അട്ടിമറി നടത്തി ഒ മൈ ന്യൂസ് വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ഹോ 2009 ജൂലായ് 8-ാം തീയതി ജനങ്ങളെ മുഴുവന്‍ നിരാശയിലാഴ്ത്തിയ ഒരു വിവരം പുറത്തുവിട്ടു. അതായത് ഒ മൈ ന്യൂസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വാര്‍ഷിക നഷ്ടം കുമിഞ്ഞു കൂടി ജനങ്ങളുടെ ഇഷ്ടമാധ്യമം കണ്ണടച്ചേക്കാം. സ്വമേധയാ ജനങ്ങള്‍ വരിസംഖ്യ എടുത്ത് സഹായിക്കണം. പ്രതീക്ഷിച്ചതിലും ഏറെ സഹായസഹകരണം വായനക്കാര്‍ നല്‍കി. കാരണം ഒ മൈ ന്യൂസ് ജനങ്ങളുടെ സ്വന്തം മാധ്യമമാണല്ലോ.
എന്നാല്‍ വിമര്‍ശകര്‍ അടങ്ങിയിരുന്നില്ല. സാമ്പത്തിക സഹായം ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളുടെ വീഴ്ചകള്‍ക്കു നേരേ ഒ മൈ ന്യൂസ് കണ്ണടയ്ക്കുന്നു. സര്‍ക്കാരിനെ പുന്തുണച്ച് വന്‍ പരസ്യ വരുമാനം നേടുന്നു. സത്യത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്തവിധം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. എന്നിങ്ങനെ പല വിമര്‍ശനങ്ങളും ഒ മൈ ന്യൂസ് നേരിടുന്നുണ്ടെങ്കിലും ജനപങ്കാളിത്തത്തിലും ജനസമ്മിതിയിലും ഒട്ടും കുറവുണ്ടായിട്ടില്ല. നാള്‍ക്കുനാള്‍ പ്രചാരം വിപുലപ്പെടുകയാണ്. ഒ യോന്‍ ഹോ വിമര്‍ശകരോട് സൗമ്യമായി പ്രതികരിച്ചു. ''ഒ മൈ ന്യൂസിന്റെ വരുമാനത്തില്‍ 80 ശതമാനം വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പരസ്യം വഴിയാണ്. വായനക്കാരില്‍ നിന്ന് കിട്ടുന്നത് മൊത്തം വരവിന്റെ അഞ്ചു ശതമാനം മാത്രം. പരസ്യം സ്വീകരിക്കാതെ എങ്ങനെ നടത്തിക്കൊണ്ടുപോകും?'' കൊറിയന്‍ സര്‍ക്കാരില്‍ നിന്ന് അവിഹിതമായ ഒരു സഹായവും പറ്റുന്നില്ലെന്ന് ഹോ ആണയിട്ടു. എന്നാല്‍ 2009ല്‍ ദക്ഷിണ കൊറിയന്‍ ദേശീയ നിയമ നിര്‍മ്മാണസഭയില്‍ വെളിപ്പെടുത്തപ്പെട്ട കണക്കു പ്രകാരം വര്‍ഷം ഉദ്ദേശ്യം ഒരു ലക്ഷം യു.എസ്. ഡോളറിന്റെ സര്‍ക്കാര്‍ പരസ്യം ഒ മൈ ന്യൂസിന് ലഭിക്കുന്നുണ്ട്. കൂടാതെ സാംസങ്ങ് കമ്പനി ഒ മൈ ന്യൂസില്‍ 20 ശതമാനം ഓഹരി പങ്കാളിത്തം നേടിയതായും പറയപ്പെടുന്നു. ഇന്നത്തെ മാധ്യമ ലോകത്ത് ഇതൊക്കെ പാപമാണെന്ന് ആരു പറയും?
ദിവസവും ശരാശരി 225 ലേഖനങ്ങളും വാര്‍ത്തകളും ഒ മൈ ന്യൂസ് കേന്ദ്ര ഓഫീസില്‍ എത്തുന്നുണ്ട്. ഒരുലക്ഷം സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ സ്ഥിരമായി സഹകരിക്കുന്നു. ഇവരെല്ലാം നല്‍കുന്ന വാര്‍ത്താവിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കാന്‍ സംവിധാനമൊന്നുമില്ല. ''അവരെ വിശ്വസിക്കുകയേ മാര്‍ഗ്ഗമുള്ളൂ. ഇതുവരെ ചതിക്കപ്പെട്ടിട്ടില്ല.'' - ഒ യോന്‍ ഹോ പറയുന്നു. ഓരോ പൗരനും ലേഖകന്‍ എന്ന ലക്ഷ്യം പ്രാബല്യത്തില്‍ വന്നു. വാര്‍ത്തകളും ലേഖനങ്ങളും തിരുത്തിയെഴുതി പ്രസിദ്ധീകരണ യോഗ്യമാക്കാന്‍ കുറ്റമറ്റ സംവിധാനമുണ്ട്. ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ മറ്റൊരു മാധ്യമത്തിനും ഇതുവരെ ചെയ്യാന്‍ പറ്റാത്ത പരിവര്‍ത്തനം ഒ മൈ ന്യൂസ് കൈവരിച്ചുകൊണ്ടിരിക്കുന്നു. മാധ്യമ ലോകത്തിനു തന്നെ അത് ചൂണ്ടുപലകയായി മാറിക്കഴിഞ്ഞു. എഴുപതിനായിരം യു.എസ്. ഡോളറിന് തുല്യമായ തുക വാര്‍ഷിക ലാഭം നേടുന്നതിനപ്പുറം ജനങ്ങളില്‍ വിലമതിക്കാനാവാത്ത വിശ്വാസ്യതയും ആര്‍ജിച്ചു. ഇനി എന്ത് എന്ന് ജനങ്ങള്‍ വിധിക്കട്ടെ എന്നാണ് ഒ യോന്‍ ഹോയുടെ നിലപാട്. കാരണം ഒ മൈ ന്യൂസ് ജനങ്ങള്‍, അവര്‍ക്കു വേണ്ടി നടത്തുന്ന വാര്‍ത്താ വിനിമയ സംവിധാനമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിനൊപ്പം പിറന്ന ഈ നൂതന മാധ്യമ സംരംഭത്തിന്റെ ഉപജ്ഞാതാവായ ഒ യോന്‍ ഹോ 1964ല്‍ ദക്ഷിണകൊറിയയിലെ ഗോക്‌സിയോങ്ങ് പ്രവിശ്യയില്‍ ജനിച്ചു. കൊറിയന്‍ സാഹിത്യത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടി തലസ്ഥാനമായ സോളില്‍ തൊഴില്‍ തേടിയെത്തി. ഉദ്ദേശിച്ച പണിയൊന്നും തരപ്പെടാതെ വന്നപ്പോള്‍ സൊഗാങ്ങ് സര്‍വകലാശാലയില്‍ ചേര്‍ന്ന് മാസ് കമ്യൂണിക്കേഷനില്‍ ഗവേഷണം നടത്തി. അതിനിടെ വെളിപാട് പോലെ വീണുകിട്ടിയ ആശയമാണ് ഒ മൈ ന്യൂസ്. സിറ്റിസണ്‍ ജേണലിസ്റ്റ് എന്ന സങ്കല്‍പ്പത്തെ ഉപയോഗിച്ച് ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ ജീര്‍ണ്ണതയെ ഫലപ്രദമായി തോല്‍പ്പിച്ചു. തികച്ചും ജനാധിപത്യ സ്വഭാവത്തിലുള്ള സര്‍ക്കാരിനെ പ്രതിഷ്ഠിച്ചു. അതിനിടെ 2006ല്‍ സോഗാങ്ങ് സര്‍വകലാശാല ഒ യോന്‍ ഹോയുടെ പ്രബന്ധത്തിന് പി.എച്ച്ഡി അവാര്‍ഡ് ചെയ്തു. സമൂഹത്തെ ഉടച്ചുവാര്‍ത്ത കര്‍മ്മ നേതൃത്വം അംഗീകരിച്ചുകൊണ്ട് വാര്‍ട്ടണ്‍ ഇന്‍ഫോസിസ് ഹോ യെ ബഹുമാനിച്ചു. ഒരു വ്യക്തിക്ക് ചുരുങ്ങിയകാലംകൊണ്ട് മനുഷ്യ സമൂഹത്തിനു ചെയ്യാവുന്ന വലിയ കാര്യങ്ങളിലൊന്നാണ് ഒ മൈ ന്യൂസ്. കൊളാബറേറ്റീവ്, കമ്യൂണിറ്റി, സിവിക് ജേണലിസം എന്നെല്ലാം പറയുന്ന മാധ്യമ സംരംഭത്തെ ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍കൊണ്ട് ഉടച്ചുവാര്‍ത്ത സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് എന്ന ആശയത്തിന് ഒ യോന്‍ ഹോയെപ്പോലെ ശക്തനായ ഒരു പ്രയോക്താവ് ഇന്ന് ലോകത്ത് വേറെങ്ങുമില്ല.
1988ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട പ്രയോഗമാണ് സിറ്റിസണ്‍ ജേണലിസ്റ്റ്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ തീരുമാനങ്ങള്‍ കൃത്യമായി അറിയിക്കാന്‍ പൊതു മാധ്യമങ്ങള്‍ പര്യാപ്തമല്ലെന്ന് വന്നപ്പോള്‍ ജനങ്ങള്‍ വസ്തുതകള്‍ക്കു വേണ്ടി തെരുവിലിറങ്ങി. ജേര്‍ണലിസം ബൈ ദ പീപ്പിള്‍ എന്ന മുദ്രാവാക്യത്തില്‍ നിന്ന് ഓരോ പൗരനും ലേഖകന്‍ എന്ന ആശയം പിറവിയെടുത്തു. കാവല്‍പട്ടിക്ക് ആര് കാവല്‍ എന്നത് 2004ല്‍ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്‍ കാലത്ത് മാധ്യമങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനാത്മകമായ ചോദ്യമായിരുന്നു. അപ്പോള്‍ ഏഷ്യാ വന്‍കരയില്‍ ഒ യോന്‍ ഹോ എന്ന കൃശഗാത്രനായ മനുഷ്യന്‍ നാലുവര്‍ഷം മുമ്പ് അതിന് ഉത്തരം പറഞ്ഞുകഴിഞ്ഞിരുന്നു. അതാണ് ഒ മൈ ന്യൂസ്. ലോകമെങ്ങുമുള്ള സാധാരണക്കാരന്റെ മനഃസാക്ഷി. ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം ജനിച്ച ജനാധിപത്യ ഇന്ത്യയില്‍ എന്തുകൊണ്ട് അതുപോലൊന്ന് ഉണ്ടായില്ല? മാധ്യമ പരീക്ഷണത്തില്‍ ഇന്ത്യക്കാര്‍ ഇന്നും യാഥാസ്ഥിതികരാണ്. കേരളത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനത്തിന് കല്‍ക്കത്തയില്‍ പോയി കമ്മ്യൂണിസ്റ്റ് തീവ്രവാദിയായി മടങ്ങിവന്ന സുഭാഷ്ചന്ദ്രബോസ് 1970ല്‍ 'സ്ട്രീറ്റ്' എന്ന മാസിക തുടങ്ങി. ഒരു പൂവ് പോലെ ബോസ് കാലത്തിന്റെ ഇരുണ്ട വഴിയില്‍ കൊഴിഞ്ഞു വീണു. അല്ലെങ്കില്‍ കേരളത്തിലെ ഒ യോന്‍ ഹോ ആകുമായിരുന്നോ ബോസ്? ആര്‍ക്കറിയാം?

പി. സുജാതന്‍