ഓള്‍ ടോപ്/ജേണലിസം, ന്യൂ മോഡല്‍ ജേണലിസം, ഹോള്‍ഡ് ദ് ഫ്രണ്ട് പേജ്

ഓള്‍ ടോപ്/ജേണലിസം : വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ഏറ്റവും പുതിയ വിവരം കിട്ടാന്‍ വളരെ സഹായിക്കുന്ന വെബ്‌സൈറ്റാണ് http://alltop.com. ഇതിലെ അക്ഷരമാലാക്രമത്തിലുള്ള ലിങ്കില്‍ നിന്ന് ധാരാളം വിഷയങ്ങള്‍ തെരെഞ്ഞെടുത്ത് അതു സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കാം. ഓള്‍ടോപ്പിന്റെ ജേണലിസം വിഭാഗം ഈ രംഗം സംബന്ധിച്ച് ധാരാളം വിവരങ്ങള്‍ നല്കും. വിലാസം: http://journalism.alltop.com. നൂറുകണക്കിന് ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റ് 'വെബിലെ ഓണലിന്‍ മാഗസിന്‍ റാക്ക' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍ എന്നിവയില്‍ നിന്ന് ഏറ്റവും പുതിയ ഉള്ളടക്കം എടുത്ത് പ്രദര്‍ശിപ്പിക്കുകയാണ് സൈറ്റ് ചെയ്യുന്നത്. വളരെ പ്രശസ്തങ്ങളായ ജേണലിസം സൈറ്റുകളുടെ ലിങ്കുകള്‍ക്കൊപ്പം ഒട്ടും പ്രശസ്തമല്ലാത്ത സൈറ്റുകള്‍, ബ്ലോഗുകള്‍ എന്നിവയിലെ വിവരങ്ങളും ഇതില്‍ കാണാനാകും. സൈറ്റിന്റെ പ്രശസ്തിക്കല്ല, ഉള്ളടക്കത്തിന്റെ മേന്മയ്ക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.ഇതില്‍ ചേര്‍ത്തിരിക്കുന്ന ഓരോ സൈറ്റിലെയും ബ്ലോഗിലെയും ഏറ്റവും പുതിയ അഞ്ചു വാര്‍ത്തകള്‍ പേജില്‍ പ്രദര്‍ശിപ്പിക്കും. ഓരോ തലക്കെട്ടിനു മുകളിലും കര്‍സര്‍ എത്തുമ്പോള്‍ അതു സംബന്ധിച്ച ഒരു ഖണ്ഡിക തെളിഞ്ഞുവരും. വായിച്ച് താല്പര്യം തോന്നിയാല്‍ മാത്രം ക്ലിക്ക് ചെയ്തല്‍ മതി. അതോടെ ഉള്ളടക്കം അടങ്ങിയിരിക്കുന്ന യഥാര്‍ഥ പേജിലേക്കു പോകാനാവും. ഓരോമണിക്കൂറിലും ഫീഡുകള്‍ അപ്‌ഡേറ്റ് ചെയ്യും ഏറ്റവും വിശ്വാസ്യതയുള്ള സൈറ്റുകളാണ് ഇതിന്റെ മുകള്‍ ഭാഗത്ത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൊളംബിയ ജേണലിസം റിവ്യൂവില്‍ നിന്നുള്ള ഫീഡുകള്‍ സാധാരണ ഏറ്റവും മുകളില്‍ കാണാം. സൈറ്റിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും വായിക്കപ്പെടുന്ന സ്‌റ്റോറികള്‍ കൊടുത്തിരിക്കുന്നു.

ന്യൂ മോഡല്‍ ജേണലിസം

അമേരിക്കയില്‍ പരമ്പരാഗത പത്രപ്രവര്‍ത്തന രംഗം തകര്‍ച്ചയെ നേരിടുന്ന പശ്ചാത്തലത്തില്‍ തയാറാക്കപ്പെട്ട വെബ്‌സൈറ്റാണ് http://newmo-del journalism.com. പത്രപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന പുതിയ ബിസിനസ് മോഡലുകള്‍ ചര്‍ച്ചചെയ്യുകയാണ് ഇവിടെ. അമേരിക്കയിലെ നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് 2010ല്‍ നടത്തിയ ഒരു യോഗത്തിന്റെ തീരുമാനപ്രകാരം ടിം ഡോവ്‌സണ്‍, അലക്‌സ് ക്ലോഷോഫെര്‍ എന്നീ മുതിര്‍ന്ന പത്രപ്രവര്‍ത്തകരാണ് സൈറ്റ് തയാറാക്കിയത്.പത്രപ്രവര്‍ത്തന മേഖല സംബന്ധിച്ച് ഇരുപതോളം വിഷയങ്ങളില്‍ ഏറ്റവും പുതുതായുണ്ടാകുന്ന സംഭവവികാസങ്ങള്‍, അറിവുകള്‍, ബിസിനസ് സാധ്യതകള്‍ എന്നിവ സംബന്ധിച്ച് ഈ സൈറ്റില്‍ നിന്നു മനസിലാക്കാം.

ഹോള്‍ഡ് ദ് ഫ്രണ്ട് പേജ്
ബ്രിട്ടനിലെ പത്രപ്രവര്‍ത്തന മേഖലയെ മാത്രം പരാമര്‍ശിക്കുന്ന വെബ്‌സൈറ്റാണ് http://www.hold thefrontpage.co.uk. പക്ഷേ, പ്രാദേശികമായി പത്രപ്രവര്‍ത്തന മേഖലയെ സംബന്ധിച്ച സമഗ്രവിവരങ്ങള്‍ ഉള്‍കൊള്ളിച്ച് ഒരു വെബ് സൈറ്റ് എങ്ങനെ തയാറാക്കാം എന്നതിന് മികച്ച ഉദാഹരണമാണിത്.ഇതിന്റെ ഹോം പേജ് പത്രപ്രവര്‍ത്തന മേഖല സംബന്ധിച്ച വാര്‍ത്തകളാല്‍ സമൃദ്ധമാണ്. പത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, പത്രപ്രവര്‍ത്തകരുടെ മരണം, അവാര്‍ഡുകള്‍, ജോലിസാധ്യതകള്‍, ബ്ലോഗുകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിങ്ങനെ വിപുലമായ വിവരശേഖരം ഇതിലുണ്ട്.പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ ഐഡിയ നല്കുന്ന വിഭാഗം ശ്രദ്ധേയമണ്. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ പേരു ചേര്‍ത്ത് സാന്നിധ്യം ഇതിലൂടെ അറിയിക്കാം. ഫ്രീലാന്‍സുകാരെ തെരയുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും ഈ സേവനം ഉപയോഗിക്കാം. ബ്രിട്ടനില്‍ ജേണലിസം പഠിപ്പിക്കുന്ന എല്ലാ ഇന്‍സ്റ്റിട്യൂട്ടുകളെക്കുറിച്ചും ഇതില്‍ വിവരമുണ്ട്. ഇത് ബ്രിട്ടനിലുള്ളവര്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും പ്രയോജനപ്രദമാണ്. ട്രെയ്‌നിംഗ് എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന ലേഖനങ്ങളില്‍ നല്ല പങ്കും പത്രപ്രവര്‍ത്തന വിദ്യാഭ്യാസം ഗൗരവത്തില്‍ കാണുന്നവര്‍ക്ക് ഉപകാരപ്രദമാണ്. പത്രമേഖലയെ സംബന്ധിച്ച 2003 മുതലുള്ള വാര്‍ത്തകളുടെ ആര്‍ക്കൈവ്‌സും സൈറ്റില്‍ നിന്നു കിട്ടും.