ഒരേയൊരു പത്രാധിപര്‍

എന്റെ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കാരണവര്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ മകളെയും ഉറ്റബന്ധുക്കളെയും വിളിച്ച് ചുറ്റും നിര്‍ത്തി തന്റെ അന്ത്യാഭിലാഷങ്ങള്‍ ഒന്നൊന്നായി വിവരിക്കുകയായിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ ആഗ്രഹം മരിക്കുമ്പോള്‍ തന്റെ മൃതശരീരത്തോടൊപ്പം അന്നത്തെ കേരളകൗമുദി പത്രം നെഞ്ചത്തു വച്ചിരിക്കണം എന്നായിരുന്നു. കേട്ടു നിന്നവര്‍ തലകുലുക്കി സമ്മതിച്ചു. അങ്ങ് ഇപ്പോഴൊന്നും മരിക്കില്ലെന്ന് ആശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ആ അന്ത്യാഭിലാഷത്തില്‍ പ്രത്യേകിച്ച് വൈചിത്ര്യമൊന്നും ആര്‍ക്കും തോന്നിയില്ല. കാരണം കേരളകൗമുദിയുടെ നിത്യവായനക്കാരനും പത്രാധിപര്‍ കെ. സുകുമാരന്റെ ആരാധകനും ആയിരുന്നു കാരണവര്‍. ഇതുപോലെ ജീവിതത്തിന്റെ അവസാന യാത്രയിലും കേരളകൗമുദിയെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ ആഗ്രഹിച്ച അനേകം സാധാരണക്കാര്‍ തെക്കന്‍ കേരളത്തിന്റെ ഏതു കോണിലും ഒരു കാലത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് കേരളകൗമുദി വര്‍ത്തമാനകാല വിശേഷങ്ങള്‍ വീട്ടിലെത്തിക്കുന്ന ഒരു സാധാരണ ദിനപത്രമായിരുന്നില്ല. ജീവിതത്തില്‍ നിന്ന് ഒരു നിമിഷം പോലും അടര്‍ത്തിമാറ്റാനാവാത്ത ഒരു വികാരമായിരുന്നു. അതില്‍ അച്ചടിച്ചു കാണുന്നതുമാത്രമേ അവര്‍ വിശ്വസിച്ചിരുന്നുള്ളൂ. കേരളകൗമുദിയില്‍ കാണാത്തതത് മറ്റെവിടെ കണ്ടാലും കേട്ടാലും അവര്‍ അംഗീകരിച്ചില്ല. അന്ധമായ ഈ ആരാധന പത്രാധിപര്‍ കെ. സുകുമാരനില്‍ ഒരു തലമുറ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ പാരമ്യതയായിരുന്നു. ഓര്‍ഫിയൂസിന്റെ പാട്ടുപോലെ വായനക്കാരെ പിന്നാലെ ഇങ്ങനെ കൂട്ടിക്കൊണ്ടുപോയ മാന്ത്രികനായ ഒരു പത്രാധിപരും പത്രവും കേരളത്തില്‍ വേറെയില്ല.
സഖാക്കള്‍ നമ്മുടെ നാട്ടില്‍ ഒരുപാട് ഉണ്ടെങ്കിലും 'സഖാവ്' എന്നു പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പി. കൃഷ്ണപിള്ളയെ മാത്രം ഓര്‍ക്കുന്നു. അതുപോലെ പത്രാധിപന്മാര്‍ അനേകം പേര്‍ ജീവിച്ചു മരിച്ച കേരളത്തില്‍ 'പത്രാധിപര്‍' എന്ന പദംകൊണ്ട് വിവക്ഷിക്കുകയും അറിയപ്പെടുകയും ചെയ്യുന്ന ഏക വ്യക്തിയാണ് കെ. സുകുമാരന്‍. കേരള കൗമുദിയെ അദ്ദേഹം എക്കാലവും പത്രാധിപരുടെ പത്രമാക്കി നിലനിറുത്തി. അത് മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വേണ്ട വിധം ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു ജീവിത സമരം ആയിരുന്നു.
കേരളത്തിലെ എല്ലാ പ്രമുഖ ദിനപത്രങ്ങളുടെ വളര്‍ച്ചയുടെ പിന്നിലും ഒരു സമുദായശക്തിയുണ്ടെന്ന് പറയാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖപത്രങ്ങള്‍ക്ക് പാര്‍ട്ടി അണികളുടെ പിന്‍ബലം ഉള്ളതുപോലെ. കേരളകൗമുദി 1911ല്‍ ഒരു വാരികയായി ആരംഭിച്ചതു തന്നെ 'സമുദായം വക ഒരു പത്രം' എന്ന പ്രഖ്യാപനത്തോടെയാണ്. എന്നാല്‍ ഒരുകാലത്തും കേരളകൗമുദി ഒരു വര്‍ഗ്ഗീയ ദിനപത്രമാകാതിരിക്കാന്‍ പത്രാധിപര്‍ കെ. സുകുമാരന്‍ ശ്രദ്ധിച്ചുപോന്നു. ഒരു പത്രത്തിന്റെ വലിപ്പം അനേകം പ്രതികള്‍ വിറ്റഴിഞ്ഞ് നേടുന്ന വന്‍ പ്രചാരത്തിലല്ല; ആ പത്രം വായനക്കാര്‍ക്ക് നല്‍കുന്ന അറിവിന്റേയും സന്ദേശങ്ങളുടേയും മഹത്വത്തിലാണെന്ന് കെ. സുകുമാരന്‍ വിശ്വസിച്ചു. കേരളകൗമുദിയെ അനുക്രമം അങ്ങനെ ചിട്ടപ്പെടുത്താനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ കോളിളക്കം ഉണ്ടാകുമ്പോള്‍ പത്രാധിപര്‍ ദീക്ഷിച്ച ഔചിത്യങ്ങള്‍ ഉന്നതശിരസുകള്‍ അദ്ദേഹത്തിനു മുന്നില്‍ നമിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഭരണകര്‍ത്താക്കള്‍ പോലും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി കെ. സുകുമാരന്റെ ഉപദേശം തേടിയിരുന്നു. കേരളത്തിന്റെ ഭരണചരിത്രത്തില്‍ അങ്ങനെ അദ്ദേഹം ചെലുത്തിയ വിദൂരമായ സ്വാധീനം വളരെ വലുതാണ്. എന്‍.ജി.ഒ. അദ്ധ്യാപക പണിമുടക്ക് അനിശ്ചിതമായി നീളുമ്പോഴും വൈദ്യുതി ബോര്‍ഡിലും കെ.എസ്.ആര്‍.ടി.സിയിലും ജീവനക്കാരുടെ പണിമുടക്ക് ജനജീവിതം താറുമാറാക്കുമ്പോഴും ഭരണകര്‍ത്താക്കള്‍ പത്രാധിപര്‍ സുകുമാരന്റെ മധ്യസ്ഥശ്രമം തേടിയിരുന്നത് അദ്ദേഹത്തിന് സമൂഹത്തില്‍ ഉണ്ടായിരുന്ന നിഷ്പക്ഷവും നീതിപൂര്‍വകവുമായ സ്വാധീനം കൊണ്ടാണ്. ദിവാന്‍ ഭരണകാലത്തും ജനായത്ത ഭരണകാലത്തും തന്റെ പത്രത്തിലൂടെയും അല്ലാതെയും അദ്ദേഹം മുന്നോട്ടുവച്ച വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാനിക്കപ്പെട്ടു. പൊതു നന്മയ്ക്ക് ഉപകരിച്ചിട്ടുള്ള അത്തരം അഭിപ്രായങ്ങള്‍ കേരളത്തിലെ പല തലമുറകളുടെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് കാലിടറുമ്പോഴും വഴി തെറ്റി സഞ്ചരിക്കുമ്പോഴും പത്രാധിപര്‍ സുകുമാരന്‍ കര്‍ക്കശമായി ഇടപെടുമായിരുന്നു. വാര്‍ത്തകളും മുഖപ്രസംഗങ്ങളും വഴി മാത്രമല്ല, വേണ്ടിവന്നാല്‍ പൊതുവേദിയില്‍ പ്രസംഗിച്ചും അദ്ദേഹം സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ചു. പട്ടംതാണുപിള്ളയും മന്നത്തു പത്മനാഭനും ഇ.എം.എസ്. നമ്പൂതിരിപ്പാടും സി.അച്യുതമേനോനും അടക്കം പ്രഗല്‍ഭമതികളായ നേതാക്കള്‍ പത്രാധിപരുടെ അഭിപ്രായം മാനിച്ച് തങ്ങളുടെ നിലപാടുകള്‍ മാറ്റിയെടുത്തിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണം. അര നൂറ്റാണ്ടിലേറെയായി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗവും മുസ്ലീം ന്യൂനപക്ഷവും അവശ ക്രൈസ്തവരും വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ഉദ്യോഗത്തിലും അനുഭവിക്കുന്ന സംവരണാനുകൂല്യത്തിന് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കെ. സുകുമാരനോടും കേരളകൗമുദിയോടുമാണ്. പത്രാധിപരുടെ പ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗത്തിന്റെ 56-ാം വാര്‍ഷികമാണിക്കൊല്ലം. സംസ്ഥാനത്തെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ ഉദ്യോഗ സംവരണത്തിനെതിരെ തിരിഞ്ഞപ്പോള്‍ പത്രാധിപര്‍ വാക്കുകള്‍കൊണ്ട് തീര്‍ത്ത യുദ്ധമുഖം മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമാണ്. 1958 സെപ്തംബറിലെ ഗുരുദേവ സമാധി ദിനത്തില്‍ കുളത്തൂര്‍ ശ്രീനാരായണ വായനശാലയില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. സമ്മേളന ഉദ്ഘാടകനായി വേദിയിലിരിക്കെ കെ. സുകുമാരന്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗമാണ് പത്രാധിപരുടെ കുളത്തൂര്‍ പ്രസംഗമെന്ന നിലയില്‍ അറിയപ്പെടുന്നത്. ആധികാരികതയ്ക്കു വേണ്ടി നീണ്ട പ്രസംഗം അദ്ദേഹം എഴുതി വായിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ വര്‍ഗ്ഗീയ നിലപാടുകളും തീരുമാനങ്ങളും വിഷ സര്‍പ്പത്തെപ്പോലെ സെക്രട്ടേറിയറ്റിന്റെ അകത്തളങ്ങളില്‍ സാവകാശം ഇഴഞ്ഞുവരുന്നത് എങ്ങനെയാണെന്ന് കേരളകൗമുദി സൂക്ഷ്മദൃഷ്ടികൊണ്ടും പത്രാധിപരുടെ കൂര്‍മ്മബുദ്ധികൊണ്ടും മനസ്സിലാക്കി. മുഖ്യമന്ത്രി അദ്ധ്യക്ഷനായി സര്‍ക്കാര്‍ ഒരു ഭരണപരിഷ്‌കാര കമ്മിറ്റിക്കു രൂപം നല്‍കിയിരുന്നു. ഏഴംഗ കമ്മിറ്റിയുടെ പഠന ശുപാര്‍ശകളിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശം ഉയര്‍ന്ന ശമ്പളമുള്ള മുന്തിയ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സാമുദായിക സംവരണം പാടില്ലെന്നായിരുന്നു. മാത്രമല്ല, സംവരണ സമ്പ്രദായം നിലനിന്നാല്‍ ഭരണത്തിന്റെ കാര്യക്ഷമത തകരുകയും ജനങ്ങളില്‍ ജാതി ചിന്ത നിലനില്‍ക്കുകയും ചെയ്യുമെന്ന് റിഫോംസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കമ്മിറ്റിയിലെ ഏഴ് അംഗങ്ങളുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് ഇങ്ങനൊരു റിപ്പോര്‍ട്ടിന്റെ അടിയില്‍ ആദ്യത്തെ ഒപ്പിട്ടത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കുന്ന നമ്പൂതിരിപ്പാടാണെന്ന് വിശ്വസിക്കാന്‍പോലും തനിക്കാവുന്നില്ലെന്ന് പത്രാധിപര്‍ പറഞ്ഞു. ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ദളിത് വിഭാഗങ്ങളില്‍ നിന്ന് ഒരു പ്രതിനിധിപോലും റിഫോംസ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതിനാല്‍ ഏകകണ്ഠമായാണ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാരിനു മുന്നിലെത്തിയിട്ടുള്ളത്. വിവിധ സമുദായങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കി ആദ്യത്തെ മന്ത്രിസഭ രൂപീകരിച്ച ഇ.എം.എസ് തന്റെ മന്ത്രിമാരായ ചാത്തന്‍ മാസ്റ്റര്‍, ഗോപാലന്‍, ഗൗരിയമ്മ, ടി.എ. മജീദ് തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതാ രാഹിത്യം ആരോപിക്കുന്നില്ലെന്ന് മാത്രമല്ല, അവരുള്‍പ്പെട്ട മന്ത്രിസഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അഭിമാനിക്കുകയും ചെയ്യുന്നു. ആ നിലയ്ക്ക് റിഫോംസ് കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അനുമതി തേടി ക്യാബിനറ്റ് മീറ്റിംഗില്‍ വയ്ക്കുമ്പോള്‍ മേല്‍പറഞ്ഞ പിന്നാക്ക സമുദായാംഗങ്ങളായ മന്ത്രിമാരുടെ ആത്മാഭിമാനം തകരുകയും അവര്‍ തല താഴ്ത്തുകയും ചെയ്യേണ്ടിവരും. ഇത്രയും പറഞ്ഞിട്ട് മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ ശ്രദ്ധ 18 വര്‍ഷം പിന്നിലേക്ക് പത്രാധിപര്‍ ക്ഷണിച്ചു. 1940ല്‍ ഇ.എം.എസ്. കണ്ണൂരിലെ ചെറുമാവിലായി ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ത്ത കുടിലിലേക്ക്. ചെത്തുതൊഴിലാളി പോക്കന്റെ കുടിലില്‍ രണ്ടുകൊല്ലം പോക്കന്റെ ഭാര്യ വച്ചുവിളമ്പിയ ആഹാരം ഭക്ഷിച്ച് പുറംലോകമറിയാതെ ഇ.എം.എസ്. അവിടെ കഴിഞ്ഞു. അന്ന് ഇ.എം.എസിനെ പൊലീസിന് കാട്ടിക്കൊടുക്കുന്നവര്‍ക്ക് ആയിരം ബ്രിട്ടീഷ് രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കാക്കയും കിളിയുമറിയാതെ ആയിരം രൂപയുടെ പ്രലോഭനം അവഗണിച്ച് തങ്ങളുടെ പ്രിയസഖാവിനെ സംരക്ഷിച്ചവരാണ് പോക്കന്‍ കുടുംബം. അവരുടെ അനന്തരഗാമികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥരായി വന്നാല്‍ ഭരണത്തിന്റെ കാര്യക്ഷമത തകരുമെന്ന് ഇ.എം.എസ് മണ്ടയിലിരിക്കുന്ന കമ്മിറ്റിക്ക് എങ്ങനെ എഴുതിചേര്‍ക്കാന്‍ കഴിഞ്ഞു എന്ന് പത്രാധിപര്‍ അത്ഭുതം പ്രകടിപ്പിച്ചു.
പത്രാധിപര്‍ എഴുതി വായിച്ച ആ പ്രസംഗം അക്ഷോഭ്യനായി കേട്ടിരുന്ന ഇ.എം.എസ്. ഒരക്ഷരം പോലും മറുപടിയായി ഉരിയാടാതെ സമ്മേളനം ഉദ്ഘാടനം ചെയ്തു സ്ഥലം വിട്ടു. സമാധി അവധിയായതിനാല്‍ കേരളകൗമുദി പിറ്റേദിവസം പ്രസിദ്ധീകരിച്ചില്ല. മറ്റൊരു പത്രത്തിലും കുളത്തൂര്‍ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാനും ഇടയില്ല. മൂന്നാം ദിവസം പത്രാധിപരുടെ പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ കേരളകൗമുദി ലേഖനമായി പ്രസിദ്ധീകരിച്ചു. ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പാടെ ഉപേക്ഷിക്കുക തന്നെ ചെയ്തു. കേരളത്തിലെ പിന്നാക്ക ജന വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ മാഗ്‌നകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കുളത്തൂര്‍ പ്രസംഗം പിന്നീട് സംവരണത്തിന് ഭീഷണി ഉയരുമ്പോഴെല്ലാം കേരളകൗമുദി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇ.എം.എസ്സിന്റെ ഉള്ളില്‍ ഈ സംഭവം എന്നും നീറികിടന്നിട്ടുണ്ടാകണം. കാരണം സാമ്പത്തിക സംവരണ വാദം ഉന്നയിച്ച് പില്‍ക്കാലത്ത് അദ്ദേഹം പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ലേഖനമെഴുതിയപ്പോഴെല്ലാം 'കെ. സുകുമാരന്റെ കുപ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗം' എന്ന് നിന്ദാസൂചകമായി പരാമര്‍ശിക്കാന്‍ മറന്നിട്ടില്ല. 1981 സെപ്തംബര്‍ 18ന് പത്രാധിപര്‍ ഇഹലോകവാസം വെടിഞ്ഞ ശേഷവും ഇ.എം.എസ്. കുളത്തൂര്‍ പ്രസംഗത്തിലെ വരികള്‍ ഉദ്ധരിച്ച് ക്രീമിലയര്‍ വ്യവസ്ഥയ്ക്കുവേണ്ടി വാദിച്ച് ലേഖനങ്ങള്‍ എഴുതി. പത്രാധിപര്‍ പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും അവശജനങ്ങളുടെയും വിദ്യാഭ്യാസ വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വേണ്ടി തന്റെ പത്രത്തിലെ ഓരോ ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലവും സൂക്ഷ്മമായി വിനിയോഗിച്ചു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ പ്രകാശത്തില്‍ ജ്വലിപ്പിച്ചെടുത്ത സമത്വ ബോധത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ് തന്റെ പിതാവ് സി.വി. കുഞ്ഞുരാമനില്‍ നിന്ന് കൈമാറി കിട്ടിയ കേരളകൗമുദിയെ കെ. സുകുമാരന്‍ മലയാളത്തിലെ പ്രധാനപ്പെട്ട ഒരു ദിനപത്രമാക്കി വളര്‍ത്തിയത്.
തീയില്‍ കുരുത്തതാണ് കേരളകൗമുദിയെന്ന് പറഞ്ഞാല്‍ ആലങ്കാരികമായല്ല, അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കൊല്ലത്തെ പരവൂരില്‍ 'സുജനാനന്ദിനി' എന്നൊരു പത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഉണ്ടായിരുന്നു. 1906ല്‍ നടന്ന സാമുദായിക ലഹളയില്‍ ആ പത്രം ഓഫീസും പ്രസ്സും ശത്രുക്കള്‍ തീവച്ചു നശിപ്പിച്ചു. സി.വി. കുഞ്ഞുരാമനും കൂട്ടുകാര്‍ക്കും ആ സംഭവം വലിയ വേദനയായി. സരസകവി മൂലൂര്‍ പത്മനാഭ പണിക്കര്‍, കെ.സി. കുമാരന്‍, സി. കൃഷ്ണന്‍ വൈദ്യര്‍ എന്നിവരുമായി ചേര്‍ന്ന് സി.വി. സമുദായം വകയായി പകരം മയ്യനാട്ട് ആരംഭിച്ച പത്രമാണ് കേരളകൗമുദി വാരിക. സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നതിനാല്‍ സി.വി. പ്രത്യക്ഷത്തില്‍ വരാതെ മൂലൂരിനെ പത്രാധിപ സ്ഥാനത്തുവച്ചു. ഒരുകൊല്ലം കഴിഞ്ഞ് ഉദ്യോഗം ഉപേക്ഷിച്ച് കേരളകൗമുദിയുടെ ഉടമസ്ഥാവകാശം സി.വി. പൂര്‍ണ്ണമായും ഏറ്റെടുത്തുകൊണ്ട് പ്രസിദ്ധീകരണം കൊല്ലത്തേക്കു മാറ്റി. പത്രത്തിന് രൂപസൗന്ദര്യം പകരാന്‍ തനിക്കാവും. എന്നാല്‍ ജീവന്‍ നല്‍കി അതിനെ നിലനിറുത്തേണ്ടത് താങ്കളാണെന്ന് മൂലൂരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സി.വി. കുഞ്ഞുരാമന്‍ എഴുതിയ കത്ത് കേരളകൗമുദിയുടെ ആരംഭദശയിലെ സാമ്പത്തിക പ്രയാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മുടങ്ങിയും വീണ്ടും തുടങ്ങിയും മുടന്തി മുടന്തി നീങ്ങിയ പ്രതിവാര പത്രത്തിന്റെ പ്രസിദ്ധീകരണം പിന്നീടു തിരുവനന്തപുരത്തേക്ക് മാറ്റി. 1921ലെ മലബാര്‍ കലാപത്തിന്റെ ഹേതു എന്താണെന്ന് സി.വി. കേരളകൗമുദിയിലെഴുതിയ മുഖ പ്രസംഗത്തില്‍ വിശദീകരിക്കുന്നതും നോക്കുക: ''തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ സമുദായ പരിഷ്‌കാരകാര്യങ്ങളില്‍ ഏറക്കുറെ അഭിപ്രായ സാമ്യമുള്ളവരാണെങ്കിലും തിരുവിതാംകൂറിനെപ്പോലെ പുരോഗതി പ്രാപിക്കാന്‍ കൊച്ചിക്കും മലബാറിനും സാധിക്കാതെ പോയത് ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ജന്മികുടിയാന്‍  ഏര്‍പ്പാടിലെ വ്യത്യാസംകൊണ്ടാകുന്നു. ജന്മി കുടിയാന്‍ ഏര്‍പ്പാടുകൊണ്ട്  തിരുവിതാംകൂറിലെ കുടിയാന്മാര്‍ക്കുണ്ടായ ഉപദ്രവം സര്‍. ടി. മാധവരായരുടെ കാലം മുതല്‍ ക്രമേണ കുറഞ്ഞ് ഇപ്പോള്‍ തീരെ ഇല്ലാതായിട്ടുണ്ട്. കൊച്ചിയില്‍ അല്‍പ്പം ആശ്വാസമുണ്ടെങ്കിലും മലബാറില്‍ കുടിയാന്മാര്‍ ഇപ്പോഴും ജന്മികളുടെ അടിമകളാണ്. മാപ്പിള ലഹളയ്ക്കു മൂലകാരണം ജന്മി കുടിയാന്‍ ഏര്‍പ്പാടാണ്.'' സിംഹത്തെ അതിന്റെ മടയില്‍ ചെന്ന് കീഴടക്കാന്‍ സി.വി. ശീലിച്ചിട്ടുണ്ട്. തൂമ്പയെ ആ പേര് നേരെ വിളിച്ചാണ് അദ്ദേഹത്തിന് ശീലം. ഭാഷയുടെ ഗാംഭീര്യവും വാക്കുകളുടെ കൃത്യതയും ശൈലിയുടെ തെളിമയും സി.വി. കുഞ്ഞുരാമന്റെ ഗദ്യരചനയെ വ്യത്യസ്തമാക്കി. മഹാകവികളായ വള്ളത്തോളും ഉള്ളൂരും അദ്ദേഹത്തിന്റെ ഗദ്യശൈലിയെ പ്രശംസിച്ചിട്ടുണ്ട്. ''പ്രതിഭടന്റെ ഹൃദയം പിളര്‍ക്കുമ്പോഴും അയാള്‍ ചിരിച്ചുപോകുന്ന ഫലിത മസൃണമായ ഭാഷാ പ്രയോഗം'' എന്ന് ആര്‍.എല്‍. സ്റ്റീവന്‍സണ്‍ പറയുന്ന തരത്തിലുള്ള ഗദ്യത്തിലാണ് സി.വി. കുഞ്ഞുരാമന്‍ എഴുതിയത്. അതിനാല്‍ കേരളകൗമുദിക്കുപുറമേ 'മലയാളി' ശ്രീവാഴുകോട്, ടി.കെ. മാധവന്റെ 'ദേശാഭിമാനി' തുടങ്ങിയ പത്രങ്ങള്‍ക്കും ഒരേ കാലത്ത് സി.വി. മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്. 'നവജീവന്‍' എന്ന പത്രത്തില്‍ സി.വി. എഴുതിയ പ്രതിവാരചിന്തകള്‍ എന്ന പംക്തിയില്‍ നിന്ന് ഉദ്ധരിക്കുന്ന ഈ വരികള്‍ നോക്കുക: ''തിരുവിതാംകൂറിനകത്തുള്ള രണ്ട് ബ്രിട്ടീഷ് പ്രദേശങ്ങളായ അഞ്ചുതെങ്ങും തങ്കശേരിയും ഇപ്പോള്‍ ഭരിച്ചു വരുന്ന സമ്പ്രദായം വളരെ രസകരമാണ്. കിഴക്കോട്ടിരിക്കുമ്പോള്‍ മജിസ്‌ട്രേട്ടും പടിഞ്ഞാറോട്ട് ഇരിക്കുമ്പോള്‍ മുന്‍സിഫും തെക്കോട്ടിരിക്കുമ്പോള്‍ തഹസില്‍ദാറും വടക്കോട്ടിരിക്കുമ്പോള്‍ പൊലീസ് ഇന്‍സ്‌പെക്ടറും ആയി ഒരാള്‍ തന്നെ ബ്രഹ്മാവിനെപ്പോലെ നാന്മുഖനായിരുന്നു ഏകാധിപത്യം നടത്തുകയാണ്. ഏതു ഭരണ രീതിയും പരിചയംകൊണ്ട് പ്രിയതരമായിത്തീരുന്ന മനുഷ്യസ്വഭാവം നിമിത്തം രണ്ടു ദിക്കുകാരും ഈ ഏകാധിപത്യത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു എന്നല്ലാതെ ഈ ഭരണരീതി തൃപ്തികരമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നതല്ല.'' ബ്രിട്ടീഷ് ഭരണത്തെയോ രാജഭരണത്തെയോ എതിര്‍ക്കുന്ന നയസമീപനം സി.വി.ക്കുണ്ടായിരുന്നില്ല. എന്നാല്‍ അനീതിയെ കൈയോടെ കണ്ടുപിടിച്ചു കുടയാന്‍ രസകരമായ ഒരു ഭാഷാശൈലി അദ്ദേഹം മൂര്‍ച്ഛകൂട്ടി വച്ചിരുന്നു. 'തൊഴും തോറും തൊഴിക്കുന്നു', 'അഭിപ്രായം ഇരുമ്പുലക്കയല്ല'എന്നീ പ്രസിദ്ധമായ പ്രയോഗങ്ങള്‍ സി.വി.യില്‍ നിന്നുണ്ടായതാണെന്ന് പോലും അറിയാതെ നാടുമുഴുവന്‍ പ്രചരിക്കുകയും ഇന്നും ചിലര്‍ സാന്ദര്‍ഭികമായി പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. നിസ്വാര്‍ത്ഥനായ സമുദായോദ്ധാരകനെന്ന നിലയിലും പ്രശസ്തനായിരുന്നു സി.വി. കുഞ്ഞുരാമന്‍. ശ്രീനാരായണഗുരുവിന്റെ പ്രധാനപ്പെട്ട ഗൃഹസ്ഥശിഷ്യനായിരുന്നു അദ്ദേഹം. അനുപമമായ ഈ സാംസ്‌കാരിക പൈതൃകത്തില്‍ നിന്നാണ് കെ. സുകുമാരന്റെ വരവ്. കൃത്യമായി പറഞ്ഞാല്‍ 1903 ജനുവരി എട്ടാം തീയതി മയ്യനാട് പാട്ടത്തില്‍ തറവാട്ടില്‍ കൊച്ചിക്കാവിന്റെയും ഗദ്യസാഹിത്യത്തിലെ സവ്യസാചിയായ സി.വി. കുഞ്ഞുരാമന്റെയും രണ്ടാമത്തെ പുത്രനായി സുകുമാരന്‍ ജനിച്ചു. എസ്.എന്‍.ഡി.പി.യോഗം എന്ന സാമുദായിക പ്രസ്ഥാനം പിറവിയെടുത്തതും അതേ ദിവസം തന്നെയായിരുന്നു. യോഗത്തിനും തനിക്കും ഒരു പ്രായമാണെന്ന് അഭിമാനപൂര്‍വം കെ. സുകുമാരന്‍ പറയുമായിരുന്നു. കേരളകൗമുദിയില്‍ പത്രാധിപര്‍ ഓരോ ദിവസവും രാവിലെ തന്റെ പ്രവര്‍ത്തനം ഗുരുസ്മരണയോടെ ആരംഭിച്ചത് 'തൃപ്പാദങ്ങള്‍' എന്ന് മുന്നിലുള്ള പേപ്പര്‍ പാഡില്‍ എഴുതിക്കൊണ്ടായിരുന്നു. ദിവസവുമെഴുതുന്ന ആദ്യവാക്ക് സ്വാമിക്ക് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പത്രാധിപര്‍ ഊര്‍ജ്ജസ്വലനായി. പിന്നെ പത്രാധിപ സമിതിയിലെ സീനിയര്‍ അംഗങ്ങളുമായി ആശയവിനിമയം നടത്തും. വിവിധ പത്രങ്ങളിലെ വിഭവങ്ങളുമായി അന്നത്തെ കേരളകൗമുദിയെ താരതമ്യപ്പെടുത്തി വിലയിരുത്തുന്നു. അടുത്ത ദിവസത്തെ മുഖ പ്രസംഗത്തിന്റെ വിഷയം തേടുന്നു. രാഷ്ട്രീയ സാമൂഹിക സംഭവഗതികള്‍ വിശകലനം ചെയ്തു വിലയിരുത്തുന്നു. സന്ദര്‍ശകരെ നിയന്ത്രിതമായി സ്വീകരിക്കുന്നു. അങ്ങനെ പത്രാധിപരുടെ ഒരു ദിവസം സജീവമാകുന്നു. അതിനിടെ ഉറ്റ സ്‌നേഹിതന്‍ പ്രശസ്തനായ ഒരു കലാശാലാ പ്രൊഫസര്‍ തലേദിവസം എവിടെയോ നടത്തിയ തന്റെ പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ എഴുതി പത്രത്തില്‍ പ്രസിദ്ധീകരണം തേടി പത്രാധിപരെ സമീപിക്കുന്നു. പ്രസംഗം എഴുതിയ കടലാസുകള്‍ മറിച്ചു നോക്കി പത്രാധിപര്‍ പറയുന്നു; ഇതു മുഴുവന്‍ അച്ചടിച്ചാല്‍ കേരളകൗമുദിയില്‍ പിന്നെ വാര്‍ത്ത കൊടുക്കാന്‍ സ്ഥലമെവിടെ? അതിനാല്‍ പ്രൊഫസര്‍ ഇത് നാലിലൊന്നായി ചുരുക്കി എഴുതി നാളെകൊണ്ടുവരൂ. പ്രൊഫസര്‍ പിറ്റേന്ന് ആ പ്രസംഗം മുഴുവന്‍ ചെറിയ അക്ഷരത്തില്‍ ആദ്യത്തേതിലും പകുതി കടലാസില്‍ പകര്‍ത്തി തിരിച്ചുവന്നു പത്രാധിപരെ കാണുന്നു. പത്രാധിപര്‍ അതു വാങ്ങി വച്ചിട്ട് പ്രൊഫസറെ നോക്കി ഹൃദ്യമായി ചിരിച്ച് യാത്രയാക്കി. പത്രാധിപ സമിതിയിലെ ഒരംഗത്തെ വിളിച്ച് പ്രൊഫസറുടെ കുറിപ്പ് ഏല്‍പ്പിച്ചിട്ട് അത് നാലിലൊന്നാക്കി ചുരുക്കി എഡിറ്റോറിയല്‍ പേജില്‍ താഴെ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''ഒരു ചോവന് മാത്രമേ മറ്റൊരു ചോവനെ പറ്റിക്കാനാവൂ.''
കൊല്ലത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ദിനപത്രത്തിലെ തിരുവനന്തപുരത്തുകാരനായ ചെറുപ്പക്കാരനുവേണ്ടി കേരളകൗമുദി പത്രാധിപ സമിതിയിലെ പ്രമുഖ അംഗം പത്രാധിപര്‍ സുകുമാരന്റെ മുന്നില്‍ ശുപാര്‍ശയുമായി ചെന്നു. ട്രെയിനില്‍ ദിവസവും കൊല്ലത്തുപോയി ജോലി ചെയ്യാന്‍, കിട്ടുന്ന പ്രതിമാസശമ്പളം ആ യുവാവിനു മതിയാകുന്നില്ല. തിരുവനന്തപുരത്തു കേരളകൗമുദിയിലാണ് അതേ ജോലിയെങ്കില്‍ അയാള്‍ക്കു നിന്നു പിഴയ്ക്കാം. ആള് സമര്‍ത്ഥനും യോഗ്യനുമാണ്. അയാള്‍ തന്നെ വന്നു കാണട്ടെയെന്ന് പത്രാധിപര്‍ നിര്‍ദ്ദേശിച്ചു. പിറ്റേദിവസം യുവാവ് പത്രാധിപരെ കണ്ടു. ഉപചാരസ്വഭാവം തീണ്ടാത്ത ഒരു മുഖാമുഖം. കൊല്ലത്തെ പത്രത്തില്‍ നിന്ന് ജോലി രാജിവയ്ക്കുന്നതായി എഴുതിക്കൊടുക്കാന്‍ ചെറുപ്പക്കാരനോട് പത്രാധിപര്‍ പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. തന്റെ പത്രത്തില്‍ ചേരാനുള്ള അപേക്ഷയ്ക്കു മുമ്പേ മറ്റേ പത്രത്തിലെ ജോലിയില്‍ നിന്നുള്ള രാജിക്കത്ത് വാങ്ങിവച്ചതെന്തെന്ന് മനസ്സിലാകാതെ യുവാവ് നിന്നു പരുങ്ങി. മൂന്ന് ദിവസം കഴിഞ്ഞു വരാന്‍ പത്രാധിപര്‍ അയാളോട് പറഞ്ഞു. അതിനിടെ കൊല്ലം പത്രത്തിന്റെ മുഖ്യപത്രാധിപരും ഉറ്റ സുഹൃത്തുമായ വ്യക്തി പത്രാധിപര്‍ സുകുമാരനെ വിളിച്ചു. തന്റെ സ്ഥാപനത്തിലെ കൊള്ളാവുന്ന ഒരു പ്രവര്‍ത്തകനെ കേരളകൗമുദി തട്ടിയെടുത്തു എന്ന് കുറ്റപ്പെടുത്തി. അയാള്‍ വരാതിരുന്നാല്‍ പത്രം പ്രയാസത്തിലാകും. കേരളകൗമുദി സഹജീവികളെ ഇങ്ങനെ നശിപ്പിക്കരുത്. പത്രാധിപര്‍ ആ സുഹൃത്തിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം മണിക്കൂറുകള്‍ക്കകം പേട്ടയില്‍ പത്രാധിപരുടെ ഓഫീസ് മുറിയിലെത്തി. ചെറുപ്പക്കാരന്‍ എഴുതിയ രാജിക്കത്തിന്റെ കോപ്പി കൊല്ലത്തെ ചീഫ് എഡിറ്ററെ കാണിച്ചു. അദ്ദേഹം ഫോണിലൂടെ നടത്തിയ കുറ്റപ്പെടുത്തലുകള്‍ക്ക് മാപ്പു പറഞ്ഞു.
ഓരോ ചുവടുവയ്പ്പിലും പത്രാധിപര്‍ സ്വീകരിച്ച സൂക്ഷ്മമായ മുന്‍ കരുതലുകള്‍ അസാധാരണമാണ്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പത്രാധിപര്‍ക്കയച്ച ഒരു സ്വകാര്യ കത്ത് വിവാദപരമായേക്കാവുന്ന ചില പരാമര്‍ശങ്ങള്‍ അടങ്ങിയതായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് പത്രാധിപരുടെ ഒരു മുഖക്കുറിപ്പോടുകൂടി അച്യുതമേനോന് തന്റെ കത്ത് മടക്കിക്കിട്ടി. പത്രാധിപരുടെ മുഖക്കുറിപ്പ് ഇങ്ങനെയായിരുന്നു. ''ഏതോ ദുര്‍ബല നിമിഷത്തില്‍ വൈകാരിക സമ്മര്‍ദ്ദത്താല്‍ താങ്കള്‍ എഴുതിയതാണീ കത്തെന്ന് തോന്നുന്നു. അത് എന്റെ പക്കല്‍ ഇരുന്നാല്‍ അതിലെ സ്‌ഫോടനാത്മകമായ ഉള്ളടക്കം എന്നെങ്കിലും പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് പ്രകോപനം ഉണ്ടായെന്നു വരാം. താങ്കള്‍ക്കെതിരെ അങ്ങനൊന്ന് ചെയ്യാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. നാളെ എന്താവും സ്ഥിതിയെന്നു പറയാനാകില്ല. അതിനാല്‍ താങ്കളുടെ കത്ത് ഞാന്‍ താങ്കള്‍ക്കു തന്നെ തിരിച്ചയയ്ക്കുന്നു.'' അച്യുതമേനോന്‍ പത്രാധിപരുടെ അസാധാരണമായ ഈ പ്രതികരണത്തെയും ദീര്‍ഘവീക്ഷണത്തെയും പ്രകീര്‍ത്തിച്ചുകൊണ്ട് പില്‍ക്കാലത്ത് എഴുതിയ അനുസ്മരണ ലേഖനത്തില്‍, രാജനീതിയിലും നയതന്ത്രത്തിലും അടങ്ങിയിട്ടുള്ള അജ്ഞാതമായ ഒരു പാഠം തനിക്ക് ചൂണ്ടിക്കാണിച്ചു തരുകയായിരുന്നു പത്രാധിപരെന്ന് നിരീക്ഷിച്ചിട്ടുണ്ട്. മന്നത്തു പത്മനാഭന്‍ കോട്ടയം തിരുനക്കര മൈതാനത്ത് ഈഴവ സമുദായത്തെ ആക്ഷേപിച്ചുകൊണ്ട് പ്രസംഗിച്ചപ്പോള്‍ മുഖപ്രസംഗം എഴുതിയും പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചും പത്രാധിപര്‍ മറുപടി നല്‍കി. മാന്യവും യുക്തിഭദ്രവും സമുദായ മൈത്രിക്ക് ആക്കം കൂട്ടുന്നതുമായിരുന്നു പത്രാധിപരുടെ പ്രതികരണങ്ങള്‍. മന്നത്തിന് ഖേദവും കുറ്റബോധവുമുണ്ടായി. വിശാല മനസ്‌കനായ അദ്ദേഹം തന്റെ ഖേദപ്രകടനം ഒരു കത്തിലൂടെ കെ. സുകുമാരനെ നേരിട്ട് അറിയിച്ചു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവചനം ആദര്‍ശ വാക്യമായി സ്വീകരിച്ച കേരളകൗമുദി ജീവനക്കാരെ തിരഞ്ഞെടുക്കുന്നതില്‍ മതജാതി പരിഗണനകള്‍ക്കുപരി മികവിനും കഴിവിനും പ്രാധാന്യം കല്‍പ്പിക്കണമെന്ന് പത്രാധിപര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പത്രപ്രവര്‍ത്തകരുടെ രാഷ്ട്രീയ ചായ്‌വ് തുലനം ചെയ്യത്തക്കവിധമാണ് ഉത്തരവാദിത്വങ്ങള്‍ ഓരോരുത്തരെയും ഏല്‍പ്പിച്ചിരുന്നത്. കോണ്‍ഗ്രസ് അനുഭാവി ദിവാകരനും കമ്മ്യൂണിസ്റ്റുകാരന്‍ എം.കെ. കുമാരനും കെ. കാര്‍ത്തികേയനും വേണാട്ടു കരുണാകരനും ജി. ഗോവിന്ദപ്പിള്ളയും എന്‍. രാമചന്ദ്രനും പി.കെ. ബാലകൃഷ്ണനും കെ. വിജയരാഘവനും എന്‍.ആര്‍.എസ്. ബാബുവും എസ്. ജയചന്ദ്രന്‍ നായരും അങ്ങനെ പത്രാധിപരുടെ യുദ്ധഭൂമിയിലെ പടനായകരായി. 1977ല്‍ എ.കെ. ആന്റണി ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റ കാലത്തെ ഒരു സംഭവം എന്‍.ആര്‍.എസ്. ബാബു ഓര്‍ക്കുന്നു. എം.എല്‍.എ. അല്ലാത്ത ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അദ്ദേഹത്തിനു മത്സരിക്കാന്‍ തലേക്കുന്നില്‍ ബഷീര്‍ കഴക്കൂട്ടം നിയമസഭാ സീറ്റ് ഒഴിഞ്ഞു. ആന്റണിയോട് പത്രാധിപര്‍ക്ക് വാത്സല്യം. എതിര്‍സ്ഥാനാര്‍ത്ഥി പിരപ്പന്‍കോട് ശ്രീധരന്‍നായരോട് ദീര്‍ഘകാല സൗഹൃദം. രണ്ടുപേരും ജയിക്കണമെന്ന് ആഗ്രഹിച്ചാലും നടപ്പില്ല. ഏറ്റവും നിഷ്പക്ഷമായി ഉപതിരഞ്ഞെടുപ്പു വാര്‍ത്തകള്‍ തയ്യാറാക്കാന്‍ എന്‍.ആര്‍.എസ്. ബാബുവിനെ പത്രാധിപര്‍ ഏല്‍പ്പിച്ചു. ഉപതെരഞ്ഞെടുപ്പിലെ സുപ്രധാന വാര്‍ത്ത തയ്യാറാക്കി തലക്കെട്ടെഴുതി അദ്ദേഹം ഒന്നാം പുറത്ത് പ്രസിദ്ധീകരിച്ചു. 'അക്ഷൗഹിണികള്‍ നിരന്നു; യുദ്ധകാഹളം മുഴങ്ങി' എന്ന അര്‍ത്ഥപ്പൊലിമയുള്ള ഹെഡ്‌ലൈന്‍. പത്രാധിപസമിതിയിലെ എല്ലാവരുടെയും അഭിനന്ദനം പ്രതീക്ഷിച്ച് അഭിമാനത്തോടെയാണ് പിറ്റേന്ന് ബാബു ഓഫീസിലെത്തിയത്. പത്രാധിപര്‍ അദ്ദേഹത്തെ വിളിപ്പിച്ചു. നേരിട്ടു പ്രശംസിക്കാനാവുമെന്ന് ബാബു പ്രതീക്ഷിച്ചു. എന്നാല്‍ ശാപവാക്കുകള്‍ ഉരുവിട്ടുകൊണ്ട് ഇംഗ്ലീഷ് ഭാഷയില്‍ തീവ്രശക്തിയോടെ ആക്രോശിക്കുകയായിരുന്നു പത്രാധിപര്‍. ''അക്ഷൗഹിണികള്‍ നിരന്നുപോലും. ശൂരനാട് കുഞ്ഞന്‍പിള്ളയെപ്പോലുള്ള ഭാഷാപണ്ഡിതന്മാര്‍ക്കു വായിക്കാനുള്ളതല്ല പത്രം. ചുമട്ടുതൊഴിലാളികളും ടാക്‌സി ഡ്രൈവര്‍മാരും ബാര്‍ബര്‍മാരും കൂലിപ്പണിക്കാരും ഉള്‍പ്പെട്ട സാധാരണക്കാരുടെ പത്രമാണിത്. ഇങ്ങനൊരു തലക്കെട്ട് നല്‍കിയതിലൂടെ അതിനിടയിലുള്ള മനോഹരമായ വിവരണങ്ങള്‍ വായിക്കപ്പെടാതെ പോകില്ലെ. പത്രത്തെത്തന്നെ നാട്ടുകാരില്‍ നിന്ന് അകറ്റില്ലെ? കുഞ്ഞ് ഏതു സ്‌കൂളിലാ ജേണലിസം പഠിച്ചത്...?'' മറുപടി പറയാനാവാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതു തേടി കാത്തുനിന്ന ലേഖകന്‍ ജനകീയ പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഒരു സര്‍വകലാശാലയിലും ലഭിക്കാത്ത വലിയൊരു പാഠം ആ ഗുരുമുഖത്തുനിന്ന് ഉള്‍ക്കൊള്ളുകയായിരുന്നു. ക്ഷീണിതനായി തിരിച്ചു നടക്കുമ്പോള്‍ പത്രാധിപര്‍ കൈകൊട്ടി തിരിച്ചു വിളിച്ച് ശബ്ദം താഴ്ത്തി ബാബുവിന്റെ മുഖത്തേക്കു കുനിഞ്ഞു പറഞ്ഞു, ''ആ റിപ്പോര്‍ട്ട് മനോഹരമാണ്.'' ചോര്‍ന്നുപോയ വീര്യം വീണ്ടെടുത്ത് അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി.പത്രാധിപര്‍ സുകുമാരന്‍ അങ്ങനെയായിരുന്നു. പത്രം മടക്കി കെട്ടിയും കവര്‍ ഒട്ടിച്ചും പ്രൂഫ് വായിച്ചും അച്ഛനെ സഹായിച്ചുകൊണ്ടാണ് അദ്ദേഹം പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയത്. പന്ത്രണ്ടാം വയസ്സുമുതല്‍ പ്രസംഗവേദിയില്‍ കയറി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ അമ്പതാം വാര്‍ഷികത്തിന് കെ. സുകുമാരന്‍ യോഗം പ്രസിഡന്റായി. ആര്‍. ശങ്കര്‍ ജനറല്‍ സെക്രട്ടറിയും. അപ്പോള്‍ പത്രാധിപര്‍ക്കും 50 വയസ്സായിരുന്നു. പക്ഷേ നയകാര്യങ്ങളില്‍ ശങ്കറുമായി യോജിച്ചുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ഇരുവരും ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ ഒരേ തടവു മുറിയില്‍ കഴിഞ്ഞിട്ടുണ്ട്. ശങ്കറുടെ പാണ്ഡിത്യവും കാവ്യ പാരായണശീലവും സുകുമാരനെ ചെറുപ്പത്തില്‍ ആകര്‍ഷിച്ചിരുന്നു. പക്ഷേ രാഷ്ട്രീയ സാമുദായിക വിഷയങ്ങളില്‍ ശങ്കറെ എതിര്‍ക്കാന്‍ പില്‍ക്കാലത്ത് പത്രാധിപരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു എന്ന് ആര്‍ക്കും അറിഞ്ഞുകൂട.
ആധുനിക കാലത്തെ കോണ്‍ഗ്രസുകാര്‍ ഗാന്ധിത്തൊപ്പി ഉപേക്ഷിച്ചിട്ടും പത്രാധിപര്‍ സുകുമാരന്‍ പ്രത്യക്ഷത്തില്‍ ഒരു കോണ്‍ഗ്രസുകാരന്‍ അല്ലാതിരുന്നിട്ടും മരണം വരെ ഗാന്ധിത്തൊപ്പിയണിഞ്ഞു. മൊയ്തുമൗലവിയിലും കെ. സുകുമാരനിലുമാണ് കേരളം അവസാനമായി ഗാന്ധിത്തൊപ്പികണ്ടത്. വല്ലപ്പോഴും പ്രക്ഷോഭ വേദിയില്‍ വരുമ്പോള്‍ കോട്ടയത്തെ കെ.സി. മാമ്മന്റെ ശിരസ്സില്‍ ഒരു കാല വിഭ്രമം പോലെ ഗാന്ധിത്തൊപ്പി കാണാം. ആം ആദ്മി പാര്‍ട്ടിക്കാരിലൂടെ അതിപ്പോള്‍ മടങ്ങിവരുകയാകാം. കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടാകും തോറ്റാലാണ് തൊപ്പിവയ്ക്കുന്നതെന്ന്. ഗാന്ധിയന്മാര്‍ തോല്‍ക്കുകയും നവകോണ്‍ഗ്രസുകാര്‍ ജയിക്കുകയും ചെയ്യുന്നു. പത്രാധിപര്‍ സുകുമാരന്‍ തോല്‍പ്പിക്കാതെ തൊപ്പിയിട്ട മഹാനുഭാവനാണ്. പൊലീസ് വകുപ്പില്‍ ക്ലാര്‍ക്കായിരിക്കെ ബിരുദധാരികള്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ കെ. സുകുമാരന്‍ അപേക്ഷ നല്‍കി. കൊല്ലം ഡി.എസ്.പി.യായിരുന്ന തന്റെ മേലുദ്യോഗസ്ഥന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടും ജാതി വിവേചനത്താല്‍ അദ്ദേഹത്തിന് ഇന്‍സ്‌പെക്ടര്‍ തസ്തിക നല്‍കിയില്ല. അതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഉദ്യോഗം എന്നേക്കുമായി ഉപേക്ഷിച്ച് കേരളകൗമുദിയുടെ നടത്തിപ്പില്‍ പങ്കുചേരുകയായിരുന്നു സുകുമാരന്‍. ആലപ്പുഴ ബോട്ട് ജെട്ടിയിലെ നായര്‍ ഹോട്ടലില്‍ ബാല്യത്തില്‍ ജാതി വിവേചനത്താല്‍ ഉച്ചയൂണ് നല്‍കാതിരുന്നതും അര്‍ഹമായ ഉദ്യോഗക്കയറ്റം നിഷേധിച്ചതും കെ. സുകുമാരന്റെ ആത്മാഭിമാനത്തിനേറ്റ ആഘാതങ്ങളാണ്. അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതത്തെ രൂപപ്പെടുത്തിയത് ആ ചെറിയ സംഭവങ്ങളാണ്. ദക്ഷിണാഫ്രിക്കയില്‍ വച്ച് എം.കെ. ഗാന്ധിയെന്ന അഭിഭാഷകനെ ട്രെയിനിലെ ഒന്നാംക്ലാസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടിക്കറ്റ് പരിശോധകനായ ധ്വര വര്‍ണ്ണവിവേചന ബോധത്താല്‍ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞു. അതിനാല്‍ ഇന്ത്യയ്ക്ക് മഹാത്മജിയെന്ന രാഷ്ട്രപതിയെ കിട്ടി. കെ. സുകുമാരന്‍ കഷ്ടകാലത്തിന് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിപ്പോയിരുന്നെങ്കില്‍ സമൂഹത്തിന് എത്ര വലിയ നഷ്ടം സംഭവിക്കുമായിരുന്നു. 1973ല്‍ പത്മഭൂഷണ്‍ ബഹുമതിയാല്‍ രാഷ്ട്രം ആദരിച്ച പത്രാധിപര്‍ കെ. സുകുമാരന്‍ ഉണ്ടാകുമായിരുന്നില്ല. കേരളകൗമുദി വേറേതെങ്കിലും രൂപഭാവങ്ങളാല്‍ ഉണ്ടായെന്നുവരാം. കേരളം ഇങ്ങനെയാകുമായിരുന്നില്ല. എം.എസ്. മണിയെന്ന സെലിബ്രിറ്റി എഡിറ്ററും എം.എസ്. മധുസൂദനന്‍ എന്ന പരീക്ഷണ കുതുകിയായ ആധുനിക പത്രാധിപരും അങ്ങനെ പലതും കേരളത്തിന് അന്യമാകുമായിരുന്നു. 

പി. സുജാതന്‍