ഒത്തുതീര്‍പ്പുകളില്ലാതെ...

മാധ്യമപ്രവര്‍ത്തനവും മാധ്യമവിമര്‍ശനവും അത്രമേല്‍ ഒന്നിച്ചിണങ്ങിപ്പോകുന്ന മേഖലകളല്ല.  പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക മാധ്യമവിമര്‍ശന തത്വങ്ങളുടെ പ്രയോഗം എത്രയും ദുഷ്‌കരമാണെന്നര്‍ഥം. 1992 മുതല്‍ ഒരു ദശകത്തോളം ഒരു മാധ്യമസ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത് ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് ശശികുമാര്‍. അതിനുമുന്‍പ് ദേശീയ, രാജ്യാന്തര മാധ്യമങ്ങളിലെ ദീര്‍ഘമായ പ്രവര്‍ത്തനകാലയളവിലോ അതിനുശേഷം മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്ന സ്ഥാപനത്തില്‍ വ്യാപരിക്കുമ്പോഴോ ഈയൊരു സംഘര്‍ഷം അദ്ദേഹത്തിന് അത്രമേല്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. 1979 മുതല്‍ 2014 വരെയുളള മുപ്പത്തഞ്ചു വര്‍ഷങ്ങളിലെ തന്റെ മാധ്യമജീവിതത്തില്‍ നാനാവിധ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ശശികുമാര്‍ എഴുതിയ നൂറിലധികം വിമര്‍ശന, പഠന ലേഖനങ്ങളുടെ സ്വരൂപവും സ്വഭാവവും തെളിയിക്കുന്നതും ഈ വസ്തുതയാണ്. ഏഷ്യാനെറ്റ് കാലത്തിന് മുന്‍പും പിന്‍പുമാണ് ഇവയില്‍ ബഹുഭൂരിപക്ഷവും എഴുതപ്പെട്ടത്.ഈ രചനകളില്‍ ഒരുപകുതി സിനിമയെക്കുറിച്ചാണ്. 79-2014 കാലത്തുടനീളം, ചാനലിലെ ഇടവേളയൊഴിച്ചാല്‍ ശശികുമാര്‍ ഒരു മുഴുനീള ചലച്ചിത്രനിരൂപകന്‍ കൂടിയായിരുന്നു. മറുപകുതി പത്രം, റേഡിയോ, ടി.വി., നവമാധ്യമങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയുളള മാധ്യമവിചാരങ്ങളാണ്. രണ്ടെണ്ണമൊഴികെ എല്ലാം ഇരുപത്തൊന്നാം നൂറ്റാണ്ടിലെഴുതപ്പെട്ടവ. ദ ഹിന്ദു ദിനപത്രത്തിലും ഫ്രണ്ട്‌ലൈന്‍ മാസികയിലും പ്രസിദ്ധീകരിച്ചവയാണ് ഈ ലേഖനങ്ങള്‍ മിക്കവയും.'ദ ഹിന്ദു'വില്‍ സിനിമാനിരൂപണങ്ങളും രാഷ്ട്രീയനിരീക്ഷണങ്ങളും എഴുതിപ്പോന്നിരുന്ന കാലത്താണ് 1983 ല്‍ പത്രാധിപരായിരുന്ന ജി. കസ്തൂരി ശശികുമാറിനെ പത്രത്തിന്റെ പശ്ചിമേഷ്യന്‍ ലേഖകനായി ബഹ്‌റിനിലേക്ക് അയയ്ക്കുന്നത്. പാലസ്തീനിയന്‍ പ്രസ്ഥാനം മുതല്‍ മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം വരെയുളള വിഷയങ്ങളില്‍ ശശികുമാര്‍ എഴുതിയ ലേഖനങ്ങളായിരുന്നു പത്രാധിപരുടെ മനസ്സില്‍. പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതില്‍ ഒത്തുതീര്‍പ്പുകളോ വിട്ടുവീഴ്ചകളോ പ്രകടിപ്പിച്ചിരുന്നില്ല ശശികുമാറിന്റെ എഴുത്ത്. ബഹ്‌റിനില്‍ ശശികുമാര്‍ റേഡിയോ ജേണലിസത്തിലേക്കും തിരിഞ്ഞു. പാലസ്തീന്‍ പ്രശ്‌നത്തോടും പ്രസ്ഥാനത്തോടുമുളള ആഭിമുഖ്യം തന്നെയായിരുന്നു അതി
നും കാരണം. തുടര്‍ന്ന് പി.ടി.ഐയുടെ ടെലിവിഷന്‍ വിഭാഗത്തിന്റെ തലവനായി ഇന്ത്യയിലേക്ക്. ലോകാന്തരവാര്‍ത്തായാത്രകള്‍, ഡോക്യുമെന്ററികളുടെ നിര്‍മാണം, വാര്‍ത്താവതരണം, ചലച്ചിത്രാഭിനയം - ശശികുമാറിന്റെ ജീവിതം ദൃശ്യമാധ്യമങ്ങളിലേക്കു പറിച്ചുനടപ്പെടുകയായിരുന്നു. അങ്ങനെ 1990 കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹ, സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൊന്ന് സ്ഥാപിച്ചു. ഒരു ദശകത്തിനുളളില്‍ ചാനല്‍ വിട്ട ശശികുമാര്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേണലിസം തുടങ്ങി പുതിയൊരു മാധ്യമമണ്ഡലത്തിലേക്കു ചുവടുമാറ്റി.മലയാളികളായ മാധ്യമകലാപ്രവര്‍ത്തകരുടെയും വിമര്‍ശകരുടെയും സാന്നിധ്യം ദേശീയതലത്തില്‍ ഇംഗ്ലീഷ് ഭാഷയിലൂടെയാണ് ഇക്കാലമത്രയും ശ്രദ്ധേയമായിട്ടുളളത്. ശങ്കറും പോത്തന്‍ ജോസഫും വിജയനും അബുവും ബിജി വര്‍ഗീസും ടി.ജെ.എസും മുതല്‍ സദാനന്ദ് മേനോനും പ്രസന്നരാജനും വരെയുളളവര്‍ ഉദാഹരണം. ഗോപീകൃഷ്ണനെപ്പോലുളള പുതിയ നിര മാധ്യമപ്രവര്‍ത്തകരുടെ കാര്യവും ഭിന്നമല്ല. ശശികുമാറിന്റെയും ഭാഷാമാധ്യമം ഇംഗ്ലീഷാണ്. ആകെയുളള വ്യത്യാസം ഇടക്കാലത്ത് അദ്ദേഹം ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട് മലയാളത്തിലും പ്രവര്‍ത്തിച്ചു എന്നതാണ്. മേല്പറഞ്ഞവരില്‍ വിജയനും ടി.ജെ.എസും മാത്രമാണെന്നു തോന്നുന്നു, രണ്ടു ഭാഷകളിലും തങ്ങളുടെ പ്രൊഫഷണല്‍ ജീവിതം എഴുത്തിലൂടെ നിലനിര്‍ത്തിപ്പോന്നത്.രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ അക്കാദമിക മാധ്യമപഠിതാക്കളും നിരൂപകരും പലരുണ്ടെങ്കിലും ഇന്നിപ്പോള്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായ മലയാളി മാധ്യമവിമര്‍ശകരില്ല എന്നതാണ് വാസ്തവം. ശശികുമാറാണ് ഈ രംഗത്തുളള ഏക വ്യക്തിത്വം. ഇതിനു തെളിവാണ് അദ്ദേഹമെഴുതിയ നൂറിലധികം വിമര്‍ശന ലേഖനങ്ങളുടെ സമാഹാരമായ 'Unmediated'. നവ/നവതരംഗ സിനിമ മുതല്‍ നവസാമൂഹ്യമാധ്യമങ്ങള്‍ വരെ, കഴിഞ്ഞ നാലുപതിറ്റാണ്ടിന്റെ ആഗോള, ഇന്ത്യന്‍, കേരളീയ കലാ, മാധ്യമ
സംസ്‌കാരത്തെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പ്രതിബദ്ധതയോടെ വിശകലനം ചെയ്യുന്ന ലേഖനങ്ങളാണ് ഇതിലുളളത്.
നവ മാര്‍ക്‌സിസ്റ്റ് സാംസ്‌കാരിക സമീപനങ്ങളും വിപണിമുതലാളിത്ത-സാമ്രാജ്യത്ത വിരുദ്ധ, ലിബറല്‍ ഹ്യൂമനിസ്റ്റ് രാഷ്ട്രീയ നിലപാടുകളും കൂട്ടിയിണക്കുന്ന പാശ്ചാത്യ ഇടതുപക്ഷ അക്കാദമിക മാധ്യമ, കലാപഠനങ്ങളുടെ താവഴിയിലാണ് ശശികുമാറിന്റെ വീക്ഷണങ്ങള്‍ രൂപപ്പെടുന്നത്. എന്‍.റാം ഈ ഗ്രന്ഥത്തിനെഴുതിയ മുന്‍കുറിപ്പില്‍ ശശികുമാറിന്റെ സാംസ്‌കാരിക നിയോഗം ഇങ്ങനെ കുറിച്ചിടുന്നു: 'രണ്ടു കാര്യങ്ങളാണ് ശശികുമാറിന്റെ മാധ്യമജീവിതത്തെ സവിശേഷമാക്കുന്നത്. ഒന്ന്, അതിന്റെ അസാധാരണമായ വൈവിധ്യം ടെലിവിഷന്‍ വാര്‍ത്താവതാരകന്‍, റിപ്പോര്‍ട്ടര്‍, ഡോക്യുമെന്ററികാരന്‍, പത്രത്തിന്റെ വിദേശ പ്രതിനിധി, ഒരു വാര്‍ത്താ ഏജന്‍സിയുടെ ടെലിവിഷന്‍ പരിപാടി നിര്‍മ്മാതാവ്, ഇന്ത്യയിലെ സ്വകാര്യ ടെലിവിഷന്‍ രംഗത്തിന്റെ തുടക്കക്കാരിലൊരാള്‍, ചലച്ചിത്രനിരൂപകന്‍, സംവിധായകന്‍, നടന്‍, ദക്ഷിണേഷ്യയിലെതന്നെ മുന്‍നിര ജേണലിസം സ്ഥാപനങ്ങളിലൊന്നിന്റെ സ്ഥാപകനും നടത്തിപ്പുകാരനും... ഒക്കെയാണ് ശശികുമാര്‍. രണ്ട്, പുരോഗമനപരവും ജനപക്ഷപരവുമായ മാധ്യമനയങ്ങളോട് സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം'.തന്റെ മാധ്യമ, കലാചിന്തകളെയും പ്രവര്‍ത്തനങ്ങളെയും തന്റെ സാമൂഹ്യജീവിതത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും പ്രകടനപത്രികകളായി ഭാഷാന്തരം ചെയ്യുന്ന സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ശശികുമാര്‍ സമീപകാല ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ വേറിട്ട ശബ്ദങ്ങളിലൊന്നാണ്. ആധുനികതയുടെ ഉച്ചഘട്ടത്തില്‍ ചലച്ചിത്ര നിരൂപണത്തില്‍ തുടക്കമിടുന്ന ശശികുമാറിന്റെ മാധ്യമ, കലാ വിശകലനങ്ങള്‍ ഏതാണ്ടൊന്നടങ്കം ഈയൊരു രാഷ്ട്രീയാസ്തിത്വം പേറുന്നവയാണ്. മാധ്യമങ്ങളുടെ സ്ഥാപനപരത മുതല്‍ സാങ്കേതികതയുടെ വിമോചകസ്വഭാവങ്ങള്‍ വരെയുളളവ മൂല്യനിര്‍ണയം ചെയ്യപ്പെടുന്നത് അവയുടെ വര്‍ഗ, ജനാധിപത്യ സ്വരൂപങ്ങള്‍ മുന്‍നിര്‍ത്തി മാത്രമാണ്. ഹോളിവുഡ് സിനിമയായാലും ചിന്തരവിയുടെ മാധ്യമപ്രവര്‍ത്തനമായാലും ഇതിനു മാറ്റമില്ല.
'മാധ്യമങ്ങളും സംസ്‌കാരവും' എന്ന ഒന്നാം പകുതിയില്‍ ആകെയുളള അന്‍പതിലധികം രചനകളില്‍ രണ്ടെണ്ണം മാത്രമാണ് കഴിഞ്ഞ നൂറ്റാണ്ടിലെഴുതപ്പെട്ടത്. ഉപഗ്രഹടെലിവിഷന്‍ കാലത്തെ ആഗോള മാധ്യമസംസ്‌കാരത്തിന്റെ പരിഛേദമെന്നതിനൊപ്പം ആഗോളവല്‍ക്കരണകാലത്തെ മാധ്യമചരിത്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും നിയമപരവും മറ്റുമായ മാനങ്ങളുടെ മറനീക്കല്‍ കൂടിയായി മാറുന്നു, ഈ ഭാഗത്തെ ലേഖനങ്ങള്‍. ഇന്ത്യന്‍ കുഗ്രാമങ്ങള്‍ മുതല്‍ അമേരിക്കന്‍ മഹാനഗരങ്ങള്‍ വരെ; നിരക്ഷരസമൂഹങ്ങളിലെ വായനാശീലങ്ങള്‍ മുതല്‍ സാമൂഹ്യമാധ്യമങ്ങള്‍ ത്വരിപ്പിക്കുന്ന അറബ് വിപ്ലവങ്ങള്‍ വരെ മക്‌ലൂഹനും ഡാനിയല്‍ ബല്ലും ഗ്രാംഷിയും എഡ്വേര്‍ഡ് സച്ചിനും ഴാക് ദറിദയും പിയറിബോര്‍ദിയുവും ഹേബര്‍മാസും ഗൈദബോര്‍സും ജെയിംസണും ഉംബര്‍ട്ടോ എക്കോയും ബോദിലാദും തുടര്‍ച്ചയായി കടന്നുവരുന്ന അക്കാദമിക ചര്‍ച്ചകളായി മാറുന്നു, പല രചനകളും. എങ്കിലും നോം ചോംസ്‌കിയാണ് ശശികുമാറിന്റെ മുഖ്യ മാര്‍ഗദര്‍ശി. സാമ്രാജ്യത്തവിരുദ്ധത, വിപണി മുതലാളിത്ത വിമര്‍ശനം, ജനാധിപത്യവാദം എന്നീ തലങ്ങളിലെല്ലാം ചോംസ്‌കിയുടെ രാഷ്ട്രീയവും നയസമീപനങ്ങളും സാമൂഹ്യ, മാധ്യമ നിരീക്ഷണങ്ങളും ശശികുമാര്‍ നിരന്തരം ഉപയോഗപ്പെടുത്തുന്നു. ഒപ്പം സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്ന റോബര്‍ട്ട് മക്‌ചെസ്‌നി, എഡ്വേര്‍ഡ് എസ്. ഹെര്‍മ്മന്‍ തുടങ്ങിയവരുടെ കാഴ്ചപ്പാടുകളും.കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം ആഗോള, ദേശീയ തലങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മാധ്യമനയങ്ങളും സാങ്കേതിക പരിണാമങ്ങളും വാര്‍ത്താ-വിനോദ സംസ്‌കാരങ്ങളും തുടര്‍ച്ചയായെന്നോണം വിശകലനം ചെയ്യപ്പെടുന്ന, ഈ ഭാഗത്തെ രചനകളില്‍. അമേരിക്കന്‍ മാധ്യമകുത്തകകളുടെ ആഗോള സാംസ്‌കാരികാധിനിവേശം, പാശ്ചാത്യമാധ്യമങ്ങളുടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയം, വ്യവസായ വിപ്ലവത്തില്‍ നിന്ന് വിവരവിപ്ലവത്തിലേക്കു കുതിച്ച ലോകത്തിന്റെ മാധ്യമമണ്ഡലങ്ങള്‍, ഇന്ത്യന്‍ ടെലിവിഷന്റെ പ്രാദേശികവല്‍ക്കരണം, ഇന്ത്യന്‍ മാധ്യമങ്ങളിലെ വര്‍ഗീയ അജണ്ടകള്‍, അവയുടെ സ്ത്രീവിരുദ്ധത, മാധ്യമസ്ഥാപനങ്ങളും ആത്മനിയന്ത്രണവും, അറബ് വസന്തവും സാമൂഹ്യമാധ്യമങ്ങളും, ജൂലിയന്‍ അസാഞ്ചെ, എഡ്വേര്‍ഡ് സ്‌നോഡന്‍ എന്നിവര്‍ തുറന്നുവിട്ട മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുളള ചര്‍ച്ചകള്‍, മാധ്യമസിന്‍ഡിക്കേറ്റുകളുടെ ആഗോളരാഷ്ട്രീയം, ഡിജിറ്റല്‍ കാപ്പിറ്റലിസവും സാങ്കേതികവിപ്ലവവും, ബലാത്സംഗത്തിന്റെ മാധ്യമപ്രതിനിധാനങ്ങള്‍, റേഡിയോയുടെ സാംസ്‌കാരിക ചരിത്രം... ശശികുമാര്‍ വിശകലനം ചെയ്യുന്ന വിഷയങ്ങള്‍ നിരവധിയാണ്. വി. ശ്രീധരന്‍ ശശികുമാറുമായി നടത്തിയ ഒരു ദീര്‍ഘസംഭാഷണവുമുണ്ട് ഈ ഭാഗത്ത്. ആഗോളമാധ്യമസംസ്‌കാരത്തോടും ആഗോളവല്‍ക്കരണകാലത്തെ മാധ്യമരാഷ്ട്രീയങ്ങളോടും ഒരു മൂന്നാംലോക പൗരന്‍ പുലര്‍ത്തുന്ന വിമര്‍ശനാത്മകമായ സംവാദങ്ങളാണ് അടിസ്ഥാനപരമായി ഈ രചനകളോരോന്നും.രണ്ടാംപകുതി ചലച്ചിത്രപഠനങ്ങളാണ്. ഇതര മാധ്യമങ്ങളെക്കാള്‍ ആഴത്തിലും പരപ്പിലും ശശികുമാര്‍ എഴുതുന്നത് സിനിമയെക്കുറിച്ചാണ്. അടിസ്ഥാനപരമായി മാധ്യമനിരൂപകനെന്നതിനെക്കാള്‍ ചലച്ചിത്രനിരൂപകനാണ് ശശികുമാര്‍ എന്നു തെളിയിക്കുന്ന രചനകള്‍. സിനിമാചരിത്രം, ഫിലിംഫെസ്റ്റിവലുകള്‍, കലാസിനിമ-കച്ചവടസിനിമ, സിനിമയുടെ സാങ്കേതികത, സാമൂഹികത, സൗന്ദര്യശാസ്ത്രം... എന്നിങ്ങനെ വിവിധ തലങ്ങള്‍ കേന്ദ്രീകരിക്കുന്ന ചലച്ചിത്രപഠനങ്ങളുടെ ബൃഹത്തും വൈവിധ്യമാര്‍ന്നതുമായ ഒരു ലോകം ഈ ഗ്രന്ഥത്തിലുണ്ട്. ആഴത്തിലുളള ചലച്ചിത്രപരിചയമാണ് ശശികുമാറിന്റെ മാധ്യമപഠനങ്ങളെ സൗന്ദര്യവല്‍ക്കരിക്കുന്നതെങ്കില്‍ വിപുലമായ സാഹിത്യപരിചയമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രപഠനങ്ങളെ സൗന്ദര്യവല്‍ക്കരിക്കുന്നത്. കാളിദാസന്‍ മുതല്‍ ഖലീല്‍ ജിബ്രാന്‍വരെയും ഇ.എല്‍. ഡോക്ടറോവ് മുതല്‍ സറമാഗുവരെയും അക്കിത്തം മുതല്‍ നക്പാള്‍ വരെയുമുളള എഴുത്തുകാര്‍ ശശികുമാറിന്റെ ചലച്ചിത്രവിമര്‍ശനങ്ങളില്‍ കടന്നുവരുന്നു.ഇന്ത്യന്‍ നവസിനിമയെക്കുറിച്ചുളള ലേഖനങ്ങളിലാണ് തുടക്കം. ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ ഇന്ത്യന്‍ സിനിമയില്‍ 1970 കളിലുണ്ടായ നവീനതകളെ അവയുടെ കൃത്രിമത്വങ്ങള്‍ ഉള്‍പ്പെടെയുളള സ്വഭാവങ്ങള്‍ ചൂണ്ടിക്കാണിച്ചു വിശദീകരിക്കുന്നു, ആദ്യലേഖനം. ഇറ്റാലിയന്‍ നിയോ റിയലിസത്തെക്കാള്‍ 'സത്യജിത് റായിയിസം' സ്വാധീനിച്ച '60 കളിലെ സിനിമയില്‍നിന്നുളള മുന്നോട്ടുപോക്കായിരുന്നല്ലോ 70 കളിലേത്. പടിഞ്ഞാറന്‍, കിഴക്കന്‍ യൂറോപ്യന്‍ സിനിമകളുടെ ശൈലി, ക്രിസ്റ്റോഫ് സനൂസിയുമായി നടത്തിയ സംഭാഷണം എന്നിവയിലൂന്നി റായിയുടെ സിനിമകളിലെ സാമൂഹിക പരാങ്മുഖത ഉള്‍പ്പെടെയുളള ഘടകങ്ങള്‍ ശശികുമാര്‍ തുറന്നുകാണിക്കുന്നു. ശ്യാംബനഗല്‍, മൃണാള്‍സെന്‍, അരവിന്ദന്‍, ഗിരീഷ് കര്‍ണാട്, കെ. ബാലചന്ദര്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയവരുടെ ചലച്ചിത്രകലയെക്കുറിച്ചു വിശദീകരിക്കുന്ന ഈ ലേഖനം ഇന്ത്യന്‍ നവസിനിമയുടെ രാഷ്ട്രീയരാഹിത്യത്തെ നിശിതമായി വിമര്‍ശിക്കുന്നു. (അടൂര്‍ ഗോപാലകൃഷ്ണന്റെ പേരുപോലും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. മലയാളസിനിമയെന്നാല്‍ ശശികുമാറിന് അരവിന്ദനാണ്.) ഈ ഗ്രന്ഥത്തിലെ ഏറ്റവും ദീര്‍ഘമായ രചനയും ഇതേ വിഷയമാണ് ചര്‍ച്ചചെയ്യുന്നത്. 'ഇന്ത്യന്‍ സിനിമയിലെ നവീനപ്രവണതകള്‍' എന്ന പേരില്‍ ബാംഗ്ലൂര്‍ ഫിലിംഫെസ്റ്റിവലിനോടനുബന്ധിച്ച് 'ദ ഹിന്ദു' പത്രത്തിനുവേണ്ടി ശശികുമാര്‍ ചില ചല
ച്ചിത്രകാരന്മാരുമായി നടത്തിയ സംവാദമാണിത്. അരവിന്ദന്‍, ബസുഭട്ടാചാര്യ, ഗൗതംഘോഷ്, ഗിരീഷ് കാസറവളളി, ജെ. മഹേന്ദ്രന്‍, രവീന്ദ്രന്‍, മൃണാള്‍സെന്‍ തുടങ്ങിയവരാണ് പാനലില്‍. പൊതുവെ നവസിനിമ പുലര്‍ത്തിയ വൈയക്തികവും വരേണ്യവുമായ സൗന്ദര്യശാസ്ത്രത്തിന്റെ ദന്തഗോപുര സ്വഭാവത്തില്‍നിന്ന് സാമൂഹികതയിലേക്കും ജനകീയതയിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങിവരാനുളള സര്‍ഗാത്മക സമ്മര്‍ദ്ദങ്ങളാണ് ഈ ചര്‍ച്ചയിലുടനീളം രൂപംകൊളളുന്നത്. പ്രാദേശിക/ദേശീയസിനിമ, കലാ/കച്ചവടസിനിമ എന്നീ ദ്വന്ദ്വങ്ങളെക്കുറിച്ചും രാഷ്ട്രീയസിനിമയുടെ ഭാവ/അഭാവത്തെക്കുറിച്ചും ഈ ചര്‍ച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നു.ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവങ്ങളെക്കുറിച്ചുളള അവലോകനങ്ങള്‍, ഇന്ത്യക്കാരും വിദേശീയരുമായ ചലച്ചിത്രകാരന്മാരെക്കുറിച്ചുളള വിശകലനങ്ങള്‍, ശ്രദ്ധേയമായ ചില ചലച്ചിത്രങ്ങളെക്കുറിച്ചുളള നിരൂപണങ്ങള്‍, പ്രമുഖമായ ചില ചലച്ചിത്രപ്രവണതകളെക്കുറിച്ചുളള ചര്‍ച്ചകള്‍, സിനിമയിലെ സാമൂഹിക പ്രതിനിധാനങ്ങളെക്കുറിച്ചുളള നിരീക്ഷണങ്ങള്‍, ജനപ്രിയ-വിപണി സിനിമയുടെ സമവാക്യങ്ങള്‍, ചലച്ചിത്രവ്യവസായം, സെന്‍സര്‍ബോര്‍ഡ്, ഭരണകൂട ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുളള ചില വിശദീകരണങ്ങള്‍, മണികൗളിനെപ്പോലുളള സംവിധായകരുമായി നടത്തുന്ന അഭിമുഖങ്ങള്‍, മൊണ്ടാഷ് പോലുളള ചലച്ചിത്രസങ്കേതങ്ങളെക്കുറിച്ചുളള പഠനങ്ങള്‍, 'വിശ്വരൂപം' പോലെ വിവാദമായിത്തീര്‍ന്ന ചലച്ചിത്ര സംരംഭങ്ങളെ മുന്‍നിര്‍ത്തിയുളള ഇടപെടലുകള്‍... എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി പഠനങ്ങള്‍ ഈ ഭാഗത്തുണ്ട്. 'True Archivist of Cinema' എന്ന പേരില്‍, പി.കെ. നായരുടെ ചലച്ചിത്രജീവിതത്തെ മുന്‍നിര്‍ത്തിയെഴുതപ്പെട്ട ചരിത്രരേഖയാണ് വേറിട്ടുനില്‍ക്കുന്ന രചനകളിലൊന്ന്.മലയാളസിനിമയെക്കുറിച്ചുളള ശശികുമാറിന്റെ പഠനങ്ങളില്‍ ശ്രദ്ധേയമാകുന്ന നിരവധി ഘടകങ്ങളുണ്ട്. എലിപ്പത്തായത്തെക്കുറിച്ചുളള ഒരു ചെറുലേഖനമൊഴിച്ചാല്‍, അടൂരിന്റെ അഭാവമാണ് അവയിലൊന്ന്. എന്നാല്‍ അരവിന്ദനെക്കുറിച്ച് നാലഞ്ചു പഠനങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. കലാസിനിമയിലും ജനപ്രിയസിനിമയിലും ഒരുപോലെ പ്രസക്തമാകുന്ന മനോ-ലൈംഗിക കാമനകളുടെ ഫ്രോയ്ഡിയന്‍ വിശകലനങ്ങള്‍ ശശികുമാര്‍ മലയാളസിനിമയ്ക്കു കല്പിച്ചു നല്‍കുന്ന പൊതുബോധത്തിന്റെ ഭാഗംതന്നെയാണ്.ഡിജിറ്റൈസേഷന്‍ സാധ്യമാക്കുന്ന സാങ്കേതിക വിപ്ലവങ്ങളെക്കുറിച്ചു സൂചന നല്‍കിക്കൊണ്ടാണ് മാധ്യമങ്ങളെക്കുറിച്ചെന്നപോലെ സിനിമയെക്കുറിച്ചുമുളള പഠനങ്ങള്‍ ശശികുമാര്‍ അവസാനിപ്പിക്കുന്നത്. വിശേഷിച്ചും ഇക്കഴിഞ്ഞ ദശകത്തില്‍ എഴുതപ്പെട്ട മാധ്യമ, സിനിമാപഠനങ്ങള്‍ മിക്കതും സാങ്കേതികതയെയും സാമ്രാജ്യത്വത്തെയും കൂട്ടിയിണക്കുന്ന രാഷ്ട്രീയ വീക്ഷണത്തിലാണ് ശശികുമാര്‍ ഭാവന ചെയ്യുന്നത്. സിയാവുദ്ദീന്‍ സര്‍ദാര്‍ മുതല്‍ ഐജാസ് അഹ്മദ് വരെയുളളവരെ മുന്‍നിര്‍ത്തി ശശികുമാറിന്റെ ഈ കാഴ്ചപ്പാടുകള്‍ക്കുളള സമകാല പ്രസക്തി വിശദീകരിക്കാന്‍ കഴിയും. മാധ്യമവും കലയും ഏതുമാകട്ടെ, അതിന്റെ മൂല്യവിചാരത്തില്‍ തന്റെ രാഷ്ട്രീയനിലപാടുകളുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കാന്‍ ശശികുമാര്‍ ഒരിക്കലും തയ്യാറല്ല. വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളുമില്ലാത്ത രാഷ്ട്രീയ പ്രതിബദ്ധത തന്നെയാണ് കലാ, മാധ്യമവിചാരങ്ങളില്‍ ശശികുമാറിന്റെ നിലപാടുതറ. അക്കാദമിക സ്വഭാവമുളള ദീര്‍ഘപഠനങ്ങളിലാകട്ടെ, പാനല്‍ചര്‍ച്ചകളിലാകട്ടെ, ആസ്വാദനസ്വഭാവം മാത്രമുളള ചെറുലേഖനങ്ങളിലാകട്ടെ, അതിനു മാറ്റമൊന്നുമില്ല. തലക്കെട്ടും ഉളളടക്കവും തമ്മിലുളള ഒത്തിണക്കം ഈ ഗ്രന്ഥത്തിന്റെ രാഷ്ട്രീയംതന്നെയായി മാറുന്ന സന്ദര്‍ഭമതാണ്. 

ഷാജി ജേക്കബ്