ഐ.പി.ഐ., ഐ.സി.എഫ്.ജെ, ഐ.ഡബ്ല്യു.എം.എഫ്.

ഐ.പി.ഐ. : സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റ് ആണ് http://www.freemedia.at. എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ആഗോള കൂട്ടായ്മയാണ് ഐ.പി.ഐ. ഈ വെബ്‌സൈറ്റ് ആകട്ടെ, പത്രപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനപ്രദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. സൈറ്റിന്റെ ബ്ലോഗ്, പ്രസ് റൂം തുടങ്ങിയ ഭാഗങ്ങളാണ് ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന പ്രധാന പരിപാടികളുടെ വിവരങ്ങള്‍ ഇവന്റ്‌സ് ലിങ്കില്‍ നിന്നു കിട്ടും. വിവിധ രാജ്യങ്ങളില്‍ ദേശീയ കമ്മിറ്റികള്‍ വഴിയാണ് സംഘടനയുടെ പ്രവര്‍ത്തനം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അംഗത്വമെടുക്കാം. മൂന്നുതരം അംഗത്വങ്ങളുണ്ട്. പത്രസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ സൗജന്യ അംഗത്വവും നല്‍കും. പത്രപ്രവര്‍ത്തകനാണെന്നതിന്റെ പേരില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ അടങ്ങുന്ന ഡെത്ത് വാച്ച്, മാനനഷ്ടക്കേസുകള്‍ ക്രിമിനല്‍ കേസുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുള്ള കാമ്പയില്‍, വിവിധ രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പഠനം എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൂന്നു പ്രധാന പരിപാടികള്‍, ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റിലുണ്ട്. അടുത്തിടെ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ മാധ്യമ മേഖലകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ബ്ലോഗിലാകട്ടെ, ഏറ്റവും പുതിയ മാധ്യമ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു. മാധ്യ മേഖലയെ സംബന്ധിച്ച വിവിധ പഠന റിപ്പോര്‍ട്ടുകള്‍ പബ്ലിക്കേഷന്‍സ് വിഭാഗത്തില്‍ നിന്ന് കണ്ടെത്താനാകും.

ഐ.സി.എഫ്.ജെ
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്‌സിന്റെ വെബ്‌സൈറ്റ് ഉപയോഗപ്രദമായ ഒന്നാണ്. വിലാസം: http://www.icfj.org. ലോകമെമ്പാടും പത്രപ്രവര്‍ത്തനത്തിന്റെ മേന്മ വര്‍ധിപ്പിക്കുക എന്നതാണ് ഐ.സി.എഫ്.ജെയുടെ ലക്ഷ്യം. കഴിഞ്ഞ 29 വര്‍ഷമായി 180 രാജ്യങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ ജേണലിസം ട്രെയ്‌നിങ്ങ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പത്രപ്രവര്‍ത്തകര്‍ക്കുള്ള ധാരാളം സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ നിന്നു കിട്ടും. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലടക്കമുണ്ട്. അത് ഔര്‍ വര്‍ക്ക് എന്ന വിഭാഗത്തില്‍ നിന്നു മനസിലാക്കാം.സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പത്രപ്രവര്‍ത്തന മേഖലയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് മനസിലാക്കാന്‍ ഔര്‍ ഇംപാക്ട് എന്ന വിഭാഗം സഹായിക്കും. ബ്ലോഗ് വിഭാഗം എറെ വിവരങ്ങളാല്‍ സമ്പന്നമാണ്. പ്രമുഖന്മാരായ ധാരാളം പത്രപ്രവര്‍ത്തകര്‍ ഇതില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

ഐ.ഡബ്ല്യു.എം.എഫ്.
ലോകമെമ്പാടുമുള്ള വനിതാപത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ ഉന്നമനത്തിനായി 23 വര്‍ഷമായി വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയാ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ വെബ്‌സൈറ്റായ http://www.iwmf.org സമൃദ്ധമായ വിഭവങ്ങള്‍ അടങ്ങിയതാണ്. വനിതകളുടെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വനിതാ പത്രപ്രവര്‍ത്തകര്‍ക്കായി ധാരാളം പരിശീലന പരിപാടികള്‍, പഠനങ്ങള്‍ എന്നിവ സൈറ്റ് സംഘടിപ്പിക്കുന്നു. 2003 മുതലുള്ള വാര്‍ഷിക റിപ്പോര്‍ട്ട് സൈറ്റില്‍ നിന്നു കിട്ടും. ആഗോളമായി വനിതാ മാധ്യമപ്രവര്‍ത്തകരുടെ നിലവാരം, സ്ഥിതി എന്നിവ വ്യക്തമാക്കുന്ന ഗ്ലോബല്‍ റിപ്പോര്‍ട്ട് ഈ മേഖലയിലെ ഏറ്റവും ആധികാരികമാണ്. ഇത് സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. 59 രാജ്യങ്ങളിലെ 500 കമ്പനികളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വനിതാ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വളരെ വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വനിതാ പത്രപ്രവര്‍ത്തകരുടെ സുരക്ഷിതത്വം സംബന്ധിച്ച പുതിയ പഠനങ്ങളാണ് സൈറ്റിലെ ആകര്‍ഷകമായ മറ്റൊരു ഉള്ളടക്കം. സംഘടനയുടെ പ്രവര്‍ത്തന ഫലമായുള്ള മാറ്റങ്ങള്‍ സൈറ്റിന്റെ ഔര്‍ ഇംപാക്ട് എന്ന വിഭാഗത്തില്‍ നിന്ന് അറിയാനാവും. പ്രമുഖരായ വനിതാ മാധ്യമപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന സ്ഥിരം കോളവും സൈറ്റിലുണ്ട്.

ഇ.പി.ഷാജുദീന്‍