എവിടെ നമ്മുടെ റിഫോംസ് പ്രസ്ഥാനം?

1983 ല്‍ അമ്പത് കോര്‍പ്പറേറ്റ് കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു അമേരിക്കയിലെ മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും. മാധ്യമഗവേഷകനായ ബെന്‍ ബാഗ്ഡിക്യാന്‍ അക്കാലത്ത് എഴുതിയ മീഡിയ മോണോപൊളി എന്ന പുസ്തകത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ഈ ഗവേഷകന്‍ വെറുതെ ആളുകളെ പേടിപ്പെടുത്തുകയാണ് എന്ന് പലരും കരുതി. ഇതേ പുസ്തകത്തിന്റെ നാലാം പതിപ്പ് 1992 ല്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതില്‍ ഗ്രന്ഥകര്‍ത്താവ് വെളിപ്പെടുത്തി - അമേരിക്കയില്‍ രണ്ട് ഡസനില്‍ കുറവ് സ്ഥാപനങ്ങളാണ് ജനകീയ മാധ്യമങ്ങളില്‍ 90 ശതമാനത്തിന്റെയും ഉടമസ്ഥന്മാര്‍ എന്ന്. മാധ്യമങ്ങളെന്ന് പറയുമ്പോള്‍ അതില്‍ പത്രങ്ങളും ആനുകാലികങ്ങളും ചാനലുകളും റേഡിയോ സ്റ്റേഷനുകളും പുസ്തകങ്ങളും സിനിമകളും വീഡിയോകളും ഫോട്ടോ ഏജന്‍സികളും എല്ലാം ഉള്‍പ്പെടുന്നു. കുത്തകകളുടെ എണ്ണം വൈകാതെ അര ഡസനില്‍ താഴെയാകും എന്ന് അദ്ദേഹം അന്ന് പ്രവചിക്കുകയുണ്ടായി. ആരും ഇതത്ര കാര്യമായി എടുത്തില്ല. ദ മീഡിയ മോണോപൊളി എന്ന ആ ഗ്രന്ഥത്തില്‍ ആറാം പതിപ്പ് ഇറങ്ങിയത് 2000-ാമാണ്ടിലാണ്. അപ്പോഴേക്കും മാധ്യമ ഉടമസ്ഥ കോര്‍പ്പറേറ്റുകളുടെ എണ്ണം ആറായി കുറഞ്ഞിരുന്നു. ഇപ്പോള്‍ അഞ്ചുകമ്പനികള്‍ - ടൈംവാര്‍ണര്‍, ഡിസ്‌നി, ന്യൂസ് കോര്‍പ്പറേഷന്‍, ബെര്‍ടെല്‍സ്മന്‍( ജര്‍മനി), വയാകോം - ആണ് പാശ്ചാത്യലോകത്തിന്റെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. 
ഇക്കാര്യത്തിന് എന്താണ് ഇപ്പോള്‍ പ്രത്യേക പ്രസക്തി എന്ന ചോദ്യം ഉയരാം. ഇത്തരമൊരു അവസ്ഥ സമീപ ഭാവിയില്‍ പോലും ഇന്ത്യയില്‍ ഉണ്ടാവുകയില്ല എന്ന് ബോധ്യമുള്ളതുകൊണ്ട് നമ്മളെന്തിനാണ് പാശ്ചാത്യലോകത്തിന്റെ വേവലാതികളില്‍ പങ്കുകൊള്ളുന്നതെന്നും തോന്നിയേക്കാം. പക്ഷേ, അമേരിക്കയിലോ റുപര്‍ട് മര്‍ഡോക്കിന്റെ ജന്മനാടായ ആസ്‌ട്രേലിയയിലോ മാത്രം ഉയര്‍ന്നുവരുന്ന പ്രശ്‌നമാണ് ഇതെന്ന് ധരിച്ചുകൂടാ. ജനാധിപത്യത്തിലെ മാധ്യമ പങ്കിനെ കുറിച്ച് ആശയും ആശങ്കയുമുള്ളവര്‍ക്കെല്ലാം അറിയാം ആഗോളവല്‍കൃതമായ ഈ ലോകത്ത് ഇത് ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ വീട്ടുമുറ്റത്തേക്കും കടന്നുവരും എന്ന്. അതുകൊണ്ടുതന്നെ, പാശ്ചാത്യലോകത്ത് നടക്കുന്ന മാധ്യമ കേന്ദ്രീകരണത്തിലും അതിനെതിരെ ഉയരുന്ന ശബ്ദങ്ങളിലും പരിഷ്‌കാര പ്രസ്ഥാനങ്ങളിലും ബന്ധപ്പെട്ട സംഭവങ്ങളിലുമെല്ലാം നമുക്കും താല്പര്യമുണ്ട്, ഉണ്ടാവണം. 
അമേരിക്കയിലെ ഡെന്‍വറില്‍ 2013 ഏപ്രില്‍ 5,6,7 തിയ്യതികളില്‍ വലിയൊരു സമ്മേളനം നടക്കുകയുണ്ടായി. നാഷനല്‍ കോണ്‍ഫറന്‍സ് ഫോര്‍ മീഡിയ റിഫോം എന്ന് പേരിട്ട ഈ സമ്മേളനത്തില്‍ മാധ്യമ നിരീക്ഷകരും ഗവേഷകരും വിമര്‍ശകരുമെല്ലാം പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സംഘടനകളുടെ പ്രവര്‍ത്തകരും പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ എന്തോ വലിയ വിപ്ലവം നടന്നു എന്നല്ല. പക്ഷേ, ലോകത്തെമ്പാടുനിന്നും നിരവധി പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളുടെ രാജ്യത്തെ മാധ്യമങ്ങളുടെ അവസ്ഥയെ കുറിച്ച് വിവരിച്ചു. അര്‍ജന്റീനയില്‍ നിന്നും ബ്രസീലില്‍ നിന്നും ചിലിയില്‍നിന്നും ഹംഗറിയില്‍ നിന്നും ഇന്ത്യയില്‍ നിന്നുപോലും പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിയിരുന്നു.
അനിയന്ത്രിതമായ കുത്തകവല്‍ക്കരണം എങ്ങനെ മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അര്‍ത്ഥശൂന്യമാക്കുന്നു എന്ന് സമ്മേളനത്തിലെ പ്രസംഗങ്ങളും പ്രസന്റേഷനുകളും വിളിച്ചുപറഞ്ഞു. മാധ്യമവൈവിദ്ധ്യം മരിച്ചാല്‍ ജനാധിപത്യം ഇല്ലാതാവും എന്നതാണ് സമ്മേളനം ഉയര്‍ത്തിപ്പിടിച്ച ഒരു പ്രധാന തത്ത്വം. ഉടമസ്ഥതയിലെ കേന്ദ്രീകരണം ഉണ്ടാക്കുന്ന കുത്തക മറ്റ് വ്യവസായങ്ങളില്‍ സൃഷ്ടിക്കുക സാമ്പത്തികമായ പ്രശ്‌നങ്ങളാണ്. വിലനിര്‍ണയത്തിലെ ഏകാധിപത്യം നാടിനെ ചൂഷണം ചെയ്യുന്ന, കൊള്ളയടിക്കുന്ന അവസ്ഥയുണ്ടാക്കുമെന്ന് ഉറപ്പ്. പക്ഷേ, മാധ്യമങ്ങളുടെ ഉടമസ്ഥത കേന്ദ്രീകൃതമാകുമ്പോള്‍ അതുണ്ടാക്കുക പരമ്പരാഗത അര്‍ത്ഥത്തിലുള്ള സാമ്പത്തികചൂഷണം മാത്രമല്ല. ജനങ്ങള്‍ എന്തുവാങ്ങണം, എന്തു ചിന്തിക്കണം, ആരെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കണം, എന്ത് നയങ്ങള്‍ നടപ്പാക്കണം എന്നെല്ലാം ഇവര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് ഇത് നയിക്കും. ലോകത്തെത്തന്നെ കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലൊതുക്കുന്ന നയങ്ങള്‍ക്ക് അംഗീകാരം ഉണ്ടാക്കുക മുഖ്യ മാധ്യമ അജന്‍ഡ ആയി മാറും. നോം ചോംസ്‌കി മാനുഫാക്ചറിങ് കണ്‍സെന്റ് എന്ന് വിളിച്ചത് മാധ്യമക്കുത്തക സൃഷ്ടിക്കുന്ന ഈ അത്യപായകരമായ പ്രത്യാഘാതത്തെയാണ്.  
മീഡിയ റിഫോം എന്നത് ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ന്നുവരുന്നു എന്നതാണ് ഡെന്‍വര്‍ സമ്മേളനം നല്‍കുന്ന സൂചന. അമേരിക്കക്ക് മാത്രമല്ല, അമേരിക്കക്ക് പുറത്തേക്കും അതിന്റെ കാറ്റു വീശിത്തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ 27 രാഷ്ട്രങ്ങള്‍ക്കും ബാധകമായതും മാധ്യമ ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കാന്‍ ഈ സമ്മേളനം  തീരുമാനിച്ചിട്ടുണ്ട്. അമേരിക്കക്ക് അകത്താവട്ടെ അനേകമനേകം സംഘടനകള്‍ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുവന്നുകഴിഞ്ഞു. മാധ്യമ ഉടമസ്ഥത സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയണമെന്ന ആവശ്യത്തെ ചെറുക്കുന്നതിലും ഇന്റര്‍നെറ്റ് അവകാശസംരക്ഷണത്തിലും റിഫോം പ്രസ്ഥാനം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. 
കക്ഷിരാഷ്ട്രീയത്തിന്റെ താല്പര്യങ്ങളില്‍ മാത്രം ഊന്നുന്ന, തികച്ചും രാഷ്ട്രീയമായ മാധ്യമവിമര്‍ശനവും മാധ്യമചര്‍ച്ചയും നടക്കുന്ന പ്രദേശമാണ് കേരളം. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടുതല്‍ ഉള്ളവരെ നോക്കി കുത്തക സ്ഥാപനമെന്ന് കൊഞ്ഞനം കുത്തുകയാണ് നമ്മുടെ നാട്ടിലെ കുത്തകവിരുദ്ധപ്രവര്‍ത്തനം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ സ്വാധീനമില്ലാത്ത അമേരിക്കയിലാണ് വളരെ അര്‍ത്ഥവത്തായ ഇടതുപക്ഷ പ്രവര്‍ത്തനം മാധ്യമ പരിഷ്‌കരണ രംഗത്ത് നടക്കുന്നത്. 
മാധ്യമം ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് എന്നത് കൊട്ടിഘോഷിക്കപ്പെടേണ്ട കാര്യം തന്നെ. പക്ഷേ, ഈ ചുമതല നിര്‍വഹിക്കുന്നതിന് മാധ്യമസ്ഥാപനങ്ങള്‍ എന്ത് പ്രാധാന്യമാണ് നല്‍കുന്നത് എന്ന് നിരന്തരം പരിശോധിക്കാന്‍ ആരും ജനങ്ങളെ പ്രേരിപ്പിക്കുന്നില്ല. അതിന് നമുക്ക് സംഘടനകളോ സ്ഥാപനങ്ങളോ ഇല്ല. മാധ്യമപരിഷ്‌കാരം എന്നൊരു മേഖല പോലും ഇവിടെ കാണാനില്ല. കോര്‍പ്പറേഷനുകളാണോ അതല്ല ജനങ്ങളാണോ, പൊതുതാല്പര്യമാണോ അതല്ല സ്വകാര്യലാഭമാണോ മാധ്യമമേഖലയിലെ നയങ്ങളും നടപടികളും തീരുമാനിക്കേണ്ടത് എന്നതാണ് പരിഷ്‌കരണ പോരാട്ടത്തിന്റെ കേന്ദ്രപരിഗണന എന്ന്  പ്രശസ്ത മാധ്യമചിന്തകനായ റോബര്‍ട് ഡബ്ല്യൂ. മക്‌ചെസ്‌നി ചൂണ്ടിക്കാട്ടിയത് ഇവിടെ പ്രസക്തമാണ്. 

 

Issue: 

May, 2013