Error message

എനിക്ക് ജേര്‍ണലിസ്റ്റ് ആകണം

അപ്പൂപ്പാ, ഈ ജേര്‍ണലിസ്റ്റ് ആകാന്‍ സയന്‍സോ ഹ്യുമാനിറ്റിയോ കോമേഴ്‌സോ ഏതാ പഠിക്കേണ്ടത് ?
എന്റെ എട്ടാം ക്ലാസുകാരന്‍ ഗ്രാന്‍ഡ്‌സണ്‍ അപ്പു ചോദിച്ചു.
ഞായറാഴ്ച്ചയാണ്. ഫുട്‌ബോള്‍ പ്രാക്ടീസു കഴിഞ്ഞു വന്നതേയുള്ളു. ബൂട്ട്‌സ് ഊരി വാതിലിനു പുറത്തേക്കെറിഞ്ഞ് അമ്മൂമ്മ കൊടുത്ത കാപ്പിയുമെടുത്ത് നേരെ എന്റെയടുത്തേക്കു വന്നതാണ്.
എന്തു പറ്റി? നീ ജേര്‍ണലിസ്റ്റാകാന്‍ തീര്‍ച്ചപ്പെടുത്തിയോ?
ഫൈനലാക്കിയില്ല. പക്ഷെ ഞാന്‍ സീരിയസ്സായി ആലോചിക്കുകാ.
അതെന്താ?
ഓരോ ആഴ്ച്ചയിലും താന്‍ ആരാകണമെന്നതിനെക്കുറിച്ച് പുതിയ ആശയങ്ങളുമായി അപ്പു വരാറുണ്ട്. ഡിസ്‌ക്കഷന്‍ ഞാനുമായിട്ടാണ്. സൂപ്പര്‍ മാനും മെസ്സിയും ഷൂമേക്കറും ധോണിയും കഴിഞ്ഞ് പ്രായമാകുന്തോറും കൂടുതല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് അപ്പു എത്തിക്കഴിഞ്ഞിരുന്നു. എന്‍ട്രന്‍സും മോഹന്‍ലാലും ഐ.എ.എസ്സും തനിക്ക് പറ്റിയതല്ല എന്ന നിഗമനത്തിലുമെത്തിയിട്ടുണ്ട്.
ഈയിടെ രാഷ്ട്രീയത്തില്‍ ലേശം ഭ്രമം വന്നോ എന്നു സംശയം.
അത് അപ്പൂപ്പാ, ജേര്‍ണലിസ്റ്റ് ആയാല്‍ ആരും പേടിക്കും. റെസ്‌പെക്ടു ചെയ്യും. ആരെയും ചീത്ത പറയാം. ലോകത്തെവിടെയും ടൂര്‍ ചെയ്യാം. ഒരു പാട് ഗിഫ്റ്റു കിട്ടും. കൈയീന്ന് ഒരു പൈസയും മുടക്കേണ്ട. ഞാനാകെ നോക്കി. മറ്റെല്ലാ ജോലിക്കും ഒരു റെസ്‌പോണ്‍സിബിലിറ്റിയുണ്ട്. ഇതിന് അതില്ല. അപ്പൂപ്പന്‍ കാണുന്ന നയന്‍ ഓ ക്ലോക്ക് ടെലിവിഷന്‍ ന്യൂസ് ചര്‍ച്ച ഞാന്‍ കുറെ നോക്കി. ഇംഗ്ലീഷിലും മലയാളത്തിലും ആ ജേര്‍ണലിസ്റ്റ് ചേട്ടന്മാരും ചേച്ചിമാരും ഏതു വലിയ ആളിനെയും നിര്‍ത്തി പൊരിക്കുന്നതു കണ്ടിട്ടില്ലേ. ഈ നരേന്ദ്രമോദി അങ്കിളും രാഹുല്‍ ഗാന്ധി അങ്കിളും ഒക്കെ പേടിക്കുന്നത് ജേര്‍ണലിസ്റ്റിനെയുള്ളു. എനിക്കറിയാം.പത്രത്തിനെ എല്ലാവര്‍ക്കും പേടിയാണ്. പത്രം തയാറാക്കുന്ന ജേര്‍ണലിസ്റ്റിനെയും എല്ലാവര്‍ക്കും പേടിയാണ്.പത്രം എന്ന പേരു മതി, പത്രം ദൈവത്തെപ്പോലെയാണ്.പത്തിരുപതു കൊല്ലം മുമ്പാണ്. ഞാനും എന്റെ ശ്രീമതിയും കൂടി സ്ഥിരമായി ആണ്ടുതോറും ഒരു ഇന്ത്യന്‍ ഉള്‍നാടന്‍ പര്യടനം നടത്താറുണ്ടായിരുന്നു. നേരത്തെ പ്ലാനിടും. ഏപ്രില്‍-മെയ്, അല്ലെങ്കില്‍ സെപ്തംബര്‍-ഒക്‌ടോബര്‍. മുമ്പു പോയിട്ടില്ലാത്ത ഏതെങ്കിലും സംസ്ഥാനത്ത് രണ്ടാഴ്ച്ച കറക്കം. നാട്. ഗ്രാമങ്ങള്‍. ചെറു പട്ടണങ്ങള്‍. അമ്പലമോ ടൂറിസ്റ്റ് കേന്ദ്രമോ കൃത്യമായി ലക്ഷ്യം വയ്ക്കില്ല. വഴിയില്‍ ഉണ്ടെങ്കില്‍ അവിടെയും കയറും. നേരത്തേ ബുക്കു ചെയ്ത് ട്രെയിന്‍ സ്ലീപ്പറില്‍ ഒരു മേജര്‍ റെയില്‍വെ സ്റ്റേഷനിലെത്തും. അഞ്ചെട്ടു ദിവസം ടാക്‌സിക്കാറില്‍ നാടാകെ കറങ്ങും. തിരികെ അതേ സ്റ്റേഷനിലെത്തി എറണാകുളത്തേക്ക് മടക്കം. എന്നിലെ എഴുത്തുകാരന്റെ റിഫ്രഷര്‍ കോഴ്‌സാണ് ഈ യാത്രകള്‍.അന്ന് ജൂനാഗഢിലായിരുന്നു. ഒരു പകരക്കാരന്‍ ഡ്രൈവറെ സംഘടിപ്പിച്ചു. റഫീക്ക് ഭായി. ഗുജറാത്തിയും ഉറുദുവും സംസാരിക്കാനറിയാം. അക്ഷരം എഴുതാനും വായിക്കാനും അറിഞ്ഞുകൂടാ. അക്കം വായിക്കും. കൈവിരലുകളുടെ മടക്കുകള്‍ എണ്ണി കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും അറിയാം. ഇതുപതു ശതമാനം ടാക്‌സി ഫെയറില്‍ ഡിസ്‌ക്കൗണ്ട് തരാനും മാത്രം ശതമാനക്കണക്കും അറിയാം. ഡ്രൈവര്‍ വെറുതെ എഴുതാനും വായിക്കാനും പഠിച്ചിട്ട് എന്താ ആവശ്യം? ആദ്യ ദിനം അയാള്‍ ജൂനാഗഢില്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന ഒരു മുതുക്കന്‍ ഫോര്‍ഡ് കാറുമായാണ് വന്നത്. അതില്‍ മുക്കിയും മൂളിയും നഗരം കറങ്ങി. അടുത്ത ദിവസം പോര്‍ബന്ദര്‍ ഭാഗത്തേക്ക് പലയിടവും ചുറ്റി പോകണം. ദൂര യാത്രയാണ്. രാവിലെ കൃത്യം എട്ടു മണിക്ക് റഫീക്ക് ഭായി ഒരു അംബാസിഡര്‍ കാറുമായി വന്നു. കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വലിയ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിയ കടലാസ് ഒട്ടിച്ചിരിക്കുന്നു.
പ്രസ്.
ഞാന്‍ ചോദിച്ചു.
ഇതെന്താ? ഈ കാറ് ഏതെങ്കിലും പത്രക്കാരുടെയാണോ?
ഏയ്. അല്ല. ഈ കടലാസ് എന്റെ സ്വന്തമാ. എപ്പഴും കൈയില്‍ വേണം. ഞാനിപ്പോള്‍ ഒട്ടിച്ചതാണ്. നമ്മള്‍ ദൂരെ ദൂരെ പോകുകല്ലേ. ഇതു കണ്ടാല്‍ പിന്നെ ഗുണ്ടകളും പോലീസും ശല്യപ്പെടുത്താന്‍ വരില്ല.
ഈ പ്രസ് എന്നെഴുതിയിരിക്കുന്നത് എന്താണെന്നറിയാമോ?
എനിക്കറിയാം ഭായിസാബ്. പത്രം.
പത്രം വായിക്കാനറിയില്ലെങ്കിലും പത്രത്തിന്റെ ശക്തി നിരക്ഷരനും അറിയാം.
എന്റെ പേരക്കുട്ടി അപ്പു നിരക്ഷരനല്ല. അവന് ഇംഗ്ലീഷും ഹിന്ദിയും മലയാളവും എഴുതാനും വായിക്കാനുമറിയാം. മലയാളവും ഹിന്ദിയും ഒരു മാതിരിയേ എഴുത്തില്‍ ശരിയാകൂ. ഇംഗ്ലീഷാണ് നന്നായി കൈകാര്യം ചെയ്യുന്നത്. ഈ മൂന്നു ഭാഷകളും ചേര്‍ന്ന ഒരു മിക്‌സ്ഡ് വരമൊഴിയാണ് അവന്റെ സംസാരഭാഷ.
ഞാന്‍ പറഞ്ഞു.
ജേര്‍ണലിസ്റ്റിന് ആദ്യം വേണ്ടത് നന്നായി ലാംഗ്വേജ് കൈകാര്യം ചെയ്യാന്‍ ഉള്ള കഴിവാണ്. ബ്രെവിറ്റി. ക്ലാരിറ്റി. ഹ്യൂമന്‍ ടച്ച്. ഫസ്റ്റ് വാചകം വായിച്ചാല്‍ അടുത്ത വാചകവും പിന്നെ മാറ്റര്‍ മുഴുവനും അവരെ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവും വേണം. അതിന് ഭാഷ നന്നായി പഠിക്കണം. നിന്റെ ലാംഗ്വേജസ്സിലെ ഗ്രേഡ് എങ്ങിനാ?
അപ്പു അത് കേട്ടതായി ഭാവിച്ചില്ല. പറഞ്ഞു.
അപ്പൂപ്പാ, അതിന് ഞാന്‍ റൈറ്റിംഗ് ജേര്‍ണലിസ്റ്റ് അല്ലല്ലോ ആകാന്‍ പോകുന്നത്. ഞാന്‍ വലുതാകുമ്പോഴേക്ക് ഈ പത്രം ഔട്ടാകും. ആരും വായിക്കാന്‍ കാണുകില്ല. ഷുവര്‍. ഞാന്‍ വിഷ്വല്‍ ജേര്‍ണലിസ്റ്റ് ആകും. അതാ ഞാന്‍ ആലോചിക്കുന്നത്. അതിനെന്താ പഠിക്കേണ്ടത് ?
ഞാന്‍ ഒന്നു പകച്ചു. പത്രമില്ലാത്ത ലോകം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പക്ഷെ പത്രമില്ലാതെ ലോകം ഇരുനൂറു കൊല്ലം മുമ്പു വരെ കഴിഞ്ഞിരുന്നു എന്നതോര്‍ക്കുമ്പോള്‍ അപ്പു പറഞ്ഞതിലെ ക്രൂരമായ സത്യം എനിക്ക് കണ്ടേ മതിയാകൂ.
ഞാന്‍ പറഞ്ഞു.
സയന്‍സും കോമേഴ്‌സും ഹ്യുമാനിറ്റിയും നിനക്കിഷ്ടമുള്ളത് പഠിച്ചോളൂ. 
പക്ഷെ പഠിക്കുന്നത് വെറും കാണലല്ല, നോക്കലാക്കി മാറ്റണം. എന്ന് നിനക്ക് നിന്റെ ഐഡിയാ നിന്റേതായ രീതിയില്‍ കമ്യൂണിക്കേറ്റു ചെയ്ത് ഫലിപ്പിക്കാന്‍ പറ്റുന്നോ അന്ന് കരിക്കുലം പഠിത്തം നിര്‍ത്ത്.
സ്വല്പം ഹൈ ബ്രോ ആയോ എന്നു സംശയം.
അപ്പു പറഞ്ഞു.
മനസ്സിലായില്ല.
ഞാന്‍ സമാധാനിപ്പിച്ചു.
നീ തന്നെ ഉത്തരം കണ്ടു പിടിക്കൂ. പിന്നെ എനിക്ക് ഒരു ഉപദേശമേ തരാനുള്ളു. ജേര്‍ണലിസ്റ്റിന് റെസ്‌പോണ്‍സിബിലിറ്റി ഉണ്ട്. അവനവനോട്. 
അവനെ സൊസൈറ്റി ഭയക്കുന്നതോടൊപ്പം ബഹുമാനിക്കുകയും വേണം. സ്‌നേഹിക്കുകയും വേണം. അത് നേടാനുള്ള തയാറെടുപ്പ് ഏതു വിഷയത്തിലും ലഭിക്കും. സയന്‍സോ ഹ്യൂമാനിറ്റിയോ കോമേഴ്‌സോ ഏതിലും. സോ ഫൈന്‍ഡ് യുവര്‍സെല്‍ഫ്.

 കെ. എല്‍. മോഹനവര്‍മ്മ