Error message

എനിക്കൊരു പത്രം മതി

എന്റെ സുഹൃത്ത്, പണ്ഡിതനും രാഷ്ട്രീയത്തിലും കലയിലും സ്‌പോര്‍ട്ട്‌സിലും തല്‍പ്പരനുമായ ബിസിനസ്സുകാരന്‍, വീട്ടില്‍ ആറു പത്രവും ആഫീസില്‍ നാലു പത്രവും വരുത്തും. നാലു മലയാളം. മൂന്ന് ഇംഗ്ലീഷ്. മൂന്ന് ബിസിനസ്. മിക്കതും വായിക്കും. ദിവസവും ഒന്നര മണിക്കൂര്‍ പത്രവായനയില്‍ പോകും.ഈയിടെ എന്നോട് പറഞ്ഞു.വര്‍മ്മാജി, ഞാനിത്രയധികം പത്രം വായിക്കുന്നു. എന്തിനാ? അള്‍ട്ടിമേറ്റ്‌ലി, ഇതൊരു വേസ്റ്റ് ഓഫ് ടൈം അല്ലേ?നന്നായി. നിങ്ങള്‍ക്ക് കൂടുതല്‍ ഭാഷ അറിയാന്‍ പാടില്ലാത്തത്. എങ്കില്‍ നിങ്ങള്‍ക്ക് വട്ടു പിടിച്ചേനേം.സുഹൃത്ത് ചിരിച്ചു.ഇപ്പോള്‍ പത്തു പത്രമായിട്ടു തന്നെ വട്ടു വരുന്ന മട്ടാണ്.അത് പത്രത്തിന്റെ കുഴപ്പമല്ല. നൂറായിരം കറികള്‍ രുചിയായി കഴിക്കാന്‍ ലഭ്യമാണ്. എന്നു വച്ച് നമ്മള്‍ ഒന്നോ രണ്ടോ കറിയില്‍ കൂടുതല്‍ കഴിക്കാന്‍ വാശി പിടിച്ചാലോ? വിശപ്പു മാറണം. ഭക്ഷണത്തിന് രുചിയും വേണം. മതി. പത്രത്തിന്റെ കഥയും അതുപോലെയാണ്.ഞാന്‍ സുഹൃത്തിനോട് കഥ പറഞ്ഞു.ഒമ്പതു വയസ്സുകാരന്‍ ഭീമു വീട്ടിലെ മൂത്ത പയ്യനാണ്. പാടത്ത് അച്ഛനോടൊപ്പം പണി എടുക്കണം. സ്‌ക്കൂളില്‍ ചേര്‍ന്നിട്ടുണ്ട്. പക്ഷെ വല്ലപ്പോഴുമേ പോകാന്‍ സമയം കിട്ടൂ. ഒരു ദിവസം രാവിലെ അമ്മ ഒരു സഞ്ചിയും കൊടുത്ത് അവനെ ഗ്രാമത്തിലെ ആകെക്കൂടിയുള്ള ചെറിയ പലചരക്കുകടയിലേക്ക് കുറച്ചു സാധനങ്ങള്‍ മേടിക്കാനായി പറഞ്ഞു വിട്ടു. കര്‍സഞ്ജി കാക്കാ എന്ന് എല്ലാവരും വിളിക്കുന്ന മദ്ധ്യവയസ്‌ക്കന്‍ നടത്തുന്ന കടയാണ്. മറ്റുള്ള ഗ്രാമവാസികളില്‍ നിന്ന് കാക്കായ്ക്ക് ഒരു വ്യത്യാസമുണ്ട്. അദ്ദേഹം പത്രം വായിക്കും.ജയ്ഹിന്ദ് എന്ന ഗുജറാത്തി പത്രം.ഭീമുവിന്റെ സാധനങ്ങള്‍ ജോലിക്കാരന്‍ മെല്ലെ എടുത്തു കൊണ്ടിരിക്കുമ്പോള്‍ കാക്കാ പത്രവായനയില്‍ മുഴുകി ഇരിക്കുകയായിരുന്നു. ഭീമു അടുത്തു ചെന്ന് പത്രത്തിലേക്കു നോക്കി. ഒരു മാതിരി ഗുജറാത്തി ലിപി ഭീമുവിനു വായിക്കാം. ഇപ്പോള്‍ അത്ഭുതം; തനിക്കറിയാന്‍ പാടില്ലാത്ത, പക്ഷേ രസമായ വാക്കുകള്‍. സ്‌ക്കൂളിലെ പുസ്തകത്തിനെക്കാള്‍ രസം. ഭീമു വളരെ വിഷമിച്ച് വലിയ അക്ഷരം ചേര്‍ന്ന വാക്കുകള്‍ വാചകമാക്കി വായിച്ചു.ഇന്ത്യ രണ്ടു വിക്കറ്റിന് ബോംബെ ടെസ്റ്റ് വിജയിച്ചു.ഈ അറിവ് അത്ഭുതകരമായിരുന്നു. സ്‌ക്കൂളിലെ ഒരു പുസ്തകത്തിലും കേട്ടിട്ടില്ലാത്ത അറിവ്. അവന്‍ വാചകം ആവര്‍ത്തിച്ചു. അത് അല്പം ഉറക്കെയായിപ്പോയി. പെട്ടെന്ന് കാക്കാ പത്രം മാറ്റി അവനെ സൂക്ഷിച്ചു നോക്കി ചോദിച്ചു.
എടാ, നിനക്കു വായിക്കാനറിയാമോ?ഭീമുവിന് പേടിയായി. ഒരു കുറ്റം കണ്ടു പിടിക്കപ്പെട്ട അങ്കലാപ്പ്. വിക്കി വിക്കി പറഞ്ഞു.കുറെശ്ശെ.നീ സ്‌ക്കൂളില്‍ പോകുന്നുണ്ടോ?വല്ലാത്ത ചോദ്യമായിരുന്നു. പോകും. പക്ഷെ പാടത്ത് പണി.....കാക്കാ ചോദിച്ചു.എടാ, ഭീമു, നീ എപ്പോഴാ സ്‌ക്കൂളില്‍ പോകുന്നത്? ഞാന്‍ കാണുമ്പോഴൊക്കെ നിന്നെ പാടത്തു പണിയെടുക്കുന്നത് കാണാം.സ്‌ക്കൂളിലേക്ക് അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു ദിവസത്തെ മുഴുവന്‍ പണിയാണ് സ്‌ക്കൂള്‍ പോക്ക്. ഒരു പകല്‍ പാടത്ത് നിന്ന് വിട്ടു നിന്നാല്‍ വീടു പട്ടിണിയാകും. ചിലപ്പോള്‍ നാലു മാസം കൂടിയായിരിക്കും സ്‌ക്കൂളില്‍ പോകാന്‍ പറ്റുക. ഒരു ബ്രാഹ്മണക്കുട്ടി ഇടയ്ക്കിടയ്ക്ക് കുതിരപ്പുറത്തു കയറി ഗ്രാമത്തില്‍ വരും. ഭീമുവിനെപ്പോലെയുള്ള കുട്ടികളെ അക്ഷരമാല പഠിപ്പിക്കും. ഭീമു അങ്ങിനെയാണ് അക്ഷരങ്ങള്‍ ഓര്‍ത്തിരുന്നത്.ഭീമു വീട്ടിലേക്കു പോയി. രാത്രി ഉറക്കം വന്നില്ല.അടുത്ത ദിവസം നേരെ കരഞ്ജി കാക്കായുടെ കടയില്‍ ചെന്നു.കാക്കാ, എനിക്ക് കാക്കായുടെ പത്രം തരുമോ?കാക്കായ്ക്ക് അദ്ഭുതം.പത്രമോ? നിനക്കോ? തമാശ പറയുകാ?അല്ല, കാക്കാ കാര്യമായി പറയുകാ. എനിക്കു പത്രം വായിക്കണം. കാക്കായുടെ പത്രത്തിന് എന്താ വില?ഒരു അണ.ഭീമു പറഞ്ഞു.കാക്കാ, ഞാന്‍ പത്രത്തിന്റെ പകുതി വില, അരയണ എന്നും തരികയാണെങ്കില്‍ കാക്കാ എനിക്കു പത്രം വായിക്കാന്‍ തരുമോ? കാക്കാ വായിച്ചു കഴിഞ്ഞിട്ടു മതി.ഭീമു അരയണ പോക്കറ്റില്‍ നിന്നെടുത്ത് നീട്ടി.ഇന്നത്തെ പത്രത്തിന്. ദാ, ഇതു വാങ്ങൂ.കര്‍സന്‍ കാക്കാ പണം വാങ്ങി.പക്ഷെ ഒരു കാര്യം. വായിച്ചു കഴിഞ്ഞ് പത്രം തിരിച്ചു കൊണ്ടുത്തരണം.ഭീമു സമ്മതിച്ചു.പത്രത്തിന് അക്ഷരങ്ങള്‍ക്കു മാത്രമല്ല, കടലാസിനും വിലയുണ്ട്.ഭീമു ആ ഗ്രാമത്തിലെ രണ്ടാമത്തെ പത്രവായനക്കാരനായി.ഭീമു 'ജയ്ഹിന്ദ്' എന്ന ഗുജറാത്തി പത്രമല്ലാതെ മറ്റൊരു പത്രവും വായിച്ചില്ല.ഗുജറാത്തിയല്ലാതെ മറ്റൊരു ഭാഷയും പഠിച്ചില്ല.രത്‌ന വ്യവസായ വ്യാപാര മേഖലയില്‍ ഇന്ന് ലോകത്തിലെ മുന്‍നിരക്കാരനായ ഭീംജി ഭായി പട്ടേലിന്റെ വിദ്യാഭ്യാസരംഗത്തെ അനുഭവങ്ങളുടെ കഥയാണിത്. സത്യകഥ.പത്രമായിരുന്നു അദ്ദേഹത്തിന്റെ ഗുരു.അതും ഒരു പത്രം മാത്രം വായിക്കുക.നമുക്കറിയാം. എല്ലാ പത്രങ്ങളും അപ്പോഴത്തെ എല്ലാ പ്രധാന വാര്‍ത്തകളും നല്‍കും. പക്ഷെ ഓരോ വാര്‍ത്തയ്ക്കും അവരവരുടേതായ പൊടിപ്പും തൊങ്ങലും മാനേജ്‌മെന്റിന്റെ താല്‍പ്പര്യങ്ങളും എഡിറ്റിംഗ് ഡെസ്‌ക്കിലെ കഴിവും കഴിവുകേടും പ്രതിഫലിക്കുന്ന അഭിപ്രായങ്ങളും വരും. എത്ര പത്രം വായിക്കുന്നുവോ അത്രയും അവരവരുടേതായ ചിന്തകളും നമുക്കു ലഭിക്കും. സിംപിളായി പറഞ്ഞാല്‍ നാം കണ്‍ഫ്യൂഷനിലാകും. നമുക്കു സത്യം കണ്ടെത്താനാകില്ല. നമ്മുടെ ചിന്താശക്തി ഉപയോഗശൂന്യമാകും. ഭീമുജിക്ക് പത്രം വാര്‍ത്തയുടെ സോഴ്‌സ് മാത്രമാണ്. അഭിപ്രായത്തിന്റെ സോഴ്‌സല്ല.
ഗാന്ധിജി പറഞ്ഞ ഒരു കഥയുണ്ട്. ഒരു പാത്രത്തില്‍ അമ്പതു ഡിഗ്രി ചൂടുള്ള വെള്ളം വയ്ക്കുക. നാം വലത്തു കൈ എഴുപതു ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ മുക്കിയിട്ട് ഈ പാത്രത്തില്‍ വയ്ക്കുക. അതുപോലെ ഇടതു കൈ മുപ്പതു ഡിഗ്രി തണുപ്പുള്ള വെള്ളത്തില്‍ മുക്കിയിട്ട് ഇതേ വെള്ളത്തില്‍ വയ്ക്കുക. വലതു കൈ പറയും വെള്ളത്തിന് വല്ലാത്ത തണുപ്പ്. ഇടതു കൈ പറയും. വല്ലാത്ത ചൂട്. സത്യം മൂന്നാമത്തേതാണ്. ഒരേ സത്യത്തിന് മൂന്നു മുഖം. പക്ഷെ ഈ സത്യം എന്തെന്ന് കണ്ടുപിടിക്കാനുള്ള നമ്മുടെ കഴിവിനെ ഇല്ലാതാക്കുകയാണ് പത്രങ്ങള്‍ ചെയ്യുന്നത്. ഇവിടെയാണ് ഭീമു തന്റേതായ ശൈലി കണ്ടു പിടിച്ചത്. നമുക്കു സിസ്റ്റത്തെ മാറ്റാന്‍ പറ്റില്ല. പത്രങ്ങളുടെ പ്രവര്‍ത്തനശൈലിയും മാറ്റാന്‍ പറ്റുകില്ല. സ്വന്തം ആവശ്യത്തിനുള്ള വാര്‍ത്തകള്‍ അറിയണം. അതു മതി. അതിന് ഒരു പത്രം മാത്രം വായിച്ചാല്‍ മതി. അതിലെ പത്രക്കാരുടെ അഭിപ്രായം കാട്ടുന്ന പൊടിപ്പുകള്‍ നമുക്ക് ഐഡന്റിഫൈ ചെയ്യാന്‍ സാധിക്കും. അവരുടെ കൈപ്പത്തി എവിടെ മുക്കിയതായാലും നമുക്കു  പ്രസക്തമല്ല. എന്റെ സുഹൃത്ത് കഥ കേട്ട് പറഞ്ഞു. ഒരു പോയന്റുണ്ട്. ഞാനും ഒരു പത്രം മാത്രമാക്കിയാലോ?

കെ. എല്‍. മോഹനവര്‍മ്മ