Error message

എത്ര പേര്‍ വിവരാവകാശം തേടുന്നു, നേടുന്നു ?

Submitted by lakshmi on

ഭരണകാര്യങ്ങളറിയാന്‍ പൗരന് പാര്‍ലമെന്റംഗത്തേക്കാള്‍ അവകാശം നല്‍കുന്ന വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്ന ശേഷം യഥാര്‍ത്ഥത്തില്‍ പൗരന്മാര്‍ ഈ അവകാശം എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ട്? ചരിത്രം സൃഷ്ടിച്ച നിയമം പതിറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ പക്ഷേ, വിവരാവകാശ ഔദ്യോഗികസംവിധാനങ്ങളൊന്നും ഇക്കാര്യം പരിശോധിച്ചില്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പൗരസംഘടനകള്‍ അവരുടേതായ പഠനങ്ങളും സര്‍വെകളും നടത്തി പുറത്തുകൊണ്ടുവന്ന കണക്കുകള്‍ ശ്രദ്ധേയമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 
അരുണ റോയ് നേതൃത്വം നല്‍കുന്ന രാജസ്ഥാനിലെ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടനയാണ് ഇക്കാര്യം പഠിക്കാന്‍ ശ്രമിച്ച ഒരു സന്നദ്ധസംഘടന. അവര്‍ നടത്തിയ പോരാട്ടമാണ് ആദ്യം രാജസ്ഥാനിലും പിന്നെ ഇന്ത്യയൊട്ടുക്കും ഈ നിയമം നടപ്പാക്കുന്നതിലേക്ക് നയിച്ചത്. പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എണ്‍പത് ലക്ഷം ഇന്ത്യക്കാര്‍ ഇതിനകം നിയമം ഉപയോഗപ്പെടുത്തി വിവരം നേടിയതായി അരുണാ റോയ് പറയുന്നുണ്ടെങ്കിലും അതും പൂര്‍ണവിശ്വാസ്യതയുള്ള ഒരു കണക്കായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിവരാവകാശ കമ്മീഷനുകള്‍ക്ക് അവിടെ ലഭിച്ച അപ്പീലുകളെ കുറിച്ചേ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാന്‍ കഴിയുന്നുള്ളൂ. സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാര്‍ഷികവിവരശേഖരണത്തിനും അവയുടെ ടാബുലേഷനും കാര്യക്ഷമമായ സംവിധാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.   
കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ കണക്കനുസരിച്ച് 2009-10 കാലത്ത് 6,26,748 പേരും 10-11 ല്‍ 4,37,744 പേരും 11-12 ല്‍ 7,05,976 പേരും 12-13 കാലത്ത് 8,86,681 പേരും 13-14 കാലത്ത് 9,62,630 പേരും ആണ് വിവരം തേടിയത്.  ഈ കണക്കുകള്‍ ഉണ്ടെങ്കിലും  കോമണ്‍വെല്‍ത്ത് ഹൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് (സി.എച്.ആര്‍.ഐ) പോലുള്ള സംഘടനകള്‍ വിവരാവകാശ നിയമ ഉപയോഗത്തെകുറിച്ച് അവരുടേതായ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുറെ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരമനുസരിച്ച് 24.77 ലക്ഷം ആളുകളാണ് 2012-13 കാലത്ത് രാജ്യത്ത് വിവരാവകാശം തേടി അപേക്ഷ നല്‍കിയത്. പല സംസ്ഥാന കമ്മീഷനുകളും വിവരം നല്‍കിയിട്ടില്ല എന്ന വസ്തുത പരിഗണി ക്കുമ്പോള്‍ രണ്ട് വര്‍ഷം കൊണ്ട് അമ്പത് ലക്ഷം  പേര്‍ വിവരാവകാശം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നുവേണം കരുതാന്‍.  മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും കണക്കുകള്‍ എത്ര വലിച്ചുനീട്ടിയാലും, പത്ത് വര്‍ഷത്തിനകം വെറും ഒരു ശതമാനത്തോളം  ആളുകളാണ് രാജ്യത്താകമാനം നിയമം ഉപയോഗപ്പെടുത്തിയത് എന്ന് അനുമാനിക്കാം. ഇത് അഭിമാനിക്കാവുന്ന ഒരു സംഖ്യയാണ് എന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ കരുതുന്നില്ല.
വിവരാവകാശം നേടുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ജമ്മു-കാശ്്മീരില്‍ 2012-13 കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ 127 ശതമാനം കൂടുതല്‍ ആളുകള്‍ വിവരാവകാശം നേടി എന്നത് ശ്രദ്ധേയമായി. രാജസ്ഥാനിലും ഇതേ കാലത്ത് ഇരട്ടിപ്പേര്‍ വിവരം തേടി. വിവരം തേടിയവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്ത ഏക സംസ്ഥാനം ഒഡിഷയാണ്. 
ഈ സ്ഥിതിവിവരക്കണക്കുകള്‍ക്കെല്ലാം ഒരു പരിമിതിയുണ്ട്. അപേക്ഷകളുടെ എണ്ണത്തോളം വരില്ല അപേക്ഷകരുടെ എണ്ണം. ഒരാള്‍ അനേകം അപേക്ഷകള്‍ നല്‍കിയിട്ടുണ്ടാകും. വിവരാവകാശരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നോ രണ്ടോ അപേക്ഷകള്‍ മാത്രം നല്‍കി തൃപ്തിപ്പെടുന്നവരല്ല. നിരന്തരം അപേക്ഷകള്‍ നല്‍കുന്നവരാണ്. 
എത്ര വനിതകള്‍ വിവരാവകാശനിയമം ഉപയോഗിച്ചു എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് രണ്ട് സംസ്ഥാനങ്ങള്‍ മാത്രം. ഛട്ടീസ്ഗഡില്‍ വിവരാവകാശം നേടുന്നരില്‍ 6.9 ശതമാനം മാത്രമാണ് വനിതകള്‍. നാഗാലാന്‍ഡില്‍ ഇവരുടെ എണ്ണം 2.55 മാത്രവും. മറ്റ് സംസ്ഥാനകമ്മീഷനുകളൊന്നും ഈ വിവരം നല്‍കിയതുതന്നെയില്ല. 
എത്ര പേര്‍ വിവരം തിരക്കി എന്നല്ലാതെ എത്രപേര്‍ക്ക് ചോദിച്ച വിവരം കിട്ടി എന്ന് ഒരു പഠന റിപ്പോര്‍ട്ടുകളിലും ഇല്ല. 
(കടപ്പാട്: വേലവീീ.േീൃഴ  ്യു29/10/2015)
വാര്‍ത്താസ്രോതസ്സുകളെ 
സംരക്ഷിക്കാന്‍ നിയമം
മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര് വിവരം നല്‍കി എന്നു കണ്ടെത്താനുള്ള പോലീസ് അന്വേഷണങ്ങള്‍ക്കുമേല്‍ ബ്രിട്ടന്‍ നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പക്ഷേ, നിയന്ത്രണങ്ങള്‍ പൂര്‍ണ തൃപ്തി നല്‍കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. 
പുതുതായി നിലവില്‍ വരുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ അനുമതി വാങ്ങിയേ പോലീസ് പത്രപ്രവര്‍ത്തകന്റെ രേഖകള്‍ പരിശോധനയ്ക്ക് ആവശ്യപ്പെടാവൂ എന്നാണ് ഒക്‌ടോബര്‍ ഒടുവില്‍ പ്രസിദ്ധപ്പെടുത്തിയ കരട് നിയമത്തില്‍ പറയുന്നത്. വിരമിച്ച ജഡ്ജിന്റെ നേതൃത്വത്തിലുള്ള കമ്മീഷന് ഇന്‍വെസ്റ്റിഗേറ്ററി പവേഴ്‌സ് കമ്മീഷണര്‍ എന്നാവും പേര്. 
മൂന്ന് വര്‍ഷത്തിനിടയില്‍ പോലീസ് 82 പത്രപ്രവര്‍ത്തകരുടെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ രഹസ്യമായി തേടിയിരുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ പുതിയ നിയമനിര്‍മാണത്തിന് ഗവണ്മെന്റ് സന്നദ്ധമായത്. പത്രസ്ഥാപനങ്ങളെ അറിയിക്കാതെയാണ് പോലീസ് ടെലിക്കോം സ്ഥാപനങ്ങളില്‍നിന്ന് വിവരം തേടാറുള്ളത്. 
സ്വകാര്യതയ്ക്കുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും ചില പ്രൊഫഷനുകള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ് എന്ന തത്ത്വം ഇപ്പോള്‍ ഗവണ്മെന്റും പൊതുസമൂഹവും സ്വീകരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. 
വിവരങ്ങള്‍ മറച്ചുവെക്കുന്ന ക്രിമിനലുകള്‍ അല്ല ജേണലിസ്റ്റുകള്‍ എന്ന് പോലീസും നിയമനിര്‍മാതാക്കളും മനസ്സിലാക്കണമെന്ന് പുതിയ  നിയമ പരിഷ്‌കാരത്തെയും ചോദ്യം ചെയ്യുന്ന സൊസൈറ്റി ഓഫ് എഡിറ്റേഴ്‌സ് ബോബ് സാച്ച്വെല്‍ അഭിപ്രായപ്പെട്ടു. വിവരം തേടാന്‍ പോലീസ് ശ്രമിക്കുമ്പോള്‍ അതിനെ ചോദ്യം  ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന് അവസരം നല്‍കിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു. 
(കടപ്പാട് :   ംംം.ുൃലഴൈമ്വലേേല.രീ.ൗസ/)
പരസ്യതാല്‍പര്യത്തിന് വഴങ്ങേണ്ടി വരുന്നു
ബിസിനസ് ജേണലിസ്റ്റുകള്‍ക്കിടയില്‍ പ്രസ് ഗസറ്റ് നടത്തിയ സര്‍വെയില്‍ പ്രകടമായ ഒരു പരാതി, മാധ്യമസ്ഥാപനങ്ങള്‍ പരസ്യക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ്. 
പ്രസ് ഗസറ്റ് സ്ഥാപനത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് ബ്രിട്ടനില്‍ നടത്തിയ ഓണ്‍ലൈന്‍  സര്‍വെയില്‍ ബ്രിട്ടനിലെ എഴുനൂറ് മാധ്യമപ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഇതില്‍ അറുപത്തഞ്ച് പേര്‍ ബിസിനസ് ടു ബിസിനസ്  ജേണലിസ്റ്റുകളാണ്.(ഉല്‍പ്പന്നങ്ങള്‍ ഉത്പാദക സ്ഥാപനങ്ങളുമായി കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങള്‍ ആണ് ബിടുബി സ്ഥാപനങ്ങള്‍).  ഈ രംഗം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് താരതമ്യേന കൂടുതല്‍ പ്രതിഫലം ലഭിക്കുന്നുണ്ട്, പക്ഷേ, തൊഴില്‍ സംതൃപ്തി മറ്റുള്ളവരേക്കാള്‍ കുറവാണ്.   തൊഴില്‍ സംതൃപ്തി ഏറ്റവും കുറവ് ന്യൂസ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്. തൊഴില്‍ രംഗത്തെ ഏറ്റവും വലിയ ആശങ്ക എന്ത് എന്ന ചോദ്യത്തിനാണ്, എഡിറ്റോറിയല്‍ പ്രവര്‍ത്തനത്തിന് മേലുള്ള പരസ്യക്കാരുടെ സ്വാധീനം എന്ന മറുപടി ലഭിച്ചത്. 
പത്രപ്രവര്‍ത്തകന്‍ ജോലിക്കിടയില്‍ ഉറങ്ങട്ടെ!
ഉറങ്ങണമെന്ന് തോന്നുമ്പോള്‍ ഉറങ്ങുന്നത് തെറ്റല്ല എന്ന് വിശ്വസിക്കുന്ന  ഉടമയാണ് ഹഫിങ്ടണ്‍ പോസ്റ്റ് എന്ന മാധ്യമസ്ഥാപനത്തിന്റേത്. പുലര്‍ച്ചെ രണ്ട് മണിക്ക് വാര്‍ത്ത അയക്കുന്നവരെ ആദരിക്കുന്ന സംസ്‌കാരം ഇവിടെയില്ല. നാണക്കേടാണ് അത്”- ഹഫിങ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ ഡയറക്റ്റര്‍ ഡാനി ഷിയ പറയുന്നു. 
ഉറക്കത്തിന്റെ ആരാധികയാണ് സ്ഥാപനത്തിന്റെ സ്ഥാപക കൂടിയായ എറിയാന്ന ഹഫിങ്ടണ്‍. നല്ല ഉറക്കം മനുഷ്യന്റെ ക്രിയാത്മകതയും കര്‍മശേഷിയും വര്‍ദ്ധിപ്പിക്കും, ഉറക്കത്തിന് പരമപ്രാധാന്യം നല്‍കണം- നല്ല ഉറക്കശീലങ്ങളെ കുറിച്ച് പുസ്തകമെഴുതാന്‍ തന്നെ ഒരുമ്പെടുന്ന എറിയാന്ന പറയുന്നു. ഹഫിങ്ടണ്‍ ജീവനക്കാരുടെ ജീവിത ഗുണത്തിന് പരമപ്രാധാന്യം നല്‍കുന്നു. നല്ല ‘ക്ഷണം ലഭിക്കുന്ന കാന്റീനും ഉറങ്ങാന്‍ മുറികളും ജീവനക്കാര്‍ക്ക് ഒരുക്കിയിട്ടുള്ള അത്യപൂര്‍വ സ്ഥാപനമാണ് അത്. ധ്യാനത്തിനും യോഗയ്ക്കും അവിടെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
വമ്പിച്ച പ്രചാരമുള്ള ഡിജിറ്റല്‍ മാധ്യമമാണ് ഹഫിങ്ടണ്‍ പോസ്റ്റ്. മാസം  8.6 കോടിയാണ് അവരുടെ സൈറ്റിന്റെ വായനക്കാര്‍.  ന്യൂയോര്‍ക്ക് ടൈംസിനേക്കാള്‍ മേലെ. ( പത്രപ്രവര്‍ത്തകര്‍ മൃഷ്ടാന്നം തിന്നിട്ടും ഉറങ്ങിയിട്ടും ഒന്നും സ്ഥാപനത്തിന് കേടില്ല ! ) 850 മാധ്യമപ്രവര്‍ത്തകരുണ്ട് ഇപ്പോള്‍ ഈ സ്ഥാപനത്തില്‍. 
ഫോട്ടോ ജേണലിസം അനാകര്‍ഷകമോ ?
പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ തൊഴിലിനെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഫോട്ടോ ജേണലിസത്തെ കുറിച്ച് നടത്തിയ ഒരു ലോകവ്യാപക സര്‍വെ വെളിവാക്കുന്നത് അത്രയൊന്നും ആകര്‍ഷകമായ വസ്തുതകളല്ല. 
വരുമാനം കുറഞ്ഞ, അപകടം ഏറെയുള്ള, ലിംഗവൈവിദ്ധ്യം ഇല്ലാത്ത, തൊഴില്‍ ഉയര്‍ച്ചക്ക് അവസരം കുറഞ്ഞ, വെല്ലുവിളികള്‍ ഏറെ അഭിമുഖീകരിക്കുന്ന  തൊഴില്‍മേഖലയാണ് ഫോട്ടോ ജേണലിസം.  റോയിറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഒഫ് ജേണലിസവും വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷനും സംയുക്തമായാണ് പഠനം നടത്തിയത്. ശമ്പളം,  തൊഴില്‍ സംതൃപ്തി, വിദ്യാഭ്യാസ-പരിശീലന സൗകര്യങ്ങള്‍, എന്നിവ സംബന്ധിച്ച് നൂറു രാജ്യങ്ങളിലെ 1500 ഫോട്ടോ ജേണലിസ്റ്റുകള്‍ക്കിടയിലാണ് സര്‍വെ നടത്തിയത്. തൊഴിലിടത്തിലെ അപകട സാധ്യതയ്ക്ക് പുറമെ സമീപകാലത്ത് ഫോട്ടോ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളും ഫോട്ടോ ജേണലിസം രംഗത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായി അവര്‍ കരുതുന്നു. 
സര്‍വെയില്‍ ഭാഗഭാക്കായ എണ്‍പത് ശതമാനം പേരും പുരുഷന്മാരാണ്. അഞ്ചില്‍ നാല് പേരു തനിച്ചാണ് ജോലി ചെയ്യുന്നത്. മറ്റ് പ്രൊഫഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളം കുറവാണ്- 75 ശതമാനത്തിനും വര്‍ഷം നാല്‍പതിനായിരം പൗണ്ടിന് താഴെയേ ശമ്പളമുള്ളൂ. മൂന്നിലൊരാള്‍ക്ക് ഇത് പതിനായിരം പൗണ്ടിലും  താഴെയാണ്. പത്തില്‍ ഒമ്പത് പേരും എപ്പോഴാണ് ആക്രമിക്കപ്പെടുക എന്ന ഭയത്തോടെയാണ് ജോലി  ചെയ്യുന്നത്. അനധികൃതമായി തങ്ങളുടെ ഫോട്ടോകള്‍ ഉപയോഗപ്പെടുത്തുന്നു എന്ന പരാതി എല്ലാവര്‍ക്കും ഉണ്ട്.  
അച്ചടി മാധ്യമത്തിന്റെ ഭാവി ശോഭനമല്ല എന്ന ആശങ്ക വ്യാപകമാണെങ്കിലും ഫോട്ടോ ജേണലിസ്റ്റുകള്‍ക്ക് പ്രൊഫഷന്റെ ഭാവിയെ കുറിച്ച് ആശങ്കയില്ല. മാധ്യമ ഉടമസ്ഥന്മാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുകയും മൂലധനം ഇറക്കുകയും  ചെയ്താല്‍ വിഷ്വല്‍ റിപ്പോര്‍ട്ടിങ് ഇനിയും വികസിക്കുമെന്ന് ഭൂരിപക്ഷം ഫോട്ടോ ജേണലിസ്റ്റുകളും കരുതുന്നു. ഏറെ പ്രയാസങ്ങളുണ്ടെങ്കിലും ഫോട്ടോ ജേണലിസത്തിന്റെ സര്‍ഗാത്മകതയാണ് തങ്ങളെ അതിനെ നെഞ്ചോടുചേര്‍ത്ത് നിര്‍ത്തുന്നത് എന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. 
ആദ്യ വനിതാ എഡിറ്റര്‍ 
അര്‍ദ്ധനഗ്ന വനിതകളുടെ ഫോട്ടോ കൊടുത്ത് പ്രചാരം കൂട്ടുന്നു എന്ന് ആക്ഷേപമുള്ള, യൂറോപ്പിലെ ഏറ്റവും വായനക്കാരുള്ള പത്രത്തിന് ആദ്യമായി വനിതാ എഡിറ്റര്‍ ആകഘഉ പത്രത്തിന്റെ എഡിറ്ററായി ചുമതല ഏറ്റത് മുപ്പത്തെട്ടുകാരി ടനിട് കോഷ് ആണ്. ആക്‌സല്‍ സ്പ്രിങ്ങര്‍ ഗ്രൂപ്പില്‍ പെട്ടതാണ് ബില്‍ഡ് പത്രം.
29 ലക്ഷം കോപ്പി സര്‍ക്കുലേഷന്‍ ഉള്ള പത്രത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വിപ്ലവംതന്നെയാണ്.  പൈങ്കിളി, ലൈംഗിക വാര്‍ത്തകളാണ് പത്രത്തെ നല്ലൊരു വിഭാഗം വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കിയിട്ടുള്ളത്.
ചൈനയില്‍ റിപ്പോര്‍ട്ടിങ്ങ് 
അപകടകരമാകുന്നു
ദുരന്തങ്ങളെകുറിച്ചോ പകര്‍ച്ചവ്യാധികളെ കുറിച്ചോ കൊടുക്കുന്ന വാര്‍ത്ത അവാസ്തവമായിരുന്നു എന്ന് തെളിയിക്കപ്പെട്ടാല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് കഠിനശിക്ഷ നല്‍കാന്‍ വ്യവസ്ഥ  ചെയ്യുന്ന നിയമം നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. 
അപകടം, പ്രകൃതിദുരന്തം എന്നിവയ്ക്ക് പുറമെ പോലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും സാമൂഹ്യമായ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഏത് വാര്‍ത്തയ്ക്കും പുതിയ വ്യവസ്ഥ ബാധകമാണ്. ഇത്തരം വാര്‍ത്ത കൊടുക്കുന്നതല്ല, അവാസ്തവ വിവരങ്ങള്‍ ചേര്‍ക്കുന്നതാണ് കുറ്റം. ശിക്ഷ ഏഴ് വര്‍ഷം വരെ തടവ്. 
ജനാധിപത്യ രാജ്യങ്ങളില്‍ നിലവിലുള്ളതരം അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തതുകൊണ്ട് ഗവണ്മെന്റിന് അവര്‍ ഇഷ്ടപ്പെടുന്ന വാര്‍ത്ത മാത്രമേ മാധ്യമങ്ങളില്‍ വരുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുകയാണ് ഇത്തരം നിയമനിര്‍മാണങ്ങളുടെ ഉദ്ദേശ്യമെന്ന് അന്താരാഷ്്ട്ര പത്രസ്വാതന്ത്ര്യ പ്രസ്ഥാനമായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ്” അഭിപ്രായപ്പെട്ടു. സ്വതന്ത്ര പത്രപ്രവര്‍ത്തകരെയും ബ്ലോഗര്‍മാരെയും നിയന്ത്രിക്കുന്നതിനുള്ള പുതിയൊരു തന്ത്രമാണിത്. നിയമത്തിലെ പല വ്യവസ്ഥകളും അവ്യക്തങ്ങളായതുകൊണ്ട് ഏതുതരം വാര്‍ത്തയെയും ശിക്ഷയ്ക്ക് കാരണമാക്കിയേക്കാം. വലിയ ദുരന്തങ്ങളില്‍ പോലും ആളപായത്തിന്റെ കണക്ക് ഒളിച്ചുവെക്കുക സര്‍ക്കാറിന്റെ സാധാരണ രീതിയാണ.് ഇത്തരം സംഭവങ്ങളില്‍ സ്വന്തമായി അന്വേഷണം നടത്തി ആരെങ്കിലും സത്യം കണ്ടെത്തുന്നത് തടയുകയാണ് പുതിയ ചട്ടത്തിന്റെ ഉദ്ദേശ്യമെന്ന് സി.പി.ജെ. കുറ്റപ്പെടുത്തി.

NPR