Error message

എഡിറ്റര്‍മാരുടെ പരിഭവത്തില്‍ കഴമ്പുണ്ട്. പക്ഷേ...

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അധികാരമേറ്റ് നൂറുനാള്‍ പിന്നിട്ട ഘട്ടത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉന്നയിച്ച ചില പ്രശ്‌നങ്ങള്‍ മാധ്യമരംഗത്തും രാഷ്ട്രീയ മേഖലയിലും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. പുതിയ സര്‍ക്കാറിന്റെ മാധ്യമങ്ങളോടുള്ള സമീപനത്തില്‍ മുന്‍കാലത്ത് കാണാത്ത സംശയകരമായ ചില പ്രവണതകള്‍ കണ്ടത് മാധ്യമ എഡിറ്റര്‍മാരില്‍ ആശങ്ക ഉണ്ടാക്കിയതില്‍ അത്ഭുതമില്ല. മാധ്യമങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം വര്‍ദ്ധിപ്പിക്കുകയും അത് സജീവമാക്കുകയും ചെയ്യണമെന്നാണ് സംഘടന അംഗീകരിച്ച പ്രമേയത്തില്‍ പ്രധാനമായി പറയുന്നത്. പരിമിതമായ ഇന്റര്‍നെറ്റ് ലഭ്യതയും സാങ്കേതിക അവബോധവും ഉള്ള ഒരു രാജ്യത്ത് അത്യുന്നതത്തില്‍നിന്ന് താഴേക്ക് മാത്രം നടക്കുന്ന ആശയവിനിമയം അല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംവാദങ്ങളെ പരാമര്‍ശിച്ച് ഗില്‍ഡ് അഭിപ്രായപ്പെട്ടത്. മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള സംവിധാനം ഉണ്ടാക്കാന്‍ വൈകുകയും മന്ത്രിമാരുമായും ഉന്നതോദ്യോഗസ്ഥന്മാരുമായും മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നത് പരിമിതപ്പെടുത്തുകയും മാധ്യമങ്ങളുമായുള്ള വിവരവിനിമയം കുറക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, അതിന്റെ ആദ്യനാളുകളില്‍തന്നെ, ജനാധിപത്യത്തില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് അകന്നുപോകുകയാണെന്ന ആശങ്കയാണ് സംഘടന മുഖ്യമായി പ്രകടിപ്പിക്കുന്നത്. സുതാര്യതയുടെയും വിവരാവകാശത്തിന്റെയും തുറന്ന ഭരണത്തിന്റെയും ഈ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കിട്ടാതിരിക്കാന്‍ നടപടിയെടുക്കുന്നത് ജനാധിപത്യത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ് എന്ന് പ്രമേയത്തില്‍ തുറന്നുപറയുന്നുണ്ട്.
സ്ഥാനമേറ്റ് നൂറുനാള്‍ തികയുംമുമ്പ് ഒരു സര്‍ക്കാറിനോട് ഇത്രയും കടുത്ത വാക്കുകള്‍ പറയേണ്ടിവന്നത് കക്ഷിരാഷ്ട്രീയപ്രേരണ കൊണ്ടോ വ്യക്തിവിരോധത്താലോ അല്ല. 1975-77 കാലത്തെ അടിയന്തരാവസ്ഥയിലൊഴികെ ദേശീയസര്‍ക്കാറുകള്‍ മാധ്യമങ്ങളോട് പുലര്‍ത്തിപ്പോന്ന നയങ്ങള്‍ ഏതാണ്ട് ഒരേ സ്വഭാവമുള്ളതായിരുന്നു എന്ന് കാണാം. ജനങ്ങളുമായുള്ള ആശയവിനിമയത്തിനുള്ള മാധ്യമം ആയി പത്രങ്ങളെ കാണാന്‍ എല്ലാ നേതൃത്വങ്ങളും സന്നദ്ധമായിരുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിക്കുക, സര്‍ക്കാര്‍ പ്രവര്‍ത്തനത്തെകുറിച്ച് അന്വേഷിക്കാനും വിലയിരുത്താനും വിമര്‍ശിക്കാനും മാധ്യമങ്ങള്‍ക്ക് അവസരവും സ്വാതന്ത്ര്യവും നല്‍കുക എന്നീ കാര്യങ്ങള്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ തികച്ചും സ്വാഭാവികംമാത്രമാണ്. മിക്ക ഗവണ്മെണ്ടുകളും അതിന് തയ്യാറായിട്ടുമുണ്ട്. ഇപ്പോള്‍ എന്താണ് ഇക്കാര്യത്തിലുണ്ടായ മാറ്റം?
മുന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
1. അംഗീകൃതമാധ്യമങ്ങളെ അകറ്റാനും അവഗണിക്കാനും മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി സംശയം ഉയര്‍ന്നിരിക്കുന്നു.
2. സര്‍ക്കാറിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ അംഗീകൃതമാധ്യമം വേണ്ട, സോഷ്യല്‍ മീഡിയ മതി എന്ന് അധികൃതര്‍ കരുതുന്നതായി മാധ്യമരംഗത്തുള്ളവര്‍ സംശയിക്കുന്നു.
3.വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കാതിരിക്കാനും ഉന്നതോദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൊടുക്കാതിരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി സൂചനകള്‍ ഉണ്ട്.
ഈ ആശങ്കകള്‍ക്ക് ആധാരമായി എന്തെങ്കിലും ഔദ്യോഗിക നടപടിയോ പ്രഖ്യാപനമോ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നത് ശരിതന്നെ. പക്ഷേ, ആശങ്കകള്‍ തീര്‍ത്തും അസ്ഥാനത്താണ് എന്ന നിഗമനത്തിലേക്ക് നയിക്കാന്‍ ഇത് പര്യാപ്തമല്ല. സര്‍ക്കാര്‍ നിലപാടുകള്‍ എല്ലാം തീരുമാനങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ളവ ആകണമെന്നില്ലല്ലോ. നരേന്ദ്രമോദിയെ കുറിച്ച് സ്വാഭാവികമായും ചില മുന്‍വിധികളുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സംശയത്തിന്റെ കണ്ണുകളിലൂടെ മാധ്യമങ്ങള്‍ കാണുന്നത്. ഗുജറാത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹം കേന്ദ്രത്തിലും സ്വീകരിക്കും എന്ന മുന്‍വിധി തീര്‍ത്തും അസ്വീകാര്യമാണ് എന്ന് പറഞ്ഞുകൂടാ.
സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ് എന്ന് പറയാന്‍ പറ്റില്ല. മാറിയ കാലത്തിന് അനുസരിച്ച് പുതിയ സാങ്കേതിക രൂപങ്ങള്‍ സ്വീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതുപോലുള്ള അവകാശവും സ്വാതന്ത്ര്യവും ഭരണാധികാരികള്‍ക്കുമുണ്ട്. സോഷ്യല്‍മീഡിയ സൗകര്യപ്രദമാണ്. അത് വണ്‍വെ ട്രാഫിക് ആയി ജനങ്ങളോട് അങ്ങോട്ട് പറയാനും ഇങ്ങോട്ട് ചോദ്യങ്ങളില്ല എന്ന് ഉറപ്പിക്കാനും കഴിയുന്ന മാധ്യമമാണ്. സൗകര്യപ്രദമായ ഈ സംവിധാനം മോദിയും ഉപയോഗിച്ചുകൊള്ളട്ടെ. നാം ചോദ്യം ചെയ്യേണ്ട. പക്ഷേ, പത്രങ്ങള്‍, ചാനലുകള്‍ തുടങ്ങിയ അങ്ങോട്ട് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമാണോ? ഭരണാധികാരികള്‍ മാധ്യമങ്ങളെ കാണണമെന്നോ ഇടക്കിടെ പത്രസമ്മേളനങ്ങള്‍ നടത്തണമെന്നോ ഭരണഘടനയോ നിയമങ്ങളോ അനുശാസിക്കുന്നില്ല. മാധ്യമങ്ങളുമായി സൗഹൃദം പുലര്‍ത്തുന്ന ആളാണോ ഭരണാധികാരി എന്ന് ജനങ്ങള്‍ പരിഗണിക്കാറുണ്ടെന്ന് തോന്നുന്നില്ല. ഭരണാധികാരി 'മീഡിയ ഫ്രണ്ട്‌ലി' ആണോ എന്നത് മാധ്യമങ്ങളുടെയും ഭരണാധികാരിയുടെയും പ്രശ്‌നമാണ്. ജനങ്ങളുടെ പ്രശ്‌നമല്ല. ജനാധിപത്യവിരുദ്ധ നടപടികളുടെ കാര്യത്തില്‍ ഏറെ ആരോപണവിധേയയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. അതേ സമയം ഏറ്റവും കൂടുതല്‍ തവണ മാധ്യമപ്രവര്‍ത്തകരെ കാണാനും സംസാരിക്കാനും അവസരം ഉണ്ടാക്കിയ ഏറ്റവും സൗഹൃദമുള്ള പ്രധാനമന്ത്രിയും അവരായിരുന്നു. ഏറ്റവും കുറച്ചുതവണ പത്രസമ്മേളനം നടത്തിയ, ഏറ്റവും കുറച്ച് അവരുമായി സംവദിച്ച പ്രധാനമന്ത്രി ഒരുപക്ഷേ ഡോ.മന്‍മോഹന്‍സിങ്ങ് ആയിരിക്കും. പക്ഷേ, അദ്ദേഹം മാധ്യമങ്ങള്‍ക്ക് ഒരു ദ്രോഹമെങ്കിലും ചെയ്തതായി ആര്‍ക്കും പറയാനൊക്കില്ല. മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നുനിന്നുകൊണ്ടുതന്നെ നരേന്ദ്രമോദിക്ക് തികഞ്ഞ ജനാധിപത്യവാദിയും ജനകീയനുമാകാന്‍ കഴിയും.
മുന്‍പ്രധാനമന്ത്രിമാരില്‍നിന്ന് വ്യത്യസ്തമായി നരേന്ദ്രമോദി വിദേശയാത്രകളില്‍ എഡിറ്റര്‍മാരെയും ലേഖകരെയും കൂടെ കൊണ്ടുപോവുകയുണ്ടായില്ല. ഇതും മോദിയെയും കുറെ മാധ്യമപ്രവര്‍ത്തകരെയും മാത്രം ബാധിക്കുന്ന കാര്യമാണ്. സര്‍ക്കാറിന്റെ ചെലവില്‍ മാധ്യമപ്രവര്‍ത്തകരെ പ്രധാനമന്ത്രി പോകുന്നേടത്തെല്ലാം കൊണ്ടുപോകണമെന്ന് വാദിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ സ്വന്തം ചെലവില്‍ റിപ്പോര്‍ട്ടര്‍മാരെ അയക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പല മാധ്യമങ്ങളും ചെയ്യാറുള്ളതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഒരിക്കലും പരിശോധിച്ചതായി തോന്നുന്നില്ല. മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥന്മാര്‍ റിപ്പോര്‍ട്ടറുടെ വേഷം കെട്ടി പ്രധാനമന്ത്രിയെ അനുഗമിച്ച എത്രയെത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് അനുവദിക്കരുത് എന്ന് പ്രസ് കൗണ്‍സില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയശേഷംപോലും ആ ദുഷിച്ച സമ്പ്രദായം അവസാനിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടര്‍മാര്‍ ഒരു വരിപോലും വാര്‍ത്തയായി എഴുതി അയക്കാറില്ല. വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ ആണ് ഇവരുടെ പേരില്‍ പിറ്റേന്ന് പത്രത്തില്‍ വരാറുള്ളത്. പലരും വെറും വിനോദയാത്രകളായാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താറുള്ളതും.
തീര്‍ത്തും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പല ഭരണകൂടങ്ങളും ഭരണത്തലവന്റെ വിദേശപര്യടനങ്ങളില്‍ പത്രപ്രവര്‍ത്തകരെ കൊണ്ടുപോകാറില്ല. ഈയിടെ യു.എസ് പ്രസിഡന്റ് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ ഒപ്പംവന്ന മാധ്യമലേഖകര്‍ക്ക് വേണ്ടി ഒരു ഡോളര്‍പോലും പൊതുഖജാനാവില്‍നിന്ന് അമേരിക്ക ചെലവഴിക്കുകയുണ്ടായില്ല എന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുകയുണ്ടായി. അഞ്ചുലക്ഷം രൂപയാണ് അവര്‍ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റിന് നല്‍കിയത്. അധികൃതര്‍ നടത്തിയ പത്രസമ്മേളനത്തിന് ഹാള്‍ വാടകക്കെടുത്തതിന്റെ ചെലവ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഈടാക്കിയെന്ന് ടെലഗ്രാഫ് മുന്‍ വാഷിങ്ങ്ടണ്‍ ലേഖകന്‍ കെ.പി.നായര്‍ എഴുതുകയുണ്ടായി. പര്യടനത്തിന് വാര്‍ത്താപ്രാധാന്യമുണ്ട് എന്ന് ബോധ്യമുള്ള മാധ്യമസ്ഥാപനങ്ങള്‍ അവരുടെ പ്രതിനിധികളെ അവരുടെ ചെലവില്‍ അയക്കുക എന്നതല്ലേ ശരി?
ഇതെല്ലാം പറയുമ്പോഴും, ഭരണത്തിന്റെ പ്രധാനതലങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തരെ അകറ്റാനും ഉദ്യോഗസ്ഥര്‍ അവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതു തടയാനും ഏത് ഭരണകൂടം ശ്രമിക്കുന്നതും ജനാധിപത്യവിരുദ്ധമാണ് എന്ന കാര്യത്തില്‍ സംശയംവേണ്ട. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നീണ്ട കാലയളവില്‍ നരേന്ദ്രമോദി ഇത്തരം പല നടപടികളും സ്വീകരിച്ചതായി ആക്ഷേപമുയര്‍ന്നതാണ്. അതാണ് ഇപ്പോഴത്തെ മുന്‍വിധികള്‍ക്കെല്ലാം ആധാരമായ കാര്യം എന്ന് പറയാതെവയ്യ. എഡിറ്റേഴ്‌സ് ഗില്‍ഡ് പോലുള്ള സംഘടനകളും മാധ്യമങ്ങള്‍ പൊതുവിലും സംശയങ്ങളുടെയും മുന്‍വിധികളുടെയും അടിസ്ഥാനത്തിലാവരുത് ഒരു ഭരണാധികാരിയെ വിലയിരുത്തേണ്ടത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യമായിത്തന്നെ പ്രധാനമന്ത്രിയുടെ മാധ്യമസമീപനങ്ങളെ വിലയിരുത്തണം. ഔദാര്യങ്ങള്‍ക്കുവേണ്ടി ആരും കൈനീട്ടി നില്‍ക്കേണ്ടതില്ല. മാധ്യമങ്ങളും ജനങ്ങളുടെ പ്രതിനിധികളായിത്തന്നെയാണ് സര്‍ക്കാറിന്റെ വിവരങ്ങള്‍ തേടുന്നത്. അത് തടയാന്‍ എന്തിന്റെ പേരിലായാലും ഭരണാധികാരികളെ അനുവദിച്ചുകൂടാ. വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിന്ന് നേടിയെടുക്കേണ്ടത് ഇതുമാത്രമാണെന്ന് അറിയേണ്ടതുണ്ട്.

Issue: 

November, 2014