എ.ജെ.ഇ, എ.ഇ.ജെ.എം.സി, ജെ.ഇ.എ, മീഡിയ ഡവലപ്‌മെന്റ്

എ.ജെ.ഇ
പത്രപ്രവര്‍ത്തന വിദ്യാഭ്യാസത്തിനു മുന്‍തൂക്കം നല്‍കാന്‍ ബ്രിട്ടനില്‍ തയ്യാറാക്കിയ വെബ്‌സൈറ്റ് ആണ്  www.jeuk.org. ബ്രിട്ടനിലും അയര്‍ലന്‍ഡിലും പത്രപ്രവര്‍ത്തന വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ജേണലിസം എജ്യുക്കേഷന്റെ വെബ്‌സൈറ്റ് ആണ് ഇത്. ജേണലിസം വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഉന്നത നിലവാരം പാലിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. ബ്രിട്ടനെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതിലെ പല ഉള്ളടക്കവും പ്രയോജനപ്രദമാണ്. റിസോഴ്‌സസ് വിഭാഗമാണ് ഏറെ ശ്രദ്ധേയം. പത്രപ്രവര്‍ത്തന രംഗം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന പഠനങ്ങള്‍, പുസ്തകങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവസംബന്ധിച്ച വിവരങ്ങള്‍ സൈറ്റിലുണ്ട്. ഇതിലെ സെക്കന്‍ഡറി സോഴ്‌സസ് എന്ന ഉപവിഭാഗവും ധാരാളം വിവരങ്ങള്‍ ഉള്‍കൊള്ളുന്നതാണ്. അപ്‌ഡേറ്റ്‌സ് എന്ന വിഭാഗത്തില്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച പുതിയ വിവരങ്ങള്‍ കണ്ടെത്താം. ഡിജിറ്റല്‍ പത്രപ്രവര്‍ത്തനത്തിനു സഹായിക്കുന്ന പല വിവരങ്ങളും ഇതിലാണ് കാണാനാവുന്നത്.

എ.ഇ.ജെ.എം.സി
പത്രപ്രവര്‍ത്തക വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സംഘടനയായ അസോസിയേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ ഇന്‍ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്റെ വെബ്‌സൈറ്റ് ആണ് aejmc.org. 1912 മുതല്‍ ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഈ സൈറ്റിലും റിസോഴ്‌സസ് വിഭാഗമാണ് ഏറെ പ്രയോജനപ്രദം. ഇതിലെ ടീച്ചിംഗ് റിസോഴ്‌സസ് എന്ന ഉപവിഭാഗത്തില്‍ അധ്യാപനത്തിനു സഹായിക്കുന്ന വിവിധ നിര്‍ദേശങ്ങള്‍ അടങ്ങിയ ഇ-ബുക്കുകള്‍ ലഭ്യമാണ്. റിസര്‍ച്ച് റിസോഴ്‌സസ് എന്ന ഉപവിഭാഗം ഗവേഷണത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ടീച്ചിംഗ് ടൂള്‍സ് ഉപവിഭാഗമാകട്ടെ വിവിധ മേഖലകളിലെ വിഭാഗങ്ങള്‍ പഠിപ്പിക്കാന്‍ സഹായിക്കുന്ന വെബ്‌സൈറ്റുകളിലേക്കാണ് നമ്മെ നയിക്കുന്നത്. റിപ്പോര്‍ട്‌സ് എന്ന ഉപവിഭാഗമാണ് ശ്രദ്ധേയമായ മറ്റൊന്ന്. പത്രപ്രവര്‍ത്തനം സംബന്ധിച്ച വിവിധ പഠന റിപ്പോര്‍ട്ടുകളുടെ പി.ഡി.എഫ് കോപ്പികള്‍ ഇവിടെ കിട്ടും. ലിങ്ക്‌സ് വിഭാഗത്തില്‍ നിന്നാകട്ടെ പത്രപ്രവര്‍ത്തകര്‍ക്ക് സഹായകമായ നൂറുകണക്കിനു വെബ്‌സൈറ്റുകളിലേക്കുള്ള വഴികാട്ടികളുണ്ട്. അക്ഷരമാലാ ക്രമത്തില്‍ അടുക്കിയിരിക്കുന്ന ഈ ലിങ്കുകള്‍ ലാഭേച്ഛയില്ലാത്ത വെബ്‌സൈറ്റുകളിലേക്കാണ്. പത്രപ്രവര്‍ത്തനം സംബന്ധിച്ച ചില പ്രധാന പുസ്തകങ്ങളുടേ പി.ഡി.എഫ്. രൂപങ്ങളും സൈറ്റില്‍ ഉണ്ട്.

ജെ.ഇ.എ
അമേരിക്കയിലെ കന്‍സാസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജേണലിസം എജ്യുക്കേഷന്‍ അസോസിയേഷന്റെ വെബ്‌സൈറ്റ് ആണ്  jea.org.. 1924 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടന പ്രധാനമായും പത്രപ്രവര്‍ത്തന വിദ്യാഭ്യാസത്തിലാണ് ശ്രദ്ധവയ്ക്കുന്നത്. ജേണലിസം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ സംഘടന അച്ചടിച്ചും ഓണ്‍ലൈനിലും പുറത്തിറക്കുന്നു. വളരെ ഗൗരവതരമായ പത്രപ്രവര്‍ത്തന ഗവേഷണങ്ങളാണ് സംഘടനയുടെ പ്രത്യേകത. ഫോര്‍ എജ്യുക്കേറ്റേഴ്‌സ് എന്ന  വിഭാഗത്തില്‍ നിന്ന് ഈ സൈറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ കണ്ടെത്താം.അധ്യാപകര്‍ക്ക് എന്നും ആശ്രയിക്കാവുന്ന സൈറ്റ് ആണിത്. ഇതില്‍ തന്നെയുള്ള ഡിജിറ്റല്‍ മീഡിയ എന്ന ഉപവിഭാഗം ശ്രദ്ധേയ വിവരങ്ങള്‍ ലഭ്യമാക്കുന്നു.

മീഡിയ ഡവലപ്‌മെന്റ്
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനെസ്‌കോ മാധ്യമ മേഖലയ്ക്കായി തയാറാക്കിയിരിക്കുന്ന വെബ്‌സൈറ്റ് ആണ് http://en.unesco.org/themes/media-development. ഇതിലെ തീംസ് എന്ന വിഭാഗത്തില്‍ നിന്ന് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്ന ഉപ വിഭാഗത്തിലെത്തിയാല്‍ മാധ്യമരംഗം സംബന്ധിച്ച ധാരാളം വിവരങ്ങള്‍ കണ്ടെത്താം. പഠന റിപ്പോര്‍ട്ടുകള്‍, ഓണ്‍ലൈന്‍ പുസ്തകങ്ങള്‍, മോഡല്‍ കരിക്കുലം, വികസ്വര രാജ്യങ്ങളിലെ മാധ്യമ വിദ്യാഭ്യാസ രംഗത്തിന്റെ ഗതി എന്നിവ ഇതില്‍ നിന്നു കണ്ടെത്താം. പത്രപ്രവര്‍ത്തന പഠനം സംബന്ധിച്ച് യുനെസ്‌കോ പുസ്തകങ്ങളുടെ പരമ്പര തന്നെ ഇറക്കിയിട്ടുണ്ട്. അവയും ഇവിടെ കാണാം. ഇതിലെ ഡോക്യുമെന്റ്‌സ് വിഭാഗവും വിവരങ്ങളാല്‍ സമൃദ്ധമാണ്.