മാധ്യമങ്ങളും ചരിത്രവും തമ്മിലുള്ള ബന്ധം കൗതുകകരങ്ങളായ ഒട്ടേറെ തലങ്ങളിലേക്കു വളര്ന്നുപടരുന്ന കാലമാണ് നമ്മുടേത്. അച്ചടിയാണ് വലിയൊരളവോളം ജ്ഞാനോദയം, നവീകരണം, ആധുനികത തുടങ്ങിയവയുടെയൊക്കെ ചരിത്രപശ്ചാത്തലമൊരുക്കിയത് എന്നുപറയാറുണ്ട്. ശ്രാവ്യ, ദൃശ്യ, നവമാധ്യമങ്ങളോരോന്നും നിരന്തരമെന്നോണം ചരിത്രത്തിന്റെ സ്രോതസ്സും മാധ്യമംതന്നെയുമായി കരുതപ്പെട്ടുപോരുന്നു. വസ്തുതയാകട്ടെ, ഭാവനയാകട്ടെ ചരിത്രവിജ്ഞാനീയത്തിന്റെ മാറിയധാരണകളനുസരിച്ച് ഒരു ആഖ്യാനവും ചരിത്രത്തിനു വെളിയിലല്ല. എന്നുമാത്രമല്ല പലപ്പോഴും ചരിത്രത്തിന്റെ ആധാരങ്ങളിലൊന്നുതന്നെയുമാണ്.