ആദ്യമായല്ല ഈ ലേഖകന്‍ ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഓണ്‍ലൈനില്‍ നോക്കുന്നത്. എന്നിട്ടും, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉള്ളിലൊരു വിറയല്‍ ബാധിച്ചു. ചരിത്രത്തിന്റെ ഭാരം മനസിലേക്ക് ചാര്‍ത്തപ്പെട്ടതുപോലെ. മലയാളിയായ ഒരാള്‍ക്ക്, മലയാളത്തിലെഴുതി ജീവിക്കുന്ന ഒരാള്‍ക്ക്, മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തെ അത്ര നിര്‍വികാരമായി സമീപിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. പ്രമുഖ വിക്കിപീഡിയ പ്രവര്‍ത്തകനായ ഷിജു അലക്സ്, ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ലിങ്കിലൂടെ 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥത്തിന്റെ ഡിജിറ്റല്‍ പതിപ്പ് മുന്നിലെത്തുമ്പോള്‍, പുതുതായി പിറന്ന ഒരു കുഞ്ഞിനെ നോക്കുന്ന അനുഭവമായിരുന്നു.